Asianet News MalayalamAsianet News Malayalam

ഓസീസിന്റെ കഴുത്തറുത്ത് ബുംറയുടെ തീയുണ്ടകള്‍; ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ലീഡ്

ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഓസീസ് 151 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 292 റണ്‍സ് ലീഡ് നേടി. ഓസീസ് ഒന്നാം ഇന്നിങ്‌സ് ഫോളോഓണ്‍ വഴങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.

Bumrah bowled out Australia in Melbourne test and India took lead
Author
Melbourne VIC, First Published Dec 28, 2018, 10:49 AM IST

മെല്‍ബണ്‍: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഓസീസ് 151 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 292 റണ്‍സ് ലീഡ് നേടി. ഓസീസ് ഒന്നാം ഇന്നിങ്‌സ് ഫോളോഓണ്‍ വഴങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 22 റണ്‍സ് വീതം നേടിയ മാര്‍കസ് ഹാരിസും ടിം പെയ്‌നുമാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍മാര്‍. മൂന്നാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓസീസിന് നാല് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഇതുവരെ വിക്കറ്റ് നഷ്ടമില്ലാതെ  10 റണ്‍സെടുത്തിട്ടുണ്ട്. 

Bumrah bowled out Australia in Melbourne test and India took lead

വിക്കറ്റ് നഷ്ടമില്ലാതെ എട്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് സ്‌കോര്‍ 24ല്‍ എത്തിനില്‍ക്കെ ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയെ ലെഗ് സൈഡില്‍ ഫ്ളിക്ക് ചെയ്യാനുള്ള ശ്രമം ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ  സഹഓപ്പണര്‍ ഹാരിസും മടങ്ങി. ബുംറയെ ഹുക്ക് ചെയ്ത ഹാരിസിന് പിഴച്ചു. ബൗണ്ടറി ലൈനില്‍ ഇശാന്ത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ ഖവാജ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. ജഡേജയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമം ബാറ്റില്‍ ഷോര്‍ട്ട് ലെഗില്‍ മായങ്കിന്റെ കൈകളിലേക്ക്. ലഞ്ചിന് തൊട്ട് മുമ്പ് നല്ല രീതിയില്‍ കളിച്ചിക്കൊണ്ടിരിക്കുകയായിരുന്ന മാര്‍ഷിനെയും ഓസീസിന് നഷ്ടമായി. ബുംറയുടെ ഒരു സ്ലോവറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ ലഞ്ചിന് പിരിയുകയായിരുന്നു. 

Bumrah bowled out Australia in Melbourne test and India took lead

ലഞ്ചിന് ശേഷം തുടക്കത്തില്‍ തന്നെ ബുംറ ആദ്യ പ്രഹരമേല്‍പ്പിച്ചു. ബുംറയുടെ ഒരു പേസി യോര്‍ക്കറില്‍ ട്രാവിസ് ഹെഡിന്റെ (20) വിക്കറ്റ് തെറിച്ചു. പീറ്റര്‍ ഹാന്‍ഡ്സ്‌കോംബിന് പകരമെത്തിയ മിച്ചല്‍ മാര്‍ഷിനും പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു മിച്ചല്‍ മാര്‍ഷ്. എട്ട് റണ്‍ മാത്രമായിരുന്നു ഓള്‍റൗണ്ടറുടെ സമ്പാദ്യം.  പാറ്റ് കമ്മിന്‍സാണ് മാര്‍ഷിന് പകരം ക്രീസിലെത്തിയത്. 47 പന്തുകള്‍ താരം ചെറുത്തുനിന്നെങ്കിലും മുഹമ്മദ് ഷമിക്ക് കീഴടങ്ങി. 17 റണ്‍ മാത്രമെടുത്ത കമ്മിന്‍സ് ഷമിയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി.

ക്യാപ്റ്റന്‍ ടിം പെയ്‌നിനെ മടക്കി അയച്ച് ബുംറ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. നഥാന്‍ ലിയോണ്‍ (0), ജോഷ് ഹേസല്‍വുഡ് (0) എന്നിവര്‍ അതിവേഗം കീഴടങ്ങി. ബുംറയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. നേരത്തെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനങ്ങളിലും ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. 

Bumrah bowled out Australia in Melbourne test and India took lead

നേരത്തെ, ഇന്ത്യ ഒന്നാം ഇന്നിങ്സ് ഏഴിന് 443ന് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി. 215ന് രണ്ട് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഇന്ന് 228 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സെടുത്തിരുന്നു. എന്നാല്‍ ചായയ്ക്ക് ശേഷം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാന (34)യെ നഷ്ടമായി. നഥാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രഹാനെ. പിന്നാലെ എത്തിയ ഋഷഭ് പന്തും (39), രോഹിത്തും സൂക്ഷ്മതയോടെയാണ് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയത്. 86 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റണ്‍റേറ്റ് കൂട്ടിനാള്ള ശ്രമത്തില്‍ പന്ത് സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയെ (4) ജോഷ് ഹേസല്‍വുഡ് മടക്കിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

Bumrah bowled out Australia in Melbourne test and India took lead

215ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. അധികം വൈകാതെ പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കി. 319 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടുന്നതാണ് പൂജാരയുടെ ഇന്നിങ്‌സ്. സെഞ്ചുറി നേട്ടത്തോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു. 16 സെഞ്ചുറികളാണ് ഗാംഗുലിയുടെ പേരിലുള്ളത്. പരമ്പരയില്‍ രണ്ടാം തവണയാണ് പൂജാര സെഞ്ചുറി നേടുന്നത്. കോലി- പൂജാര സഖ്യം 160 റണ്‍സാണ് ഒന്നാം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ കോലിയെ പുറത്താക്കി സ്റ്റാര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് പന്ത് കളിക്കാനുള്ള ശ്രമത്തില്‍ തേര്‍ഡ്മാനില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കുകയായിരുന്നു കോലി. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. അധികം വൈകാതെ പൂജാരയും മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ പൂജാരയുടെ വിക്കറ്റ് തെറിച്ചു.

ഇന്നലെ, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പുതിയ ഓപ്പണര്‍മാരായ അഗര്‍വാള്‍ - വിഹാരി സഖ്യം ആദ്യ വിക്കറ്റില്‍ 40 കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഹാരിക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 66 പന്ത് നേരിട്ട വിഹാരിയെ കമ്മിന്‍സ് സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാരയും അഗര്‍വാളും മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. 

Bumrah bowled out Australia in Melbourne test and India took lead

ഇതില്‍ എടുത്ത് പറയേണ്ടത് മായങ്കിന്റെ ഇന്നിങ്‌സ് തന്നെയാണ്. ആദ്യ ടെസ്റ്റ് മാത്രം കളിക്കുന്ന കര്‍ണാടകക്കാരന്‍ തുടക്കകാരന്റെ പരിഭ്രമമൊന്നുമില്ലാതെയാണ് ബാറ്റേന്തിയത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സ്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഓപ്പണറാണ് മായങ്ക്. ആദ്യമായിട്ടാണ് ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ അര്‍ധ സെഞ്ചുറി നേടുന്നത്. നാല് ഇന്നിങ്‌സ് കളിച്ചിട്ടും മുരളി വിജയ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios