Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ 'ലോകകപ്പ് ഹീറോ' ഗൗതം ഗംഭീര്‍ വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

former indian opener Gautam Gambhir announces retirement
Author
Delhi, First Published Dec 4, 2018, 8:35 PM IST

ദില്ലി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്‍റെ സമ്പാദ്യം. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം പാഡഴിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. 

ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍. ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്‍റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. വീരേന്ദര്‍ സെവാഗുമൊത്തുള്ള ഇന്നിംഗ്സുകളാണ് ഗംഭീറിനെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധനാക്കിയത്. 

ഐപിഎല്ലിലും തിളങ്ങിയ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2012ലും 2014ലും ചാമ്പ്യന്‍മാരാക്കി. അവസാന രണ്ട് വര്‍ഷക്കാലം ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 

രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ദില്ലിയുടെ മത്സരത്തിലായിരിക്കും ഗംഭീര്‍ കരിയറില്‍ അവസാനമായി പാഡണിയുക. 

Follow Us:
Download App:
  • android
  • ios