Asianet News MalayalamAsianet News Malayalam

'ജോര്‍ജൂട്ടിയുടെ രഹസ്യം മനസിലാക്കിയ സഹദേവന്‍'; വൈറല്‍ കുറിപ്പില്‍ അഭിനന്ദനവുമായി കലാഭവന്‍ ഷാജോണ്‍

'സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോള്‍ മനസ്സില്‍. ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമം. ഫിക്ഷന്‍. സഹദേവന്‍ എന്ന ക്യാരക്റ്ററാണ് ദൃശ്യത്തില്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്', ശ്യാം വര്‍ക്കല പറയുന്നു.

kalabhavan shajohn on drishyam viral post
Author
thiruvananthapuram, First Published Nov 6, 2019, 2:00 PM IST

ജീത്തുജോസഫ് ചിത്രം 'ദൃശ്യ'ത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ 20 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടുന്ന ഒരു സാങ്കല്‍പിക സാഹചര്യം വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. ശ്യാം വര്‍ക്കല എഴുതിയ പോസ്റ്റില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജൂട്ടിയെയും മീന അവതരിപ്പിച്ച റാണിയെയും തേടി പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സഹദേവന്‍ (കലാഭവന്‍ ഷാജോണ്‍) 20 വര്‍ഷത്തിന് ശേഷം എത്തുന്നതായിരുന്നു സാഹചര്യം. സിനിമാ പാരഡീസോ, മൂവി സ്ട്രീറ്റ് തുടങ്ങിയ ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളില്‍ ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തയായി. കുറിപ്പ് വായിച്ച കലാഭവന്‍ ഷാജോണിന്റെ അഭിനന്ദനം തന്നെ തേടിയെത്തിയെന്ന് കുറിപ്പ് എഴുതിയ ശ്യാം വര്‍ക്കല പറയുന്നു. എഴുതിയതിന് ഇത്രയും റീച്ച് കിട്ടുമെന്ന് കരുതിയില്ലെന്നും.

ശ്യാം വര്‍ക്കലയുടെ കുറിപ്പ്

സാക്ഷാല്‍ സഹദേവന്‍ പൊലീസിന്റെ ശബ്ദം എന്നെ തേടിയെത്തി. അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു കൊണ്ട്. ഒരുപാട് പേര്‍ അദ്ദേഹത്തിന് എന്റെ കഥ ഷെയര്‍ ചെയ്തുവെന്ന് പറഞ്ഞു. മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു.

സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോള്‍ മനസ്സില്‍. ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമം. ഫിക്ഷന്‍. സഹദേവന്‍ എന്ന ക്യാരക്റ്ററാണ് ദൃശ്യത്തില്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. പക്ഷേ ആ സത്യത്തിനെ അവസാനം നാട്ടുകാര്‍ തല്ലാന്‍ ഓടിക്കുന്നതാണ് കാണുന്നത്. സഹദേവന് നീതി കിട്ടണം എന്ന് മാത്രമേ കഥ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ദൃശ്യത്തിലെ ചില പ്രധാന ഭാഗങ്ങള്‍ ഞാന്‍ വിട്ടു കളഞ്ഞു. പിന്നെ ശ്രദ്ധക്കുറവില്‍ ചില അപാകതകളും പറ്റി.

ഇത്രയൊക്കെ റീച്ച് കിട്ടുമെന്ന് ഞാനറിഞ്ഞില്ല. ദൃശ്യം എന്ന മൂവി ജിത്തു ജോസഫ് സാറിന്റെ തലച്ചോറാണ്. അതിനും മുകളില്‍ ഒന്നും നില്‍ക്കില്ല. ഞാനെഴുതിയത് അദ്ദേഹം വായിച്ചിട്ടുണ്ടാകും. ദേഷ്യം തോന്നിയിട്ടുണ്ടാകുമോ എന്നറിയില്ല. എഴുതി നാശമാക്കിയെന്ന് വിചാരിച്ചോ ആവോ. നല്ല ആകാംക്ഷയുണ്ട് അദ്ദേഹത്തിന്റെ മനസ്സറിയാന്‍.

എന്തായാലും ഈ കഥയൊരു മഹോത്സവമാക്കി മാറ്റി, തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി, പ്രോത്സാഹിപ്പിക്കാന്‍ മനസ്സ് കാട്ടിയ എന്നെ അറിയുന്നതും അറിയാത്തതുമായ എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി.

Follow Us:
Download App:
  • android
  • ios