Asianet News MalayalamAsianet News Malayalam

കോപ്പലാശാന്‍ ബ്ലാസ്റ്റേര്‍സ് വിടാന്‍ കാരണം ഇതാണ്...

Here is the reason why Steve Coppell leaves Kerala Blasters
Author
First Published Jan 15, 2018, 7:37 PM IST

കൊച്ചി: ഒരു ശരാശരി ടീമിനെ ഐഎസ്എല്ലിന്‍റെ ഫൈനല്‍ വരെ എത്തിച്ച പരിശീലകനാണ് സ്റ്റീവ് കോപ്പല്‍. കോപ്പലാശന്‍റെ കാലത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി ഏറ്റവുമടുത്ത ബന്ധമുള്ള താരങ്ങള്‍ ഉണ്ടായിരുന്നതും. ബ്ലാസ്‌റ്റേഴ്‌സ് മനേജ്‌മെന്റുമായിട്ടുള്ള  അസ്വാരസ്വങ്ങളുടെ ഭാഗമായി അവസാനം കോപ്പലാശാന്‍ ചെന്നെത്തിയത് ജംഷഡ്പൂരിന്‍റെ തട്ടകത്തിലായിരുന്നു. 

ഈ സീസണിലെ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സിനും പിന്നിലാണ് കോപ്പലാശന്‍റെ ജംഷഡ്പൂര്‍. ഒരു മത്സരം കുറച്ചു കളിച്ചു ജംഷഡ്പൂര്‍ നാലു പോയിന്‍റ് വ്യത്യാസത്തില്‍ ടേബിളില്‍ എട്ടാം സ്ഥാനക്കാരാണ്.  കോപ്പലിനെ ടീമിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ടീം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഐ.എസ്.എല്ലിന്‍റെ ദൈര്‍ഘ്യത്തെയും ടീമുകളെയും സംബന്ധിച്ച് വ്യക്തത വന്നതിനു ശേഷം ബ്ലാസ്‌റ്റേഴ്സുമായി കരാറിലെത്താമെന്ന ധാരണയിലായിരുന്നു കോപ്പല്‍. 

സൂപ്പര്‍ ലീഗിന്‍റെ നീളം കൂട്ടിയതോടെയാണ് കോപ്പലും മാനേജ്‌മെന്റും തമ്മില്‍ കളിക്കാരെ ടീമിലെത്തിക്കുന്നതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത്. ടീമില്‍ എത്തിക്കേണ്ടവരെക്കുറിച്ചും നിലനിര്‍ത്തേണ്ടവരെക്കുറിച്ചും കോപ്പലാശാനു വ്യക്തമായ ധാരണയുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ കോപ്പലിന് കീഴില്‍ മികവുറ്റ പ്രകടനം പുറത്തെടുത്ത മെഹ്താബ് ഹുസൈനെ നിലനിര്‍ത്തണമെന്നാണ് അദ്ദേഹം ടീം മാനേജ്മെന്റിനോട് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സന്ദേശ് ജിംഗാന്‍, സി കെ വിനീത് എന്നിവരെ നിലനിര്‍ത്താനാണ് ടീം മാനേജ്മെന്റ് താല്‍പര്യപ്പെട്ടത്.മെഹ്താബിനെ നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയങ്കിലും മറ്റു പല കാരണങ്ങളാല്‍ പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടു.  ഈ വര്‍ഷം മെയ് വരെ ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് കോപ്പല്‍ ഗോള്‍ ഡോട്ട് കോമിനോട് വ്യക്തമാക്കി. അതിനുശേഷം എന്തുകൊണ്ടോ ടീം മാനേജ്മെന്റ് തന്നെ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് പുതിയ സീസണില്‍ കോപ്പല്‍ ജംഷഡ്പൂരിലെത്തിയത്. അവിടെ എത്തിയ കോപ്പല്‍ മെഹ്താബ് ഹുസൈനെ സ്വന്തം ടീമിലെത്തിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ഇഷ്ഫാഖ് അഹമ്മദിനെ തന്‍റെ സഹപരിശീലകനാക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios