'ദുല്‍ഖര്‍ കേള്‍ക്കണ്ട'; ആദ്യ ഫേസ്ബുക്ക് ലൈവില്‍ തമാശ പൊട്ടിച്ച് മമ്മൂട്ടി
ഗാനഗന്ധര്‍വ്വനെക്കുറിച്ച് സംസാരിക്കാന്‍ രമേശ് പിഷാരടിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തിയതായിരുന്നു മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ആദ്യ ഫേസ്ബുക്ക് ലൈവ് ആയിരുന്നു ഇത്.
ഗാനഗന്ധര്‍വ്വന്റെ പ്രചരണാര്‍ഥം നടത്തിയ ഫേസ്ബുക്ക് ലൈവില്‍ തമാശ പറഞ്ഞ് മമ്മൂട്ടി. ചിത്രത്തിന്റെ സംവിധായകന്‍ രമേശ് പിഷാരടിക്കൊപ്പം നടത്തിയ ലൈവില്‍ ഒരു ആരാധകന്റെ ലൈവ് കമന്റ് ഇപ്രകാരമായിരുന്നു. 'മമ്മൂക്കയെ കണ്ടിട്ട് ദുല്‍ഖറിന്റെ അനിയനെപ്പോലെ തോന്നുന്നു'. ഈ കമന്റ് കണ്ട രമേശ് പിഷാരടി അത് ഉറക്കെ വായിക്കുന്നു, തുടര്‍ന്ന് ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ മറുപടി, 'ദുല്‍ഖര്‍ കേള്‍ക്കണ്ട'. ആദ്യമായാണ് മമ്മൂട്ടി ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി നേരിട്ട് സംവദിക്കുന്നത്.
ഗാനമേളയില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഇത്തരത്തിലൊരു കഥാപാത്രത്തെ താന്‍ ആദ്യമായാണ് അവതരിപ്പിക്കുന്നതെന്നും 'ഉണ്ട'യ്ക്ക് ശേഷം സിങ്ക് സൗണ്ട് സംവിധാനം ഉപയോഗപ്പെടുത്തിയ ചിത്രമാണിതെന്നും മമ്മൂട്ടി പറഞ്ഞു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഷൈലോക്കി'ന്റെ കോയമ്പത്തൂരിലെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.
കഴിഞ്ഞ ദിവസം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. 2 മണിക്കൂര്‍ 20 മിനിറ്റാണ് ഫൈനല്‍ കോപ്പിയുടെ ദൈര്‍ഘ്യം. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍. ഈ വെള്ളിയാഴ്ച (27) തീയേറ്ററുകളിലെത്തും. ജയറാമിനെ നായകനാക്കി ഒരുക്കിയ 'പഞ്ചവര്‍ണ്ണതത്ത'യിലൂടെയാണ് രമേശ് പിഷാരടി സിനിമാ സംവിധാന രംഗത്തേക്ക് വരുന്നത്. ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു.