Asianet News MalayalamAsianet News Malayalam

ബൗളര്‍മാരുടെ കരുത്തില്‍ പഞ്ചാബിനെ വീഴ്ത്തി ഹൈദരാബാദ്

  • സണ്‍റൈസേഴ്സിന് 13 റണ്‍സിന്‍റെ ജയം
  • ബേസില്‍ തമ്പിക്ക് രണ്ട് വിക്കറ്റ്
IPL2018 Sunrisers Hyderabad won by 13 runs

ഹൈദരാബാദ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 13 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം. വിജയലക്ഷ്യമായ 133 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിനെ ബൗളര്‍മാരുടെ കരുത്തില്‍ സണ്‍റൈസേഴ്സ് എറിഞ്ഞൊതുക്കുകയായിരുന്നു. കിംഗ്സ് ഇലവന്‍റെ പോരാട്ടം 19.2 ഓവറില്‍ 119ല്‍ അവസാനിച്ചു. ഗെയ്‌ലും രാഹുലും നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് പഞ്ചാബിനെ തോല്‍വിയിലേക്ക് തളളിവിട്ടത്.

മറുപടി ബാറ്റിംഗില്‍ പേരുകേട്ട സണ്‍റൈസേഴ്സ് ബൗളര്‍മാരെ നിരാശരാക്കിയാണ് ഗെയ്‌ലും രാഹുലും ഇന്നിംഗ് തുടങ്ങിയത്. കരുതലോടെ കളിച്ച ഇരുവരും എട്ട് ഓവറില്‍ പഞ്ചാബിനെ 50 കടത്തി. എന്നാല്‍ 26 പന്തില്‍ 32 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി റഷീദ് ഖാന്‍ തിരിച്ചടിച്ചു. തൊട്ടടുത്ത ഓവറില്‍ മലയാളി താരം ബേസില്‍ തമ്പി റിട്ടേണ്‍ ക്യാച്ചിലൂടെ ഗെയ്‌ലിനെയും മടക്കിയതോടെ പഞ്ചാബിന് ഇരട്ട പ്രഹരം. 

ഓപ്പണര്‍മാര്‍ പുറത്തായതോടെ മധ്യനിര ചീട്ടുകൊട്ടാരം പോലെ കരുന്നതാണ് കണ്ടത്. മൂന്നാമന്‍ മായങ്ക് അഗര്‍വാളിനും അധികം ആയുസുണ്ടായിരുന്നില്ല. 15 പന്തില്‍ 12 റണ്‍സെടുത്ത മായങ്കിനെ ഷാക്കിബ് പറഞ്ഞയച്ചു. സ്‌പിന്നര്‍ റഷീദ് ഖാനെറിഞ്ഞ 14-ാം ഓവറിലെ നാലാം പന്തില്‍ കരുണ്‍ നായരും(13) പുറത്ത്. തൊട്ടടുത്ത ഓവറില്‍ ഷാക്കിബ് കൂറ്റനടിക്ക് ശ്രമിച്ച ഫിഞ്ചിനെ(8) അതിര്‍ത്തിയില്‍ പാണ്ഡെയുടെ കൈകളിലെത്തിച്ചു. 

സന്ദീപ് ശര്‍മ്മ എറിഞ്ഞ 16-ാം ഓവറില്‍ തിവാരിയും(1), ടൈയും(4) പുറത്തായതോടെ പഞ്ചാബ് തരിപ്പിണമായി. ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കിംഗ്സ് ഇലവന്‍ ഏഴ് വിക്കറ്റിന് 97. മൂന്ന് വിക്കറ്റ് ശേഷിക്കേ നാല് ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 36 റണ്‍സ്. എന്നാല്‍ സ്രാന്‍(2) റണൗട്ടായതും പോരാട്ടത്തിന് മുതിരാതെ അശ്വിന്‍(4) കീഴടങ്ങുക കൂടി ചെയ്തതോടെ പഞ്ചാബ് തോല്‍വിയുറപ്പിച്ചു. അവസാന ഓവറില്‍ അങ്കിതിന്‍റെ കുറ്റി തെറിപ്പിച്ച് മലയാളി താരം ബേസില്‍ തമ്പി സണ്‍റൈസേഴ്സിനെ വിജയിപ്പിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. നാല് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ അങ്കിത് രജ്പൂതാണ് സണ്‍റൈസേഴ്സിനെ എറിഞ്ഞിട്ടത്. അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെ(54) ആണ് സണ്‍റൈസേഴ്സിന്‍റെ ടോപ് സ്കോറര്‍. ഷാക്കിബ്(28), യൂസഫ് പഠാന്‍(21), ധവാന്‍(11) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സംഭാവന. പഞ്ചാബിനായി മുജീബ് ഒരു വിക്കറ്റ് വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios