Asianet News MalayalamAsianet News Malayalam

വീണ്ടുമൊരു ദുര്‍ഗാഷ്ടമി ദിനം, 'നകുലനൊപ്പം ഗംഗ'യുടെ സെല്‍ഫി

മണിച്ചിത്രത്താഴിലെ 'നകുലനും' 'ഗംഗ'യും മലയാളി സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണ്. ഒരിടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.
 

shobanas selfie with suresh gopi from new movie location
Author
Thiruvananthapuram, First Published Oct 6, 2019, 4:34 PM IST

നാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ആദ്യദിനത്തിലെ അദ്ദേഹത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതേ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ചിത്രവും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. 

അനൂപ് സത്യന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സെല്‍ഫിയാണ് ഫേസ്ബുക്കില്‍ വൈറലാവുന്നത്. സെല്‍ഫി ക്ലിക്ക് ചെയ്തിരിക്കുന്നത് ശോഭനയാണ്! ഒപ്പം ഫ്രെയ്മിലുള്ളത് സുരേഷ് ഗോപിയും. സുരേഷ് ഗോപി തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. 'നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍' എന്നാണ് അദ്ദേഹം ചിത്രത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ ഇരുവരും ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രങ്ങളാണ് നകുലനും ഗംഗയും. ഇരുവരും പുതിയ ലൊക്കേഷനില്‍ ഒരുമിച്ചെത്തിയ ദിവസം യഥാര്‍ഥത്തില്‍ ദുര്‍ഗാഷ്ടമി ദിവസവുമായി. 

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാം സിനിമയാണ് ഇത്. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios