Asianet News MalayalamAsianet News Malayalam

കാഹിലിന് വിനീതിന്‍റെ മറുപടി; രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് അത്യുഗ്രന്‍ സമനില

ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരെ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. ടീമിന് ആവശ്യമായ സമയത്ത് വലകുലുക്കുന്ന ശീലം സി.കെ വിനീത് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചപ്പോള്‍ എതിരാളിയുടെ മൈതാനത്ത് മഞ്ഞക്കുപ്പായക്കാര്‍...

ISL 2018 Kerala Blasters vs Jamshedpur FC Match Report
Author
jamshadpur, First Published Oct 29, 2018, 9:33 PM IST

ജെംഷഡ്‌പൂര്‍: ഐഎസ്എല്ലില്‍ രണ്ടാം പകുതിയിലെ ശക്തമായ തിരിച്ചുവരവില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ട് ഗോളിന്‍റെ സമനില. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ടശേഷം രണ്ടാം പകുതിയില്‍ ഇരട്ട പ്രഹരവുമായാണ് മഞ്ഞപ്പട സമനില പിടിച്ചത്. 85-ാം മിനുറ്റില്‍ മലയാളി താരം സി.കെ വിനീതിന്‍റെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചപ്പോള്‍ സ്റ്റൊയാനോവിച്ച് പെനാല്‍റ്റി പാഴാക്കിയത് വിജയം തട്ടിത്തെറിപ്പിച്ചു.

മിസ് പാസുകളുമായി കിതച്ച ആദ്യ പകുതി

കിക്കോഫായി ആദ്യ മിനുറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ജെംഷഡ്പൂര്‍ ഇരച്ചെത്തി. മൂന്നാം മിനുറ്റില്‍ ലഭിച്ച ആദ്യ കോര്‍ണറിലൂടെ ജെംഷഡ്പൂര്‍ മുന്നിലെത്തി. കോര്‍ണറില്‍നിന്ന് ഉയര്‍ന്നുവന്ന പന്തില്‍ പറന്നുതലവെച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ടിം കാഹില്‍ ജെംഷഡ്പൂരിന്‍റെ ആദ്യ വെടി പൊട്ടിച്ചു. 11-ാം മിനുറ്റില്‍ തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കുതിച്ചെങ്കിലും ശ്രമം ബോക്‌സില്‍ കിതപ്പില്‍ അവസാനിച്ചു. 

കാഹില്‍ 20-ാം മിനുറ്റില്‍ നല്‍കിയ സുന്ദരന്‍ പാസ് സുസൈരാജിന് വലയിലെത്തിക്കാനായില്ല. എന്നാല്‍ 30-ാം മിനുറ്റില്‍ സെക്കന്‍റ് പോസ്റ്റിലേക്ക് മഴവില്‍ തൊടുത്ത് സുസൈരാജ് ജെംഷഡ്പൂരിന്‍റെ ലീഡ് രണ്ടാക്കി. പിന്നീടുള്ള 10 മിനുറ്റുകള്‍ക്കിടെ രണ്ട് തവണ സുസൈരാജ് ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീഷണിയുയര്‍ത്തി. എന്നാല്‍ ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുപോലുമില്ലാതെ മ‌ഞ്ഞപ്പട ആദ്യ പകുതി അവസാനിപ്പിച്ചു. 

രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ്

56-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കിയതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. സ്റ്റൊയാനോവിച്ച് എടുത്ത സ്‌പോട്ട് കിക്ക് ജെംഷഡ്പൂര്‍ ഗോളി സുബ്രതാ തട്ടിത്തെറിപ്പിച്ചു. എന്നാല്‍ ഇതിന് പ്രാശ്ചിതം ചെയ്ത് 71-ാം മിനുറ്റില്‍ സ്റ്റൊയാനോവിച്ച് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഗോള്‍ മടക്കി. സഹലിന്‍റെ നീക്കത്തിനൊടുവില്‍ ദുംഗലിന്‍റെ പാസില്‍ നിന്ന് സെര്‍ബിയന്‍ താരം അനായാസം വലകുലുക്കുകയായിരുന്നു. 

ബ്ലാസ്റ്റേഴ്‌സിന്‍റെ കളിവേഗമാര്‍ജിച്ചെങ്കിലും മിസ് പാസുകള്‍ വീണ്ടും മഞ്ഞപ്പടയ്ക്ക് തലവേദനയായി. എന്നാല്‍ ടീമിന് ആവശ്യമായ സമയത്ത് വലകുലുക്കുന്ന ശീലം സി.കെ വിനീത് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചപ്പോള്‍ എതിരാളിയുടെ മൈതാനത്ത് മഞ്ഞക്കുപ്പായക്കാര്‍ സമനിലപിടിച്ചു. 85-ാം മിനുറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിന് രക്ഷയായത് ദുംഗലിന്‍റെ പാസ്. ക്ലോസ് റെഞ്ചില്‍ നിന്ന് വിനീതിന്‍റെ ഷോട്ട് വലയെ ചുബിച്ചപ്പോള്‍ ഗോള്‍നില 2-2.

Follow Us:
Download App:
  • android
  • ios