Asianet News MalayalamAsianet News Malayalam

ഇതുവരെ കണ്ട കളിയല്ല ഇനി; ഇതാ ക്രിക്കറ്റിലെ പുതിയ നിയമ മാറ്റങ്ങള്‍

Explained Full list of rule changes set to be introduced by ICC
Author
First Published Sep 26, 2017, 5:03 PM IST

ദുബായ്: സെപ്തംബര്‍ 28ന് ആരംഭിക്കുന്ന ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക പരമ്പരക്കിടെ ഇരു ടീമിലെ ഏതെങ്കിലും ഒരു താരം അതിരുവിട്ടാല്‍ അമ്പയര്‍ ചുവപ്പു കാര്‍ഡുയര്‍ത്തി കാട്ടുന്നത് കണ്ട് ആരാധകര്‍ അമ്പരക്കേണ്ട. ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്കാരങ്ങള്‍ ഈ മാസം 28ന് ആരംഭിക്കുന്ന ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക പരമ്പര മുതല്‍ ഐസിസി പ്രാബല്യത്തില്‍ വരുത്തുകയാണ്. അന്ന് ഇന്ത്യ-ഓസ്ട്രേലിയ നാലാം ഏകദിനമുണ്ടെങ്കിലും ആ മത്സരത്തിന് ഈ നിയമം ബാധകമായിരിക്കില്ല. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര നേരത്തേ തുടങ്ങിയതിനാലാണിത്.  ഗ്രൗണ്ടിലെ അതിരുവിട്ട പെരുമാറ്റത്തിന് ഫു്ടബോളിലേതുപോലെ ചുവപ്പുകാര്‍ഡ് അടക്കമുള്ള വിപുലമായ മാറ്റങ്ങളാണ് ഐസിസി വരുത്തിയിരിക്കുന്നത്.

കളിക്കാരന്റെ പെരുമാറ്റം മത്സരത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ ആ കളിക്കാരനെ മത്സരത്തില്‍ നിന്ന് താല്‍ക്കാലികമായോ മത്സരം മുഴുവനായോ പുറത്താക്കാനും ഗ്രൗണ്ട് വിട്ടു പോവാന്‍ നിര്‍ദേശിക്കാനുമുള്ള അധികാരം ഇനിമുതല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്കുണ്ടാകും. അമ്പയറെ ഭീഷണിപ്പെടുത്തുന്നതും എതിര്‍താരത്തെയോ അതല്ലെങ്കില്‍ മറ്റാരേയെങ്കിലുമോ കായികമായി നേരിടുന്നതും ഐ.സി.സി നിയമാവലിയില്‍ ലെവല്‍ ഫോര്‍ ഒഫെന്‍സില്‍ ഉള്‍പ്പെടുത്തി.

അതുപോലെ ഒരു ബൗളര്‍ മന:പൂര്‍വം നോ ബോള്‍ എറിഞ്ഞതായി കണ്ടെത്തിയാല്‍ ആ ബൗളറെ ആ മത്സരത്തില്‍ നിന്നോ ഇന്നിംഗ്സില്‍ നിന്നോ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് പൂര്‍ണായും വിലക്കാനും അമ്പയര്‍ക്ക് അധികാരമുണ്ടാകും. 2009ല്‍ ഇന്ത്യാ-ശ്രീലങ്ക മത്സരത്തില്‍ സെവാഗ് സെഞ്ചുറി അടിക്കുന്നത് തടയാന്‍ ലങ്കന്‍ നായകനായിരുന്ന കുമാര്‍ സംഗക്കാരയുടെ നിര്‍ദേശാനുസരണം സൂരജ് രണ്‍ദീവ് മന:പൂര്‍വം നോ ബോളെറിഞ്ഞത് ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

റണ്‍സിനായി ഓടുന്ന ബാറ്റ്സ്മാനെ തടയുന്നതോ തടസം സൃഷ്ടിക്കുന്നതോ ആയ ഏതൊരു പ്രവര്‍ത്തിയ്ക്കും പിഴ നല്‍കേണ്ടിവരും.

ബൗളര്‍ എറിയുന്ന പന്ത് ബാറ്റ്സ്മാന് അടുത്ത് എത്തുന്നതിന് മുമ്പ് ഒന്നില്‍ കൂടുതല്‍ തവണ ബൗണ്‍സ് ചെയ്താല്‍ അത് നോ ബോളാകും. നിലവില്‍ ഇത് രണ്ട് തവണയാണ്. ബാറ്റ്സ്മാന്റെ ബാറ്റില്‍ തട്ടിയശേഷം വിക്കറ്റ് കീപ്പറുടെയോ ഫീല്‍ഡറുടെയോ ഹെല്‍മെറ്റില്‍ തട്ടിവരുന്ന പന്തില്‍ ക്യാച്ചെടുക്കുകയോ, സ്റ്റംപ് ചെയ്യുകയോ റണ്‍ ഔട്ടാവുകയോ ചെയ്താലും അത് ഔട്ടായി പരിഗണിക്കും.

കൈകൊണ്ട് പന്ത് തടുത്തിട്ടാലും ഹാന്‍ഡ്‌ലിംഗ് ദ് ബോള്‍ ഔട്ടിന് പകരം  ഫീല്‍ഡീംഗ് തടസപ്പെടുത്തിയതിനുള്ള ഔട്ടായിട്ടാവും ഇനിമുതല്‍ പരിഗണിക്കുക. ഇതോടെ ഔട്ടാകുന്ന രീതികളുടെ എണ്ണം പത്തില്‍ നിന്ന് ഒമ്പതായി ചുരുങ്ങും.

ഇതുപോലെ ബൗണ്ടറി തടയുമ്പോള്‍ ഫീല്‍ഡറുടെ ആദ്യ ടച്ച് ബൗണ്ടറി റോപ്പിന് അകത്തായിരിക്കണം. ബൗണ്ടറി റോപ്പിന് പുറത്ത് എയറില്‍ നിന്ന് പന്ത് തടുത്തിട്ടാലും അത് ബൗണ്ടറിയായി പരിഗണിക്കും.     

വിക്കറ്റിന് മുകളില്‍ വയ്ക്കുന്ന ബെയില്‍സ് കയര്‍ പോലെ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരിക്കണം. ബെയില്‍സ് കൊണ്ട് വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാനാണിത്. മഴ തടസപ്പെടുത്തുന്ന മത്സരങ്ങളില്‍ പത്തോ അതില്‍ കുറവോ ഓവര്‍ വീതമായി ചുരുക്കിയാല്‍ ഒറു ബൗളര്‍ക്ക് എറിയാവുന്ന ഓവറുകളുടെ എണ്ണം രണ്ടെണ്ണത്തില്‍ കുറയ്ക്കില്ല.

ബാറ്റിന്റെ അളവിലും ഐ.സി.സി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബാറ്റിന്റെ താഴ്‌വശം 40 മില്ലി മീറ്ററില്‍ കൂടുതലാവാന്‍ പാടില്ല. വീതി 108 മില്ലിമീറ്ററിലും ആഴം (ഡെപ്ത്) 67 മില്ലിമീറ്ററുമാകണം. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡി.ആര്‍.എസിലും ഐസിസി കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇത് ബാധകമാവുക.

ഇനി മുതല്‍ ഒരു ഇന്നിങ്‌സില്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂ എടുക്കാന്‍ അവസരമുണ്ടാവില്ല. 80 ഓവര്‍ വരെ രണ്ട് ഡി.ആര്‍.എസിനുള്ള അവസരമാണ് ഓരോ ടീമിനുമുണ്ടായിരുന്നത്. ആ രണ്ടെണ്ണത്തിലും പരാജയപ്പെട്ടാല്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂവിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇനി 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുള്ള അവസരം ലഭിക്കില്ല. ട്വന്റി-20യിലും ഡിആര്‍എസിന് അവവസരം ഉണ്ടാകും.

റണ്‍ഔട്ടിലും ഐ.സി.സി പുതയി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ക്രീസിലേക്ക് ബാറ്റ്‌സ്മാന്‍ ഡൈവ്‌ ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ നില്‍ക്കെ എതിര്‍ കളിക്കാരന്‍ വിക്കറ്റ് തെറിപ്പിച്ചാല്‍ ഇനി മുതല്‍ ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവില്ല. സ്റ്റമ്പിങ്ങിന്റെ സമയത്തും നിയമം ഇതുതന്നെയാണ്. വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ധരിച്ച ഹെല്‍മെറ്റില്‍ തട്ടിയ ശേഷമാണ് ഒരു ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റമ്പ് ചെയ്ത് പുറത്താവുന്നതോ ആണെങ്കില്‍ അത് ഔട്ടായിത്തന്നെ പരിഗണിക്കും.

Follow Us:
Download App:
  • android
  • ios