Asianet News MalayalamAsianet News Malayalam

രണ്ട് വിക്കറ്റ് കൂടി എറിഞ്ഞിട്ട് ഇന്ത്യന്‍ പേസര്‍മാര്‍; ഓസീസ് പ്രതിരോധത്തില്‍

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം ഇനിയും 17.2 ഓവര്‍ ബാക്കി നില്‍ക്കെ ഓസീസിന് ഒപ്പമെത്താന്‍ 101 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റ വീഴ്ത്തിയ അശ്വിനും രണ്ടെണ്ണം സ്വന്തമാക്കിയ ഇശാന്ത് ശര്‍മയുമാണ് ഓസീസിനെ തകര്‍ത്തത്.

Bumrah and Ishant strikes; Australia lost two more wickets
Author
Adelaide SA, First Published Dec 7, 2018, 11:44 AM IST

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം ഇനിയും 17.2 ഓവര്‍ ബാക്കി നില്‍ക്കെ ഓസീസിന് ഒപ്പമെത്താന്‍ 101 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റ വീഴ്ത്തിയ അശ്വിനും രണ്ടെണ്ണം സ്വന്തമാക്കിയ ഇശാന്ത് ശര്‍മയുമാണ് ഓസീസിനെ തകര്‍ത്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ട്രാവിസ് ഹെഡ് (39), പാറ്റ് കമ്മിന്‍സ് (5) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 250ന് റണ്‍സിന് പുറത്തായിരുന്നു.

ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസ് നാലിന് 117 എന്ന അവസ്ഥയിലായിരുന്നു. ചായക്ക് ശേഷമുള്ള സെഷനില്‍ പേസര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26),  ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരേയാണ് ഓസീസിന് ആദ്യ രണ്ട് സെഷനില്‍ നഷ്ടമായായത്. ചായയ്ക്ക് ശേഷം പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സ് (34), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (5) എന്നിവരേയും ഇന്ത്യന്‍ ബൗളര്‍മാര്‍ പവലിയനിലെത്തിച്ചു. ഹാന്‍ഡ്‌കോംപിനെ ബുംറ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചപ്പോള്‍ പെയ്‌നെ ഇശാന്തും ഇതേ രീതിയില്‍ പുറത്താക്കി.  

ഓസീസ് ഇന്നിങ്‌സ് തുടങ്ങിയ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആതിഥേയര്‍ക്ക് ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ ഒരു മനോഹരമായ പന്ത് ബാറ്റിലും കാലിനുമിടയിലൂടെ സ്റ്റംപില്‍ പതിച്ചു. പിന്നീടെത്തിയ ഖവാജയും ഹാരിസും സ്‌കോര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അശ്വിന്‍ പന്തെറിയാന്‍ എത്തിയതോടെ രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സില്ലി മിഡ് ഓഫില്‍ മുരളി വിജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അടുത്തത് മാര്‍ഷിന്റെ ഊഴമായിരുന്നു. അശ്വിന്‍ ടോസ് ചെയ്തിട്ട പന്ത് മാര്‍്ഷ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ ബാറ്റില്‍ തട്ടി പന്ത് സ്റ്റംപിലേക്ക്. കുറച്ച് നേരം പിടിച്ചു നിന്നെങ്കിലും ഖവാജയ്ക്ക് അധികദൂരം പോവാന്‍ സാധിച്ചില്ല. അശ്വിന്റെ ഫ്ളൈറ്റ് ഡെലിവറി പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ഗ്ലൗസില്‍ ഉരഞ്ഞ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ ഒതുങ്ങി.

നേരത്തെ, രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ക്രിസീലുണ്ടായിരുന്ന മുഹമ്മദ് ഷമി ഓസീസ് പേസര്‍ ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങി. ലെഗ് സൈഡില്‍ കുത്തി ഉയര്‍ന്ന് പന്ത് ഷമിയുടെ ഗ്ലൗവില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലേക്ക്. ബുംറ (0) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. മധ്യനിരയില്‍ പ്രതിരോധക്കോട്ടെ കെട്ടുമെന്ന് കരുതിയ രഹാനെയെ(13) ഹേസല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. 

Follow Us:
Download App:
  • android
  • ios