Asianet News MalayalamAsianet News Malayalam

ടി20യെ വെല്ലാന്‍ പുതിയ ക്രിക്കറ്റ് രൂപം വരുന്നു

  • പുതിയ ക്രിക്കറ്റ് രൂപവുമായി ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്
ecb introduce new 100 ball cricket format

ലണ്ടന്‍: ക്രിക്കറ്റിന്‍റെ പരമ്പരാഗത സമവാക്യങ്ങളെ പൊളിച്ചെഴുതുകയായിരുന്നു കുട്ടി ക്രിക്കറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ട്വന്‍റി20. 20 ഓവറുകള്‍ വീതമുള്ള ഇന്നിംഗ്സുകളും ബാറ്റിംഗ് വെടിക്കെട്ടുമായിരുന്നു ടി20യുടെ സവിശേഷത. ബാറ്റിംഗ് വെടിക്കെട്ടിന് പേരുകേട്ട ടി20യുടെ വരവോടെ സ്റ്റേഡിയങ്ങള്‍ തിങ്ങിനിറഞ്ഞു. അതോടെ ടെസ്റ്റ്- ഏകദിന മത്സരങ്ങളെ പിന്തള്ളി ക്രിക്കറ്റിന്‍റെ ജനകീയ രൂപമായി ടി20 മാറി. 

എന്നാല്‍ ടി20യെ വെല്ലാന്‍ പുതിയ ക്രിക്കറ്റ് രൂപവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. 100 പന്തുകള്‍ വീതമുള്ള ഇന്നിംഗ്സുകളാണ് ഇതിലുണ്ടാവുക. പരമ്പരാഗത രീതിയില്‍ ആറ് പന്തുകള്‍ വീതമുള്ള 15 ഓവറുകളും 10 പന്തുള്ള ഒരു പ്രത്യേക ഓവറും ഇരു ടീമിനും ലഭിക്കും. ക്രിക്കറ്റിന്‍റെ പുതിയ രൂപം കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കുമെന്നാണ് ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വാദം. 

പത്ത് പന്തുകളുള്ള ഓവര്‍ ക്രിക്കറ്റില്‍ പുതുമ തന്നെയാണ് എന്ന് നിസംശയം പറയാം. എന്നാല്‍ ടി20യെക്കാള്‍ 20 പന്തുകള്‍ മാത്രം കുറവുള്ള ഈ നവീന ക്രിക്കറ്റ് രൂപം ഏത് തരത്തിലാണ് കാണികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന് കാത്തിരുന്ന് കാണാം. യുഎയില്‍ കഴിഞ്ഞ വര്‍ഷാവസാനം സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ 10 ഓവറുകള്‍ വീതമുള്ള ഇന്നിംഗ്സുകളാണ് ഉണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios