Asianet News MalayalamAsianet News Malayalam

കോലി ഇന്നലെ പിന്നിട്ട 10 റെക്കോഡുകള്‍

10 Virat records held by Kohli
Author
First Published Feb 8, 2018, 2:50 PM IST

കേപ്ടൗണ്‍: ക്യാപ്റ്റന്‍ വിരാട് കോലി നേടിയ 160 റണ്‍സിന്റെ കരുത്തിലായിരുന്നു ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തത്. രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനുമൊത്ത് 140 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ നായകന്‍ കുറിച്ചത്. എന്നാല്‍ വെറും ഒരു സെഞ്ച്വറിയല്ല കോലി നേടിയത് പത്തോളം റെക്കോഡുകളാണ് കോലി തകര്‍ത്തത് അവ ഏതെല്ലാം എന്ന് നോക്കാം.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ സന്ദര്‍ശക നായകനാണ് വിരാട്. ഒരു പരമ്പരയില്‍ അതിഥേയ ടീമിനെതിരെ ഒന്നിലധികം സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ താരവുമായി വിരാട്. നേരത്തെ കെവിന്‍ പീറ്റേഴ്‌സണും ഡേവിഡ് വാര്‍ണറും ജോ റൂട്ടുമാണ് ഈ നേട്ടം കൈവരിച്ചവര്‍.

മൂന്ന് തവണ 150ല്‍ കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം. അഞ്ച് വട്ടം 150 കടന്ന സച്ചിനും രോഹിത് ശര്‍മ്മയുമാണ് വിരാടിന് മുന്നിലുള്ളത്.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏകദിന പരമ്പരയില്‍ ആറ് തവണ മുന്നൂറിലധികം സ്‌കോര്‍ ചെയ്ത താരം. ഈ നേട്ടം ആറ് തവണ ആവര്‍ത്തിച്ച മറ്റൊരു താരമില്ല. തൊട്ടു പിന്നിലുള്ളവര്‍ ഒരു ബൈലാറ്ററല്‍ പരമ്പരയില്‍ മുന്നൂറിലധികം സ്‌കോര്‍ ചെയ്തത് നാല് തവണയാണ്.

നായകനെന്ന നിലയില്‍ 12 സെഞ്ച്വറികള്‍. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ച്വറികളാണിത്. 11 സെഞ്ച്വറി നേടിയ  ഗാംഗുലിയെ പിന്നിട്ടു. 22 സെഞ്ച്വറി നേടിയ പോണ്ടിംഗും 13 സെഞ്ച്വറി നേടിയ ഡിവില്യേഴ്‌സുമാണ് മുന്നിലുള്ളത്.

ബൗണ്ടറികളില്‍ നിന്നല്ലാതെ 100 റണ്‍സ്. ഒരു ഏകദിനത്തില്‍ നിന്നു മാത്രമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം. തൊട്ട് പിന്നിലുള്ളത് 98 റണ്‍സെടുത്ത ഗാംഗുലിയാണ്.

ഇന്നലത്തെ ഇന്നിംഗ്‌സില്‍ വിരാട് നേരിട്ടത് 159 പന്തുകള്‍. ഒരു ഏകദിനത്തില്‍ വിരാട് നേരിട്ട ഏറ്റവും കൂടുതല്‍ പന്തുകള്‍. ക്യാപ്റ്റനെന്ന നിലയിലും റെക്കോര്‍ഡ്. 208 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മ്മ നേരിട്ടത് 153 പന്തുകളായിരുന്നു. കോഹ്‌ലിയുടെ തന്നെ മുന്‍ റെക്കോര്‍ഡ് പാകിസ്ഥാനെതിരായ 2012 ഏഷ്യാ കപ്പില്‍ നേരിട്ട 148 പന്തുകളാണ്. അന്ന് വിരാട് 183 റണ്‍സെടുത്തിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് 160. സച്ചിന്റെ 152 റണ്‍സിന്റെ റെക്കോര്‍ഡാണ് വിരാട് പിന്നിട്ടത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. 200 അടിച്ച സച്ചിനാണ് ഒന്നാമത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. 2006 ല്‍ റിക്കി പോണ്ടിംഗ് 164 റണ്‍സ് നേടിയിരുന്നു.

ഈ പരമ്പരയില്‍ വിരാട് കോഹ്‌ലി അടിച്ചു കൂട്ടിയത് 318 റണ്‍സാണ്. പിന്നിലാക്കിയത് 2000 ല്‍ സൗരവ്വ് ഗാംഗുലി നേടിയ 285 റണ്‍സാണ്.
 

Follow Us:
Download App:
  • android
  • ios