Asianet News MalayalamAsianet News Malayalam

കണ്ടുകൊതിതീരാത്ത കളിച്ചന്തം-ഇനിയേസ്റ്റ

തന്റെ കാല്‍വേഗവും കളിയറിവും കൃത്യമായി അറിയാവുന്ന മെസിക്ക് ഗോളിലേക്കുള്ള വഴിയൊരുക്കി. ബാഴ്സയുടെ അലമാരകള്‍ കിരീടങ്ങള്‍കൊണ്ട് നിറച്ചു. ആരെയും നോവിക്കാതെ, ആരെയും വേദനിപ്പിക്കാതെ, ഒടുവില്‍ ഒരു ഇലപൊഴിയുംപോലെ അനായാസമായി ഇനിയേസ്റ്റ ബാഴ്സയുടെ പടിയിറങ്ങുന്നു.

Andres Iniesta The Barcelona legend

പെപ് ഗ്വാര്‍ഡിയോള ബാഴ്സ ക്യാപ്റ്റനായിരുന്ന കാലത്ത് ബാഴ്സലോണയുടെ ബി ടീമിനായി കളിക്കുകയിരുന്നു ഇനിയേസ്റ്റ. ഒരിക്കല്‍ ഇനിയേസ്റ്റയുടെ കളി കണ്ട ഗ്വാര്‍ഡിയോള ബാഴ്സയുടെ ബി ടീമില്‍ നിന്ന് സീനിയര്‍ ടീമില്‍ അടുത്തിടെ അവസരം ലഭിച്ച ചാവിയോട് പറഞ്ഞു. 'നീ കാരണം ഞാന്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കേണ്ടിവരുമെന്നാണ് ഇതുവരെ കരുതിയത്. പക്ഷെ ഈ പതിനാറുകാരന്‍ കളി തുടങ്ങിയാല്‍ ഞാന്‍ മാത്രമല്ല നമ്മളെല്ലാം കളി നിര്‍ത്തേണ്ടിവരും'. ഇനിയേസ്റ്റ എന്ന കളിക്കാരനെക്കുറിച്ച് ഇതിലും ലളിതമായി വിവരിക്കാനാവില്ല.

പക്ഷെ, ഗ്വാര്‍ഡിയോള പറഞ്ഞപോലെ ഇനിയേസ്റ്റ വന്നപ്പോള്‍ ആരും വിരമിക്കേണ്ടിവന്നില്ല. അല്ലെങ്കിലും ആരെയും നോവിക്കുക എന്നത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ പോലും ഇനിയേസ്റ്റയുടെ ചിന്തയിലില്ലാത്ത കാര്യമാണ്. പകരം, ഗ്രൗണ്ടില്‍ തനിക്ക് കിട്ടിയ ഇടങ്ങള്‍ കാലുകൊണ്ട് അയാള്‍ അളന്നെടുത്തു. ചാവിക്കൊപ്പം ബാഴ്സ മധ്യനിരയെ അടക്കി ഭരിച്ചു. കാലില്‍ നിന്ന് പന്തു റാഞ്ചാനായി മുന്നിലെത്തുന്നവരെ പ്രതിഭാ സ്പര്‍ശമുള്ള പാസുകള്‍കൊണ്ട് ഇളിഭ്യരാക്കി. തന്റെ കാല്‍വേഗവും കളിയറിവും കൃത്യമായി അറിയാവുന്ന മെസിക്ക് ഗോളിലേക്കുള്ള വഴിയൊരുക്കി. ബാഴ്സയുടെ അലമാരകള്‍ കിരീടങ്ങള്‍കൊണ്ട് നിറച്ചു. ആരെയും നോവിക്കാതെ, ആരെയും വേദനിപ്പിക്കാതെ, ഒടുവില്‍ ഒരു ഇലപൊഴിയുംപോലെ അനായാസമായി ഇനിയേസ്റ്റ ബാഴ്സയുടെ പടിയിറങ്ങുന്നു. പകരക്കാരനാവുമെന്ന് കരുതിയവരുടെയെല്ലാം കണക്കുതെറ്റിച്ച് പകരം വെക്കാനാവാത്ത പ്രതിഭയുടെ പടിയിറക്കം.

Andres Iniesta The Barcelona legendഗ്രൗണ്ടിലും പുറത്തും രണ്ടായിരുന്നില്ല ഇനിയേസ്റ്റ. റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ ആരും കൊതിക്കുന്ന കൂട്ടുകാരനും ഏതമ്മയും മകളുടെ കൂട്ടുകാരനായി വന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുമായിരുന്നു അയാള്‍. ഇങ്ങനെയൊക്കെ ആയിരുന്നപ്പോഴും ഒരിക്കലും മാധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായിരുന്നില്ല അയാള്‍. അതിന് ഗ്വാര്‍ഡിയോള തന്നെ പറഞ്ഞൊരു കാരണമുണ്ടായിരുന്നു. അയാള്‍ ഒരിക്കലും മുടി കറുപ്പിക്കാറില്ല. ചെവിയില്‍ കടുക്കനോ ദേഹത്ത് ടാറ്റൂവോ പതിപ്പിക്കാറില്ല.ഇതൊക്കെയാവാം മാധ്യമങ്ങള്‍ക്ക് അയാളെ അനാകര്‍ഷകനാക്കിയത്. പക്ഷെ അപ്പോഴും അയാള്‍ തന്നെയാണ് ഏറ്റവും മികച്ചവന്‍.

ഒരു ചരടില്‍ കോര്‍ത്തപോലെ ബാഴ്സലോണ ടീം എതിര്‍പ്രതിരോധം ഭേദിച്ച് മുന്നേറുന്നത് ഫുട്ബോള്‍ ഗ്രൗണ്ടിലെ ഏറ്റവും മനോഹര കാഴ്ചയാണെങ്കില്‍ ആ ചരടിന്റെ അറ്റം ഇനിയേസ്റ്റയുടെ കാലുകളില്‍ ഭദ്രമായിരുന്നു. വര്‍ഷങ്ങളോളം.

പന്ത്രണ്ടാം വയസില്‍ ബാഴ്സയുടെ ലാ മാസിയ യൂത്ത് അക്കാദമിയില്‍ ചേര്‍ന്ന ഇനിയേസ്റ്റ പിന്നീടൊരിക്കലും ബാഴ്സ വിട്ടുപോയില്ല. 1999ലെ നൈക്ക് പ്രീമിയര്‍ ലീഗില്‍ ബാഴ്സയുടെ അണ്ടര്‍ 15 ടീമിനെ ചാമ്പ്യന്‍മാരാക്കിയപ്പോഴായിരുന്നു സ്പാനിഷ് ഫുട്ബോള്‍ ആദ്യമായി ഇനിയേസ്റ്റ എന്ന പേര് കേള്‍ക്കുന്നത്.

2001-2003ല്‍ ബാഴ്സലോണയുടെ ബി ടീമില്‍ കളിച്ച് പ്രഫഷണല്‍ ഫുട്ബോളിലേക്ക് കാലെടുത്തുവെച്ച ഇനിയേസ്റ്റ അധികം വൈകാതെ ബാഴ്സ സീനിയര്‍ ടീമിലെത്തി. ആദ്യമൊക്കെ പകരക്കാരനായിട്ടായിരുന്നു ഇനിയേസ്റ്റ ബാഴ്സക്കായി ഇറങ്ങിയിരുന്നത്. എന്നാല്‍ 2005-2006 സീസണില്‍ ചാവിക്ക് പരിക്കേറ്റപ്പോള്‍ ഇനിയേസ്റ്റ ബാഴ്സ ടീമിലെത്തി. പിന്നീട് മധ്യനിരയില്‍ ചാവിക്കൊപ്പം ഇനിയേസ്റ്റ ബാഴ്സയുടെയും സ്പെയിനിന്റെയും ഹൃദയമിടിപ്പായത് ചരിത്രം. പെപ് ഗ്വാര്‍ഡിയോള ടിക്കി-ടാക്ക അവതരപ്പിച്ചപ്പോള്‍ അത് അണുവിടതെറ്റാടെ ഗ്രൗണ്ടില്‍ നടപ്പാക്കിയത് ചാവിയുടെയും ഇനിയേസ്റ്റയുടെയും കാല്‍ പൊരുത്തം കൊണ്ട് കൂടിയായിരുന്നു. കണ്ണുകെട്ടി വിട്ടാലും പരസ്പരം പാസ് കൈമാറാന്‍ കഴിയുന്നവരെന്നുവര്‍ എന്നുവരെ അന്ന് ഫുട്ബോള്‍ ലോകം അവരെ വിളിച്ചതിന് പിന്നിലും ഈ പൊരുത്തമുണ്ടായിരുന്നു. കാരണം ചാവി മനസില്‍ ചിന്തിക്കുന്നത് ഇനിയേസ്റ്റ ഗ്രൗണ്ടില്‍ നടപ്പാക്കും.

അര്‍ജന്റീനയ്ക്കായി കളിക്കുമ്പോള്‍ എന്തുകൊണ്ട് മെസി നിറം മങ്ങുന്നുവെന്ന് ആരാധകര്‍ പലപ്പോഴും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്ന ഇനിയേസ്റ്റ. കാരണം അര്‍ജന്റീനക്ക് ഒരു ഇനിയേസ്റ്റ ഇല്ലല്ലോ.

ചാവിയും ഇനിയേസ്റ്റയും മെസിയും ചേര്‍ന്നൊരുക്കിയ സിംഫണിയായിരുന്നു ബാഴ്സയെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നാക്കിയത്. ഗോളടിക്കുന്നവരെ എല്ലാവരും ഓര്‍ക്കുമ്പോഴും അത് അടിപ്പിക്കുന്നവരെ അധികമാരും കാണാറില്ല. ഓര്‍ക്കാറുമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലുമരു മാസ്മരിക പ്രകടനത്തിന്റെ മാത്രം പേരില്‍, അല്ലെങ്കില്‍ നേടിയ ഗോളുകളുടെ അടിസ്ഥാനത്തില്‍ ഇനിയേസ്റ്റയെ അളക്കാനാവില്ല.

നേടിയ ട്രോഫികളുടെ എണ്ണമെടുത്താല്‍ ഇനിയേസ്റ്റയോളം പൂര്‍ണനായ മറ്റൊരു താരം ബാഴ്സയിലുണ്ടാവില്ല. എട്ടു ലാലിഗ കിരീടങ്ങള്‍, ആറു കിംഗ്സ് കപ്പ്, ഏഴു സ്പാനിഷ് സൂപ്പര്‍ കപ്പ്, നാല് ചാമ്പ്യന്‍സ് ലീഗ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ക്ലബ്ബ് ലോകപ്പ്, ദേശീയ ടീമിനായി ഒരുതവണ ലോകകപ്പ് (ഫൈനലില്‍ വിജയഗോള്‍), രണ്ടു യൂറോ കപ്പ്. അപ്പോഴും മെസിയും റൊണാള്‍ഡോയുമെല്ലാം വര്‍ഷാവര്‍ഷം വെച്ചുമാറുന്ന ബാലണ്‍ ഡി ഓര്‍ ഒരിക്കല്‍പോലും ഇനിയേസ്റ്റയിലെ പ്രതിഭയെ തേടിയെത്തിയില്ല.

2010ല്‍ അത് ഉറപ്പായും ഇനിയേസ്റ്റയെ തേടിയെത്തുമെന്ന് കരുതിയെങ്കിലും ബാഴ്സയിലെ സഹതാരമായ മെസിക്ക് പിന്നില്‍ രണ്ടാമനായി. സ്വയം ഒരു താരമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരാള്‍ക്ക് രണ്ടാം സ്ഥാനത്തിലോ ഒന്നാം സ്ഥാനത്തിലോ വലിയ താല്‍പര്യവുമില്ലായിരുന്നു. ആളുകള്‍ തന്നെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു, അതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് ഇനിയേസ്റ്റ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഇനിയേസ്റ്റക്ക് നല്‍കാവുന്ന ഏറ്റവും വലിയ പുരസ്കാരവും.

സ്പെയിന്‍ പരിശീലകനായിരുന്ന ലൂയിസ് അരഗോണസ് ഒരിക്കല്‍ പറഞ്ഞു. അയാള്‍ ശരിക്കും കൈയടി ആര്‍ഹിക്കുന്നു. കാരണം അയാളൊരു ഇനിയേസ്റ്റ മാത്രമായിരുന്നില്ല. അയാളെപ്പോലൊരു ഇനിയേസ്റ്റ ഇനിയുണ്ടാകുകയുമില്ല. കളിക്കളത്തില്‍ അയാള്‍ പുറത്തെടുത്ത മാജിക്ക് ഒരിക്കലും ആവര്‍ത്തിക്കാനാവില്ല.

Follow Us:
Download App:
  • android
  • ios