Asianet News MalayalamAsianet News Malayalam

കാര്യവട്ടം  ട്വിന്‍റി 20: റെക്കോഡ് ഇട്ടത് ജയില്‍ വകുപ്പ്.!

karyavattom T20 Match jail
Author
First Published Nov 11, 2017, 11:05 AM IST

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വിന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ചപ്പാത്തിയും ചിക്കനും വിറ്റ് ജയില്‍ വകുപ്പ് റെക്കോഡിട്ടു. ആറുമണിക്കൂറില്‍ 12 കൗണ്ടറുകളിലൂടെ 4,51,020 രൂപയുടെ ഉത്പന്നങ്ങളാണ് ജയില്‍ വകുപ്പ് വിറ്റഴിച്ചത്. 3,21,600 രൂപയ്ക്ക് ഭക്ഷണ സാധനങ്ങള്‍ വിറ്റ കുടുംബശ്രീയും പോക്കറ്റ് നിറച്ചു.

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍റെ (കെ.സി.എ) ആവശ്യപ്രകാരമാണ് സ്റ്റേഡിയത്തില്‍ ചപ്പാത്തി, ചിക്കന്‍, ബിരിയാണി അടക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ജയില്‍വകുപ്പും കുടുംബശ്രീയും വില്‍പ്പന നടത്തിയത്. പതിവു വില്‍പ്പനയ്ക്കു പുറമേ മത്സരദിവസം 12,000 പേര്‍ക്കുള്ള ഭക്ഷണം കൂടി ജയില്‍ വകുപ്പ് ഉണ്ടാക്കിയെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സന്തോഷ് പറഞ്ഞു. 

സ്‌പെഷല്‍ ജയില്‍, വനിതാ ജയില്‍, നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയില്‍, ജയില്‍ കഫറ്റേരിയ എന്നിവിടങ്ങളില്‍നിന്ന് പലഹാരങ്ങളും കാണികള്‍ക്കായി കരുതിയിരുന്നു. കെ.സി.എ. ഭാരവാഹികള്‍, സുരക്ഷയൊരുക്കിയ പോലീസുകാര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരും ജയില്‍ ചപ്പാത്തിയുടെയും ചിക്കന്‍ കറിയുടെയും സ്വാദറിഞ്ഞു. 

സ്‌റ്റേഡിയത്തിലെ 40 കൗണ്ടറുകളിലൂടെയായിരുന്നു കുടുംബശ്രീയുടെ ഭക്ഷണവില്‍പ്പന. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലെ ഇരുപത്തഞ്ചോളം യൂണിറ്റുകള്‍ തയാറാക്കിയ മലബാര്‍ ബിരിയാണി മുതല്‍ കപ്പയും മീന്‍കറിയും വരെയുള്ള ഭക്ഷണത്തിന് ആവശ്യക്കാരേറെയായിരുന്നു. സ്‌റ്റേഡിയത്തിനു സമീപം വീടു വാടകയ്‌ക്കെടുത്തായിരുന്നു പാചകം.

Follow Us:
Download App:
  • android
  • ios