Asianet News MalayalamAsianet News Malayalam

അടിച്ചൊതുക്കി ധവാന്‍, എറിഞ്ഞിട്ട് ഭുവി; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

india beat sa by 28 runs in 1st t20
Author
First Published Feb 18, 2018, 8:59 PM IST

വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 175 റണ്‍സേ എടുക്കാനായുള്ളൂ. ഭുവനേശ്വര്‍ കുമാര്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരാജയം സമ്മതിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ റീസാ റീസ ഹെന്‍ഡ്രിക്‌സാണ്(50 പന്തില്‍ 70) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തുടക്കത്തില്‍ തന്നെ അരിഞ്ഞുവീഴ്ത്തി ഭുവി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.  ഓപ്പണര്‍ ജെ.ജെ സ്മട്ടിനെയും(14), നായകന്‍ ജെ പി ഡുമിനിയെയും(3) ഭുവി മടക്കി. പിന്നാലെ ഒമ്പത് റണ്‍സെടുത്ത മില്ലറെ പാണ്ഡ്യ പുറത്താക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 48 എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ബെഹാദീനെ കൂട്ടുപിടിച്ച് റീസ ഹെന്‍ഡ്രിക്‌സ് അഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക രണ്ടാം ജന്‍മം സ്വപ്നം കണ്ടു. 

എന്നാല്‍ ബെഹാദീനും(39 ഹെന്‍ഡ്രിക്‌സും(70) അടുത്തടുത്ത് പുറത്തായതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം അവസാനിച്ചു. ക്ലാസന്‍ 16 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറ്റുള്ളവരെല്ലാം വന്നവേഗത്തില്‍ മടങ്ങി. ഇന്ത്യയ്ക്കായി ഉനദ്കട്ട്, പാണ്ഡ്യ, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തിരുന്നു.

ഇന്ത്യയ്ക്കായി ഓപ്പണര്‍ ശീഖര്‍ ധവാന്‍ അര്‍ദ്ധ സെഞ്ചുറി(72) നേടി. മറ്റ് ബാറ്റ്സ്മാന്‍മാര്‍ ബൗണ്ടറികളുമായി കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തുകയായിരുന്നു. മനീഷ് പാണ്ഡെ(29), വിരാട് കോലി(26), രോഹിത് ശര്‍മ്മ (21) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡലാ രണ്ടും ക്രിസ് മോറിസും തബ്രൈസ് ഷംസിയും അന്‍ഡിലേ ഫെലൂക്വായോയും ഓരോ വിക്കറ്റും വീഴ്ത്തി.
 

Follow Us:
Download App:
  • android
  • ios