Asianet News MalayalamAsianet News Malayalam

അച്ഛനും മകനും ക്രീസില്‍; ഒടുവില്‍ മകനെ റണ്ണൗട്ടാക്കി അച്ഛന്‍

Chanderpaul runs out son Tagenarine Chanderpaul
Author
First Published Feb 23, 2018, 7:19 AM IST

ആന്റിഗ്വ: സഹോദരങ്ങള്‍ ഒരേസമയം ഒരേ ടീമില്‍ കളിക്കുക എന്നത് ക്രിക്കറ്റില്‍ അപൂര്‍വതയല്ല. എന്നാല്‍ ഒരു ടീമിനായി അച്ഛനും മകനും ഇറങ്ങുകയും മകനെ അച്ഛന്‍ റണ്ണൗട്ടാക്കുകയും ചെയ്താലോ. ഈ വാര്‍ത്തയിലെ അച്ഛനെ ആരാധകര്‍ അറിയും, വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ശിവ്‌നാരായന്‍ ചന്ദര്‍പോള്‍. മകന്‍ ടെയ്ജ്നരൈന്‍ ചന്ദര്‍പോളും. വിന്‍ഡീസ് ആഭ്യന്ത ടൂര്‍ണമെന്റില്‍ ഗയാനക്കുവേണ്ടിയാണ് ചന്ദര്‍പോളും ടെയ്ജ്നരൈന്‍ ചന്ദര്‍പോളും കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫിഫ്റ്റി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ വിന്‍ഡ്‌വേര്‍ഡ് ഐലന്‍ഡിനെതിരെ ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്തു.

287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗയാനക്കായി ടെയ്ജ്നരൈന്‍ ചന്ദര്‍പോളും ഹേമരാജും ആണ് ഇന്നിംഗ്സ് തുറന്നത്. ആദ്യ ഓവറില്‍ തന്നെ ഹേമരാജ് പുറത്തായതോടെ ശിവ്‌നാരായന്‍ ചന്ദര്‍പോള്‍ ക്രീസിലെത്തി. ഇരുവരും ചേര്‍ന്ന് 3.5 ഓവറില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ചന്ദര്‍പോളിന്റെ സ്ട്രെറ്റ് ഡ്രൈവ് ബൗളര്‍ റയാന്‍ ജോണിന്റെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റില്‍ കൊണ്ടത്.

Chanderpaul runs out son Tagenarine Chanderpaulഈ സമയം ക്രീസിന് പുറത്തായിരുന്ന ടെയ്ജ്നരൈന്‍ റണ്ണൗട്ടായി. 12 റണ്‍സായിരുന്നു ടെയ്ജ്നരൈന്റെ സമ്പാദ്യം. അടുത്ത ഓവറില്‍ നാലു ബൗണ്ടറി അടിച്ച് 43കാരനായ ശിവ്‌നാരായന്‍ ചന്ദര്‍പോള്‍ ടീമിനെ വീണ്ടും ട്രാക്കിലാക്കി. എങ്കിലും 38 പന്തില്‍ 34 റണ്‍സെടുത്ത ചന്ദര്‍പോള്‍ പുറത്തായതോടെ തകര്‍ച്ച നേരിട്ട ഗയാന 44.2 ഓവറില്‍ 231 റണ്‍സിന് ഓള്‍ ഔട്ടായി. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡ്‌വേര്‍ഡ് ഐലന്‍ഡ് 47 ഓവറിലാണ് 286 റണ്‍സടിച്ചത്.

വിന്‍ഡീസിനായി 2014ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള 21കാരനായ മകന്‍ ടെയ്ജ്നരൈന്‍ ചന്ദര്‍പോള്‍ ആറ് ഇന്നിംഗ്സില്‍ നിന്ന് 293 റണ്‍സടിച്ച് തിളങ്ങിയിരുന്നു.164 ടെസ്റ്റ് മത്സരങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ ചന്ദര്‍പോള്‍ 11,867 റണ്‍സെടുത്തിട്ടുണ്ട്. വിന്‍ഡീസിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ചന്ദര്‍പോള്‍. ഇതിഹാസതാരം ബ്രയാന്‍ ലാറയാണ് ചന്ദര്‍പോളിന് മുന്നിലുള്ളത്.

Follow Us:
Download App:
  • android
  • ios