Asianet News MalayalamAsianet News Malayalam

ക്രിക്കറ്റിലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് ബിസിസിഐ ഇല്ല; ലോകകപ്പില്‍ പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെടില്ല

ടൂര്‍ണമെന്റില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാലും അത് ഐസിസി യോഗത്തില്‍ അംഗീകരിക്കപ്പെടില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

BCCI Won't block Pakistan from World Cup says bcci sources
Author
Mumbai, First Published Feb 21, 2019, 3:08 PM IST

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. സുപ്രീംകോടതി നിയമിച്ച വിനോദ് റായ് അധ്യക്ഷനായ ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ഇതിനായി അപേക്ഷ തയ്യാറാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ടാലും അത് ഐസിസി യോഗത്തില്‍ അംഗീകരിക്കപ്പെടില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

ഐസിസി ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന അംഗ രാജ്യങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഐസിസി ഭരണഘടന അനുസരിച്ച് സ്വാഭാവികമായും അവകാശമുണ്ട്. കൂടാതെ പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പ്രമേയം അവതരിപ്പിച്ചാലും അത് ഏപ്രിലില്‍ ചേരുന്ന ഐസിസി വാര്‍ഷിക യോഗത്തിലെ പരിഗണിക്കാനിടയുള്ളു.യോഗത്തില്‍ വോട്ടിനിട്ടാലും  മറ്റ് അംഗങ്ങളുടെ പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ അതിന് മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തണം. ഐസിസി ബോര്‍ഡില്‍ നിലവില്‍ ഇന്ത്യക്ക് ഭൂരിപക്ഷ പിന്തുണയില്ല.

അതിനാല്‍ തന്നെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള നീക്കത്തിന് തയാറാല്ലെന്ന് ബിസിസിഐ പ്രതിനിധി പിടിഐയോട് പറഞ്ഞു. ഇതിനുപുറമെ ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയാല്‍ അത് 2021ലെ ചാമ്പ്യന്‍സ് ട്രോഫി, 2023ലെ ഏകദിന ലോകകപ്പ് ആതിഥേയത്വത്തിന് തിരിച്ചടിയാവുകയും ചെയ്യും.അതേസമയം, വിഷയത്തില്‍ എന്തു തരത്തിലുള്ള ഇടപെടലാണ് നടത്താനാവുകയെന്നത് ചര്‍ച്ച ചെയ്യാനായി ബിസിസിഐ ഇടക്കാല ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരുമെന്ന് സിമിതി അംഗമായ ഡയാന എഡുല്‍ജി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യങ്ങളടക്കം ഇടക്കാല ഭരണസമിതി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ഈ മാസം 14ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള താരങ്ങളും പിന്തുണച്ചിരുന്നു. മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16-ാം തിയതിയാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം.

Follow Us:
Download App:
  • android
  • ios