Asianet News MalayalamAsianet News Malayalam

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഓസീസിനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. ഇന്ത്യയെ 250ന് പുറത്താക്കി ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ഓസീസ് രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്.

India in hit back Aussies in Adelaide test
Author
Adelaide SA, First Published Dec 7, 2018, 8:06 AM IST

അഡ്‌ലെയ്ഡ്:  ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. ഇന്ത്യയെ 250ന് പുറത്താക്കി ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ഓസീസ് രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26) എന്നിവരേയാണ് ഓസീസിന് നഷ്ടമായായത്. ഇശാന്ത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ഉസ്മാന്‍ ഖവാജ (21), ഷോണ്‍ മാര്‍ഷ് എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യ ആദ്യ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍പോലും ചേര്‍ക്കാനാവാതെ ആള്‍ ഔട്ടായിരുന്നു.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആതിഥേയര്‍ക്ക് ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയുടെ ഒരു മനോഹരമായ പന്ത് ബാറ്റിലും കാലിനുമിടയിലൂടെ സ്റ്റംപില്‍ പതിച്ചു. പിന്നീടെത്തിയ ഖവാജയും ഹാരിസും സ്‌കോര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അശ്വിന്‍ പന്തെറിയാന്‍ എത്തിയതോടെ രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. അശ്വിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സില്ലി മിഡ് ഓഫില്‍ മുരളി വിജയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 

നേരത്തെ, രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ക്രിസീലുണ്ടായിരുന്ന മുഹമ്മദ് ഷമി ഓസീസ് പേസര്‍ ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി മടങ്ങി. ലെഗ് സൈഡില്‍ കുത്തി ഉയര്‍ന്ന് പന്ത് ഷമിയുടെ ഗ്ലൗവില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലേക്ക്. ബുംറ (0) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയുടെ മുഖം രക്ഷിച്ചത്. ഒരുവശത്ത് വിക്കറ്റ് കൊഴിയുമ്പോള്‍ പ്രതിരോധിച്ച് കളിച്ച പൂജാര ഓസ്ട്രേലിയന്‍ മണ്ണില്‍ തന്റെ 'റിയല്‍ ക്ലാസ്' പുറത്തെടുക്കുകയായിരുന്നു. മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നു. മധ്യനിരയില്‍ പ്രതിരോധക്കോട്ടെ കെട്ടുമെന്ന് കരുതിയ രഹാനെയെ(13) ഹേസല്‍വുഡ് പുറത്താക്കിയതോടെ ആദ്യ സെഷനില്‍ നാലിന് 56 റണ്‍സെന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. 

രോഹിത് ശര്‍മ (61 പന്തില്‍ 37), ഋഷഭ് പന്ത് (38 പന്തില്‍ 25) എന്നിവരേ നഷ്ടമായതോടെ ഇന്ത്യ ആറിന് 127 എന്ന അവസ്ഥയിലായി. എന്നാല്‍ പൊരുതിനിന്ന പൂജാര പിന്നാലെ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുകയായിരുന്നു. പിന്നാലെ അശ്വിനെ കൂട്ടുപിടിച്ചായി പൂജാരയുടെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍ 76 പന്തില്‍ 25 റണ്‍സെടുത്ത അശ്വിനെ 74-ാം ഓവറില്‍ കമ്മിന്‍സ് പുറത്താക്കിയത് തിരിച്ചടിയായി. ഇശാന്തിനും തിളങ്ങാനായില്ല. 20 പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ സ്റ്റാര്‍ക് ബൗള്‍ഡാക്കി. എട്ട് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ 210 റണ്‍സാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ പൂജാര സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് ശേഷം വേഗമാര്‍ജിച്ച പൂജാര 123ല്‍ നില്‍ക്കേ റണ്‍ ഔട്ടായതോടെ ഒന്നാം ദിനം കളിയവസാനിപ്പിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios