sports
By Jomit J | 09:03 PM October 10, 2017
പന്തിനോളം ചെറിയ രാജ്യം; മൈതാനത്തോളം വലിയ കളി

Highlights

  • 2010ല്‍ ഫിഫ റാങ്കിംഗില്‍ 112-ാം സ്ഥാനത്തായിരുന്ന ഐസ്‌ലന്‍റ് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയ കഥ

ഡെന്‍റിസ്റ്റായ കോച്ച് ഹെയ്മര്‍ ഹാള്‍ഗ്രിമ്സണും ചലച്ചിത്ര സംവിധായകനായ ഗോളി ഹാള്‍ഡോര്‍സണും

 

ആകെ ജനസംഖ്യ മൂന്നര ലക്ഷത്തോളം. കേരളത്തില്‍ കുറവ് ജനസംഖ്യയുള്ള വയനാടിനും താഴെ. എന്നാല്‍ ഫിഫ റാങ്കിംഗില്‍ 22-ാം സ്ഥാനം. 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയ കുഞ്ഞു രാജ്യമായ ഐസ്‌ലന്‍റ് ഫുട്ബോള്‍ വിസ്‌മയമാണ്. ഡെന്‍റിസ്റ്റായ കോച്ച് ഹെയ്മര്‍ ഹാള്‍ഗ്രിമ്സണും ചലച്ചിത്ര സംവിധായകനായ ഗോളി ഹാനസ് ഹാള്‍ഡോര്‍സണും ചേരുന്ന ടീമിന്‍റെ നേട്ടം. ഉത്തര യൂറോപ്പിന്‍റെ തണുത്ത മരതകം ലോകകപ്പ് പ്രവേശനം നേടിയത് കഠിനാധ്വാനം ചിട്ടയായ ആസൂത്രണവും കൊണ്ടാണ്. 

 ഏറ്റവും കടുപ്പമേറിയ യൂറോപ്യന്‍ മേഖല മത്സരങ്ങളില്‍ നിന്നാണ് ഐസ്‌ലന്‍റിന്‍റെ ലോകകപ്പ് പ്രവേശനം. ഗ്രൂപ്പ് ഐയില്‍ എതിരാളികള്‍ ശക്തരായ തുര്‍ക്കി, ഫിന്‍ലന്റ്, ക്രൊയേഷ്യ, ഉക്രെയ്‌ന്‍ എന്നിവരായിരുന്നു. കൊസോവയെ 2-0ന് തകര്‍ത്ത പത്ത് കളിയില്‍ ഏഴ് ജയവുമായി ഐസ്‌ലന്‍റ് റഷ്യന്‍ ടിക്കറ്റുറപ്പിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇളകിമറിഞ്ഞു. യോഗ്യതാ റൗണ്ടില്‍ ഉക്രെയിനെ സമനിലയില്‍ തളച്ചപ്പോള്‍ തുര്‍ക്കിയെയും ഫിന്‍ലന്‍റിനെയും കോസോവയെയും പരാജയപ്പെടുത്തി. തോറ്റത് ഫിന്‍ലന്‍റിനോടും ക്രയേഷ്യയോടും ഓരോ മത്സരങ്ങളില്‍ മാത്രം.

 

2016 യൂറോയില്‍ തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാന്‍ ജനസംഖ്യയില്‍ 10% പേര്‍ ഫ്രാന്‍സിലേക്ക് വണ്ടികയറി

 

2016 യുവേഫ യുറോപ്പയില്‍ കളിച്ചതാണ് ഐസ്‌ലന്‍റിന്‍റെ ഇതിനു മുമ്പുള്ള വലിയ നേട്ടം. ഫ്രാന്‍സിലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ കളിച്ച് ഐസ്‌ലന്‍റ് സോക്കര്‍ ലോകത്ത് വരവറിയിച്ചു. അന്ന് തകര്‍ത്തത് ഓസ്‌ട്രിയ, തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, നെതര്‍ലന്‍റ് എന്നിവരെ. ആതിഥേയരായ ഫ്രാന്‍സിനോട് 5-2ന് പരാജയപ്പെട്ട് നാട്ടിലെത്തിയ ടീമിനെ തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണം നല്‍കിയാണ് ആരാധകര്‍ വരവേറ്റത്. 2016 യൂറോയില്‍ തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാന്‍ ജനസംഖ്യയില്‍ 10% പേര്‍ ഫ്രാന്‍സിലേക്ക് വണ്ടികയറിയത് അവരുടെ സ്നേഹം വ്യക്തമാക്കുന്നു.


2010ല്‍ ഫിഫ റാങ്കിംഗില്‍ 112-ാം സ്ഥാനത്തായിരുന്നു ഐസ്‌ലന്‍റ്. 2017 ജൂലൈയില്‍ 19-ാം സ്ഥാനത്തെത്തിയതാണ് ചരിത്രത്തിലെ മികച്ച നേട്ടം. ഏഴ് വര്‍ഷം കൊണ്ട് ആദ്യ 20ല്‍ ഇടം നേടിയ ഐസ്‌ലന്‍റിന്‍റെ ആത്മവിശ്വാസം നോക്കൂ. ഡിസംബറില്‍ 20 മണിക്കൂറോളം ഇരുട്ട് നിറ‍ഞ്ഞ രാജ്യത്ത് ഫുട്ബോള്‍ പരിശീലനത്തിനായി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചു. അങ്ങനെയാണ് 365 ദിവസവും ഫുട്ബോള്‍ പരിശീലനം ഐസ്‌ലന്‍റില്‍ സാധ്യമായത്. അതോടെ രാജ്യം മുഴുനീള ഫുട്ബോള്‍ കളരിയായി മാറി.

 

നാലാം വയസില്‍ യൂവേഫയുടെ ഫുട്ബോള്‍ പരിശീലനത്തിനായി കുട്ടികള്‍ ചേരുന്നു

 

യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനായ യൂവേഫയാണ് ഐസ്‌ലന്‍റ് ഫുട്ബോള്‍ പദ്ധതിയുടെ അണിയറക്കാര്‍. 16 വര്‍ഷം മുമ്പ് യൂവേഫയുടെ ക്യാമ്പിലൂടെ പന്തുതട്ടി തുടങ്ങിയവരാണ് ഇന്നത്തെ ദേശീയ ടീമിലെ പല താരങ്ങളും. നാലാം വയസു മുതല്‍ യൂവേഫയുടെ അംഗീകാരമുള്ള പരിശീലകന്‍റെ കീഴില്‍ പരിശീലനം ഇവിടെ ആരംഭിക്കുന്നു. അതായത് ഇത്തരം പരിശീലനങ്ങള്‍ ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോളാണ് ഐസ്‌ലന്‍റ് ഞെട്ടിക്കുന്നത്.

2016ലെ യൂറോയ്ക്ക് ശേഷമാണ് ഹെയ്മര്‍ ഹാള്‍ഗ്രിമ്സണ്‍ പൂര്‍ണ്ണസമയ പരിശീലകനായത്. വലിയ നേട്ടങ്ങളിലേക്കുള്ള ജൈത്രയാത്ര ആരംഭിക്കുന്നുവെന്നാണ് കോച്ച്  ഹെയ്മര്‍ ഹാള്‍ഗ്രിമ്സണ്‍ യോഗ്യത നേടിയ ശേഷം പറഞ്ഞത്. ലോകകപ്പ് പ്രവേശം ഐസ്‌ലന്‍റ് ജനത  ആഘോഷിക്കുന്നത് അവരുടെ വിലമതിക്കാനാവാത്ത ഫുട്ബോള്‍ സ്നേഹം കൊണ്ടാണ്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയുടെ സ്ഥാനം ലോക ഫുട്ബോളില്‍ എവിടെയെന്ന് ചിന്തിക്കുമ്പോള്‍ അതിന്‍റെ ഔചിത്യം പിടികിട്ടും.

ലോകകപ്പ് യോഗ്യത നേടിയ ഐസ്‌ലന്‍റ് താരങ്ങള്‍ കാണികള്‍ക്കൊപ്പം ആഘോഷിക്കുന്നു

Show Full Article


Recommended


bottom right ad