Asianet News MalayalamAsianet News Malayalam

ഒടുവില്‍ ധോണിക്ക് തിരിച്ചു 'പണി' കൊടുത്ത് ഓസീസ്

Dhoni tastes his own medicine
Author
First Published Oct 11, 2017, 2:08 PM IST

ഗുവാഹത്തി: കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കുക എന്ന് കേട്ടിട്ടേയുള്ളു. ഒടുവില്‍ ഓസ്ട്രേലിയ അത് ധോണിക്ക് കാട്ടിക്കൊടുത്തു. ഓസട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ധോണി 100 സ്റ്റംപിംഗുകളെന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഓസീസ് ബാറ്റ്സ്മാന്‍മാരെ വശീകരിച്ച് വീഴ്‌ത്തിയപ്പോള്‍ അതിന് പിന്നിലെ പ്രധാന സൂത്രധാരന്‍  ധോണിയായിരുന്നു. പ്രത്യേകിച്ച് ഗ്ലെന്‍ മാക്സ്‌വെല്ലിനെ യുസ്‌വേന്ദ്ര ചാഹല്‍ വീഴ്‌ത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ധോണിയുടെ ബുദ്ധിയായിരുന്നു.

ബാറ്റ്സ്മാനെ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ പ്രേരിപ്പിച്ച് ഓഫ് സ്റ്റംപിന് പുറത്തേക്ക് തിരിയുന്ന പന്തുകളെറിയാന്‍ ബൗളര്‍മാരോട് ആവശ്യപ്പെട്ടായിരുന്നു ധോണി രണ്ടു തവണ മാക്സ്‌വെല്ലിനെ വീഴ്‌ത്തിയത്. ബാറ്റ്സ്മാന്‍ ഫ്രണ്ട് ഫൂട്ടില്‍ കയറിക്കളിക്കാന്‍ തയാറെടുക്കുമ്പോള്‍ തന്നെ ബൗളര്‍മാരെക്കൊണ്ട് വൈഡ് ബോളുകളെറിയിച്ച് സ്റ്റംപ് ചെയ്യുക എന്ന തന്ത്രം ധോണി മുമ്പും പലതവണ പയറ്റിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ അതേമരുന്ന് ഓസീസ് ധോണിക്ക് കൊടുത്തു.

ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ച നേരിടുമ്പോള്‍ ക്രീസിലെത്തിയ ധോണി കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ സ്പിന്നറായ ആദം സാംപ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഫ്രണ്ട് ഫൂട്ടില്‍ കയറി സിക്സറടിക്കാനായി ധോണിയുടെ ശ്രമം. ഒരു തവണ ബൗണ്ടറി നേടുകയും ചെയ്തു. സാംപയുടെ രണ്ടാം ഓവറില്‍ ആദ്യം ഫ്രണ്ട് ഫൂട്ടില്‍ കയറിക്കളിക്കാന്‍ ശ്രമിച്ച ധോണിയ്ക്ക് വൈഡ് ബോളെറിഞ്ഞ് സാംപ പണി കൊടുക്കാനൊരുങ്ങിയെങ്കിലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടു വലിച്ച് ധോണി രക്ഷപ്പെട്ടു. എന്നാല്‍ ആശ്വാസം അധികം നീണ്ടില്ല.

രണ്ട് പന്തുകള്‍ക്ക് ശേഷം മിഡില്‍ സ്റ്റംപില്‍ കുത്തി പുറത്തേക്ക് തിരിഞ്ഞ പന്തില്‍ കയറിക്കളിച്ച ധോണിക്ക് പിഴച്ചു. സാംപയുടെ പന്തില്‍ പെയ്നിന്റെ സ്റ്റംപിംഗ്. 16 പന്തില്‍ 13 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ധോണിയുടെ സമ്പാദ്യം. ഇതാദ്യമായാണ് ധോണി ഒരു ടി20 മത്സരത്തില്‍ വിക്കറ്റ് കീപ്പറുടെ സ്റ്റംമ്പിംഗിന് ഇരയാകുന്നത്. ഏകദിനത്തില്‍ ഒരു തവണയും ടെസ്റ്റില്‍ രണ്ട് തവണയും ധോണി സ്റ്റംമ്പിംഗിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന മത്സരത്തിലസാണ് അവസാനമായി ധോണി സ്റ്റംമ്പിംഗ് കീഴടങ്ങിയത്. ധോണിയുടെ വിക്കറ്റ് നഷ്ടമായത് ഭേദപ്പെട്ട സ്കോറെന്ന ഇന്ത്യന്‍ മോഹങ്ങളും തകര്‍ത്തു.

Follow Us:
Download App:
  • android
  • ios