Asianet News MalayalamAsianet News Malayalam

ലോകകപ്പ് ഗ്രൂപ്പ് ആയി; ബ്രസീലിനും അര്‍ജന്റീനയ്‌ക്കും വലിയ വെല്ലുവിളികളില്ലാതെ ഗ്രൂപ്പ് ഘട്ടം

brazil and argentina eases fifa world cup draw
Author
First Published Dec 1, 2017, 9:43 PM IST

അടുത്ത വ‍ർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ചാംപ്യൻഷിലെ ടീമുകളുടെ ഗ്രൂപ്പിങ് നിശ്ചയിക്കുന്ന നറുക്കെടുപ്പ് മോസ്‌കോയിൽ നടന്നു. മുൻനിര ടീമുകളായ ബ്രസീൽ, അർജന്റീന, ജർമ്മനി, സ്പെയിൻ ടീമുകൾക്ക് താരതമ്യേന വലിയ വെല്ലുവിളികളില്ലാതെ ഗ്രൂപ്പ് ഘട്ടം മുന്നേറാം. പോ‍ർച്ചുഗൽ-സ്പെയിൻ, ബെൽജിയം-ഇംഗ്ലണ്ട് പോരാട്ടമാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മൽസരങ്ങൾ. ഗ്രൂപ്പ് ഡിയിൽ മൽസരിക്കുന്ന അർജന്റീനയ്‌ക്ക് ക്രൊയേഷ്യ, ഐസ്‌ലൻഡ്, നൈജീരിയ എന്നീ ടീമുകളാണ് ആദ്യ റൗണ്ടിലെ എതിരാളികൾ. ബ്രസീൽ മൽസരിക്കുന്ന ഗ്രൂപ്പ് ഇയിൽ സ്വിറ്റ്‌സർലന്‍ഡ്, കോസ്റ്റാറിക്ക, സെർബിയ എന്നീ ടീമുകളാണുള്ളത്.

brazil and argentina eases fifa world cup draw

ലോകജേതാക്കളായ ജർമ്മനിയ്ക്കൊപ്പം ഗ്രൂപ്പ് എഫിൽ മെക്‌സിക്കോ, സ്വീഡൻ, ദക്ഷിണകൊറിയ എന്നിവരുമുണ്ട്. മുൻ ജേതാക്കളായ സ്‌പെയിനൊപ്പം ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ, ഇറാൻ, മൊറോക്കോ എന്നിവരുമുണ്ട്. ബെൽജിയത്തിനും ഇംഗ്ലണ്ടിനുമൊപ്പം പനാമ ടുണീഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് ജിയിൽ ഉള്ളത്. 36 വ‍ർഷത്തിനുശേഷം ലോകകപ്പിന് യോഗ്യത നേടിയ പെറു ഗ്രൂപ്പ് സിയിൽ ഫ്രാൻസ്, ഡെൻമാർക്ക്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ് മൽസരിക്കുന്നത്. ആതിഥേയരായ റഷ്യയ്ക്കൊപ്പം ഗ്രൂപ്പ് എയിൽ ഉറുഗ്വായ്, ഈജിപ്റ്റ്, സൗദി അറേബ്യ എന്നിവരാണുള്ളത്. അടുത്ത ലോകകപ്പിന്റെ ഉദ്ഘാടന മൽസരം റഷ്യയും സൗദി അറേബ്യയും തമ്മിലാണ്. പോളണ്ട്, കൊളംബിയ, സെനഗൽ, ജപ്പാൻ എന്നീ ടീമുകൾ ഗ്രൂപ്പ് എച്ചിലാണ് മൽസരിക്കുന്നത്.

brazil and argentina eases fifa world cup draw

മോസ്‌കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടം നിശ്ചയിക്കുന്ന നറുക്കെടുപ്പ് നടന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണ, ലോകകപ്പുകളിലെ ടോപ് സ്‌കോറർ മിറോസ്ലാവ് ക്ലോസ്, പ്രതിരോധത്തിലെ ഇതിഹാസതാരം കനവാരോ എന്നിവരുൾപ്പടെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആതിഥേയരായ റഷ്യ, ഒക്ടോബറില്‍ ഫിഫ റാങ്കിംഗിലെ ആദ്യ ഏഴ് സ്ഥാനക്കാരായിരുന്ന ജർമ്മനി, ബ്രസീൽ, പോർച്ചുഗൽ, അർജന്റീന, ബെൽജിയം, പോളണ്ട്, ഫ്രാൻസ് എന്നീ ടീമുകളെ ആദ്യ പാത്രത്തിൽ ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്.

ഫിഫ ലോകകപ്പ് 2018 ഗ്രൂപ്പ് ഘട്ടം

ഗ്രൂപ്പ് എ - റഷ്യ, ഉറുഗ്വായ്, ഈജിപ്റ്റ്, സൗദി അറേബ്യ

ഗ്രൂപ്പ് ബി - പോർച്ചുഗൽ, സ്‌പെയിൻ, ഇറാൻ, മൊറോക്കോ

ഗ്രൂപ്പ് സി - ഫ്രാൻസ്, പെറു, ഡെൻമാർക്ക്, ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഡി - അ‍ർജന്റീന, ക്രൊയേഷ്യ, ഐസ്‌ലൻഡ്, നൈജീരിയ

ഗ്രൂപ്പ് ഇ - ബ്രസീൽ, സ്വിറ്റ്‌സർലന്‍ഡ്, കോസ്റ്റാറിക്ക, സെർബിയ

ഗ്രൂപ്പ് എഫ് - ജർമ്മനി, മെക്‌സിക്കോ, സ്വീഡൻ, ദക്ഷിണകൊറിയ

ഗ്രൂപ്പ് ജി - ബെൽജിയം, ഇംഗ്ലണ്ട്, പനാമ, ടുണീഷ്യ

ഗ്രൂപ്പ് എച്ച് - പോളണ്ട്, കൊളംബിയ, സെനഗൽ, ജപ്പാൻ

Follow Us:
Download App:
  • android
  • ios