Asianet News MalayalamAsianet News Malayalam

യുവേഫ യൂറോപ്പ ലീഗ്; തോറ്റിട്ടും അത്. മാഡ്രിഡ്, അദ്ഭുതമായി സാല്‍സ്ബര്‍ഗ്

  • ആഴ്സനല്‍, അത്ലറ്റികോ മാഡ്രിഡ്, മാഴ്സെ, സാല്‍സ്ബര്‍ഗ് സെമിയില്‍ പ്രവേശിച്ചു
atletico madrid and arsenal to semis of uefa europa league

മോസ്കോ: യുവേഫ യൂറോപ്പ കപ്പ് സെമി ലൈനപ്പായി. ആഴ്സനല്‍, അത്ലറ്റികോ മാഡ്രിഡ്, ഒളിംപിക് മാഴ്സെ, സാല്‍സ് ബര്‍ഗ് എന്നീ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. സിഎസ്കെഎ മോസ്കോയെ 2-2 സമനില പിടിച്ചാണ് ആഴ്സനല്‍ സെമി ബെര്‍ത്ത് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 2-0ന് സി എസ് കെ എ മുന്നിൽ എത്തിയിരുന്നു. അഗ്രിഗേറ്റ് 3-4 എന്ന നിലയിൽ. ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ സിഎസ്കെഎയ്ക്ക് സെമി ഉറപ്പിക്കാമായിരുന്നു. 

എന്നാല്‍ വെങ്ങറിന്‍റെ ടീം ശക്തമായി തിരിച്ചുവന്ന് മത്സരം 2-2 സമനില ആക്കി. ഇരു പാദങ്ങളിലുമായി 6-3 എന്ന സ്കോറിന് ഗണ്ണേഴ്സസ് സെമിയിലെത്തി. 75ാം മിനുറ്റിൽ വെൽബെക്കും 90ആം മിനുട്ടിൽ റാംസിയുമാണ് ആഴ്സണലിന്‍റെ  രക്ഷയ്ക്കെത്തിയ ഗോളുകൾ നേടിയത്. സ്പോര്‍ട്സിങ് ലിസ്ബനിനോട് 1-0ന് പരാജയപ്പെട്ടെങ്കിലും അത്ലറ്റികോ മാഡ്രിഡും   സെമിയില്‍ ഇടം നേടി. ആദ്യപാദത്തില്‍ 2-1നായിരുന്നു അത്ലറ്റികോ മാഡ്രിഡിന്‍റെ വിജയം. 

28ാം മിനുട്ടിൽ മൊണ്ടേര നേടിയ ഗോളാണ് ഇന്ന് സ്പോർടിംഗിന് വിജയം ഒരുക്കിയത്. സ്വന്തം ഹോംഗ്രൗണ്ടിൽ ലെപ്സിഗിനെ 5-2ന് തകര്‍ത്ത് മാഴ്സെയും അവസാന നാലില്‍ ഒരിടം കണ്ടെത്തി. ഇരുപാദങ്ങളിലുമായി 6-3ന്‍റെ വിജയമാണ് മാഴ്സെ നേടിയത്. രണ്ടാം മിനിറ്റില്‍ തന്നെ ലെപ്സിഗ് ഗോളടിച്ചപ്പോൾ ഈ പാദവും ജർമൻ ക്ലബ് കൊണ്ടു പോകുമെന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. എന്നാൽ ആറ്, ഒമ്പത് മിനിറ്റുകളില്‍ ഗോളുകൾ തിരിച്ചടിച്ച് മാഴ്സെ കളി തങ്ങൾക്ക് അനുകൂലമാക്കി.

ഇറ്റാലിയന്‍ വമ്പന്മാരായ ലാസിയോയെ മറികടന്ന് ഓസ്ട്രിയന്‍ ക്ലബ് സാല്‍സ്ബര്‍ഗ് തങ്ങളുടെ കുതിപ്പ് തുടരുന്നു. ആദ്യപാദം കഴിയുമ്പൊ 4-2ന് പിന്നിലായിരുന്നു സാല്‍സ്ബര്‍ഗ്. രണ്ടാം പാദത്തില്‍ ഗോള്‍ രഹിതമായ ആദ്യപകുതി അവസാനിച്ചപ്പോള്‍ ലാസിയോ സെമിയിലെത്തുമെന്ന് ഏറെകുറെ ഉറപ്പായി. എന്നാല്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് സാല്‍സ്ബര്‍ഗ് നടത്തിയത്. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 4-1ന് സാല്‍സ്ബര്‍ഗ് വിജയിച്ചു. ഇരുപാദങ്ങളിലുമായി 6-5ന്‍റെ വിജയം.

Follow Us:
Download App:
  • android
  • ios