Asianet News MalayalamAsianet News Malayalam

ഉന്നം വെയ്ക്കുന്നത് ലോകകപ്പ്; ഇന്ത്യ -ഓസീസ് ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

യുവതാരങ്ങളായ റിഷഭ് പന്ത് , വിജയ് ശങ്കർ എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ സെലക്ടർമാർ ഉറ്റുനോക്കുന്നത്. പരമ്പരയിയെ മികച്ച പ്രകടനം ഈ താരങ്ങള്‍ക്ക് ചിലപ്പോള്‍ ലോകകപ്പിലേക്കുള്ള വഴികള്‍ തുറന്ന് കൊടുത്തേക്കാം. യുസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് സ്പിൻ ജോഡിയാവും ഓസീസിന് പ്രധാന തലവേദന

india australia t 20 series starts today
Author
Vishakhapatnam, First Published Feb 24, 2019, 7:15 AM IST

വിശാഖപട്ടണം: ഇന്ത്യ- ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ലോകകപ്പിനുള്ള അന്തിമ ടീമിനെ തെരഞ്ഞെടുക്കാനുള്ള അവസാന പരീക്ഷണ വേദിയാണ് ഇന്ത്യക്കും ഓസ്ട്രേലിയക്കും ഈ പരമ്പര. അതു കൊണ്ടുതന്നെ ടീമിൽ സ്ഥാനമുറപ്പാക്കാൻ താരങ്ങൾ കൈയും മെയ്യും മറന്നിറങ്ങുമെന്നറപ്പാണ്.

ഇതോടെ വമ്പന്‍ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ന്യുസിലൻഡിൽ ട്വന്‍റി 20 പരമ്പര നഷ്ടമായതിന്‍റെ ആഘാതം കങ്കാരുക്കളെ കശാപ്പ് ചെയ്ത് മാറ്റിയെടുക്കുകയാണ് വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം. കിവി നാട്ടില്‍ വിശ്രമം അനുവദിച്ചിരുന്ന നായകന്‍ കോലിയും സൂപ്പര്‍പേസർ ജസ്പ്രീത് ബുംറയും തിരിച്ചെത്തുന്നത് നീലപ്പടയുടെ കരുത്തേറ്റും.

മധ്യനിരയിലെ നാലാം സ്ഥാനത്തിന് വേണ്ടി ഇന്ത്യന്‍ ടീമിനുള്ളില്‍ തന്നെ മത്സരം കടുത്തിരിക്കുകയാണ്. രോഹിത്തും ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ടിന് ശേഷം എത്തുന്നത് കോലിയാണ്. ഇതിന് ശേഷം അതീവപ്രാധാന്യമുള്ള നാലാം നമ്പറില്‍ രവി ശാസ്ത്രി ആരെ പരീക്ഷിക്കുമെന്നത് വ്യക്തമായിട്ടില്ല.

കെ എല്‍ രാഹുല്‍, റിഷഭ് പന്ത് ഒപ്പം ദിനേശ് കാര്‍ത്തിക്കിന്‍റെ പേരും ഈ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. യുവതാരങ്ങളായ റിഷഭ് പന്ത് , വിജയ് ശങ്കർ എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ സെലക്ടർമാർ ഉറ്റുനോക്കുന്നത്. പരമ്പരയിലെ മികച്ച പ്രകടനം ഈ താരങ്ങള്‍ക്ക് ചിലപ്പോള്‍ ലോകകപ്പിലേക്കുള്ള വഴികള്‍ തുറന്ന് കൊടുത്തേക്കാം.

യുസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് സ്പിൻ ജോഡിയാവും ഓസീസിന് പ്രധാന തലവേദന. ഇന്ത്യന്‍ പിച്ചിന്‍റെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ ഇരുവരും ശ്രമിക്കുന്നതോടെ കുത്തി തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ കറങ്ങിയ വീഴാതിരിക്കാനാകും ഓസീസിന്‍റെ പ്രയത്നം.

ഗ്ലെൻ മാക്സ്‍വെൽ, ആരോൺ ഫിഞ്ച് എന്നിവരുടെ ഇന്ത്യൻ പിച്ചുകളിലെ പരിചയം തുണയാവുമെന്നാണ് ഓസീസിന്‍റെ പ്രതീക്ഷ. ബിഗ് ബാഷ് ലീഗിന് ശേഷമെത്തുന്നതിനാൽ ഓസീസ് താരങ്ങളെല്ലാം ട്വന്‍റി 20യുടെ ട്രാക്കിലാണ്. സ്റ്റോണിസിന്‍റെയും ഡാർസി ഷോർട്ടിന്‍റെയും കൂറ്റനടികൾക്കൊപ്പം പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിംഗ് നിരയുടെ പ്രകടനവും നിർണായകമാവും. 

Follow Us:
Download App:
  • android
  • ios