Asianet News MalayalamAsianet News Malayalam

ഐസിസി റാങ്കിംഗ്: കോലിക്ക് ഭീഷണിയായി കുക്ക്

Alastair Cook achieves best Test ranking in 3 years
Author
First Published Aug 20, 2017, 9:36 PM IST

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇംഗ്ലീഷ് അലിസ്റ്റര്‍ കുക്കിന് വന്‍മുന്നേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ ഡബിള്‍ സെഞ്ചുറിയോടെ ആദ്യ പത്തില്‍ തിരിച്ചെത്തിയ കുക്ക് 798 റേറ്റിംഗ് പോയന്റുമായി ആറാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ എട്ട് റേറ്റിംഗ് പോയന്റ് മാത്രം പുറകിലാണ് കുക്ക് ഇപ്പോള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുക്കിന്റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഇന്ത്യക്ക് അടുത്തൊന്നും ടെസ്റ്റ് പരമ്പര ഇല്ലാത്തതിനാല്‍ വൈകാതെ കുക്ക് കോലിയെ മറികടക്കാന്‍ സാധ്യതയുണ്ട്.

876 റേറ്റിംഗ് പോയന്റുള്ള ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്താണ്. ആദ്യ പത്തില്‍ കോലിക്കും പൂജാരയ്ക്കും പുറമെ കെഎല്‍ രാഹുലും അജിങ്ക്യാ രഹാനെയും ഇടം നേടി. രാഹുല്‍ ഒമ്പതാമതും രഹാനെ പത്താമതുമാണ്. ഇതോടെ ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് നാലുപേരായി. 941 റേറ്റിംഗ് പോയന്റുമായി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറി നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് 905 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. 880 പോയന്റുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണാണ് മൂന്നാമത്.  

ബൗളര്‍മാരുടെ റാങ്കിംഗില്‍ ലങ്കയ്ക്കെതിരായ അവസാന ടെസ്റ്റ് കളിച്ചില്ലെങ്കിലും 884 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ തന്നെയാണ് ഒന്നാമത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ 875 പോയന്റുമായി തൊട്ടുപുറകിലുണ്ട്. 852 റേറ്റിംഗ് പോയന്റുള്ള അശ്വിന്‍ മൂന്നാമതാണ്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല.

അതേസമയം, ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ ജഡേജ രണ്ടാമതും അശ്വിന്‍ മൂന്നാമതുമാണ്. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയാണ് നാലാം സ്ഥാനത്ത്. ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. 125 റേറ്റിംഗ് പോയന്റുള്ള ഇന്ത്യക്ക് ഏറെ പുറകിലാണ് 110 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക. നിലവില്‍ നാലാം റാങ്കിലുള്ള ഓസീസിന് അത് നിലനിര്‍ത്തണമെങ്കില്‍ വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പര ജയിക്കണം.

Follow Us:
Download App:
  • android
  • ios