Asianet News MalayalamAsianet News Malayalam

പിഎസ്ജിക്ക് നെയ്മര്‍, ബാഴ്സയ്ക്ക് മെസി; യൂറോപ്യന്‍ പോരില്‍ വമ്പന്മാര്‍ മുന്നോട്ട്

പിഎസ്‍വി ഐന്തോവനെ പിന്നിലാക്കി ഗ്രൂപ്പ് ഘട്ടം ബാഴ്സ താണ്ടിയപ്പോള്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനെ ഫ്രഞ്ച് കരുത്തരായ പിഎസ്ജി മറികടന്നു

champions league results
Author
Paris, First Published Nov 29, 2018, 8:44 AM IST

പാരീസ്: യൂറോപ്യന്‍ ചക്രവര്‍ത്തിമാരാകാനുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയത്തോടെ പിഎസ്ജിയും ബാഴ്സയും മുന്നോട്ട്. പിഎസ്‍വി ഐന്തോവനെ പിന്നിലാക്കി ഗ്രൂപ്പ് ഘട്ടം ബാഴ്സ താണ്ടിയപ്പോള്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളിനെ ഫ്രഞ്ച് കരുത്തരായ പിഎസ്ജി മറികടന്നു.

ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുൻ ചാമ്പ്യൻമാർ പിഎസ്‍വി ഐന്തോവനെ തോൽപിച്ചത്. സൂപ്പർ താരം മെസിയുടെ മിന്നുന്ന പ്രകടനമാണ് ബാഴ്സയുടെ ജയം അനായാസമാക്കിയത്. 61-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. എഴുപതാം മിനുട്ടിൽ ജെറാദ് പിക്വേയിലൂടെ ബാഴ്സ ലീഡുയർത്തി.

82-ാം മിനിറ്റില്‍ ലൂക്ക് ദെ ജോങ് പിഎസ്‍വിക്കായി ഒരു ഗോൾ മടക്കി. ഗ്രൂപ്പിൽ അവസാന മത്സരം ബാക്കി നിൽക്കെ രണ്ടാം സ്ഥാനക്കാരുമായി ആറ് പോയിന്‍റ് ലീഡുള്ള ബാഴ്സ ഇതോടെ ഗ്രൂപ്പ് ചാമ്പ്യമാരാകുമെന്ന് ഉറപ്പായി.  മികച്ച പ്രകടനം പുറത്തെടുത്ത ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പിഎസ്ജി മുട്ടുക്കുത്തിച്ചത്.

പതിമൂന്നാം മിനിറ്റില്‍ യുവാൻ ബെർനറ്റിലൂടെ പിഎസ്ജിയാണ് ആദ്യ ഗോൾ നേടിയത്. സൂപ്പർ താരം നെയ്മർ മുപ്പത്തിയേഴാം മിനുട്ടിൽ ലീഡുയർത്തി. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുൻപ് കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച ജയിംസ് മിൽനർ ലിവർപൂളിനായി ഒരു ഗോൾ മടക്കി.

കളിയുടെ അമ്പത്തിയേഴ് ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും രണ്ടാം പകുതിയിൽ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് വമ്പന്മാർക്ക് തോൽവി ഒഴിവാക്കാനായില്ല. ഇതോടെ ഗ്രൂപ്പ് ഘട്ടം കടക്കാൻ അവസാന മത്സരത്തിൽ നാപ്പോളിയോട് ലിവർപൂളിന് ജയിച്ചേ തീരൂ.

അതേസമയം, ഇറ്റാലിയന്‍ വമ്പുമായെത്തിയ ഇന്‍റർ മിലാനെതിരെ ഇംഗ്ലീഷ് പട ടോട്ടനം ഹോട്ട്സ്പറും വിജയം കണ്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനം ജയിച്ചത്. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യൻ എറിക്സൺ ആണ് 80-ാം മിനുട്ടിൽ കളിയിലെ ഏക ഗോൾ നേടിയത്.

ഇതോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താൻ ബാഴ്സലോണയുമായുള്ള അവസാന മത്സരം ടോട്ടനത്തിന് നിർണായകമായി. ഗ്രൂപ്പിൽ ബാഴ്സയ്ക്ക് പിന്നിൽ ഏഴ് പോയിന്‍റുമായി ടോട്ടനവും ഇന്‍റർമിലാനും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മറ്റ് മത്സരങ്ങളിൽ അ‍ത്‍റ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് മൊണാക്കോയെ തോൽപിച്ചു.

രണ്ടാം മിനുട്ടിൽ കോക്കെയാണ് ആദ്യ ഗോൾ നേടിയത്. സൂപ്പർ താരം അന്‍റോയിൻ ഗ്രീസ്മാൻ 24-ാം മിനിറ്റില്‍ ലീഡുയർത്തി. സ്റ്റീഫൻ സ്റ്റാവിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അത്‍ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടിയായി. മറ്റു മത്സരങ്ങളിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് നാപ്പോളി റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും എഫ്സി പോർട്ടോ ഷാൽക്കയെയും തോൽപിച്ചപ്പോൾ ക്ലബ്ബ് ബ്രിഡ്ജ്-ഡോർട്ട്മുണ്ട് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.

Follow Us:
Download App:
  • android
  • ios