Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കളിക്കുമോ ? ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെയാണ്

Kerala Blasters play off chances here
Author
First Published Feb 20, 2018, 12:36 PM IST

കൊച്ചി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കളിക്കുമോ ? മഞ്ഞപ്പടയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി കാത്തിരുന്നാല്‍ പോരാ. ജംഷഡ്പൂരും ഗോവയും എന്തിന് മുംബൈ വരെ ബ്ലാസ്റ്റേഴ്സിന്റെ വഴിമുടക്കികളാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് മറ്റ് മത്സരങ്ങളുടെ ഫലം കൂടി നിര്‍ണായകമാണ്. ഒപ്പം ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനും കഴിയില്ല.

23ന് ഹോം ഗ്രൗണ്ടില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്സിക്കെതിരെയും മാർച്ച് ഒന്നിന് എവേ ഗ്രൗണ്ടിൽ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗലുരു എഫ്‌സിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ നിര്‍ണായക മത്സരങ്ങള്‍. ചെന്നൈയിനെതിരെയുള്ള കളിയാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഫൈനൽ. 28 പോയിന്റുള്ള ചെന്നൈ കളി ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാണു വരിക. ഈ കളി ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പകുതി ശ്വാസം വീഴും. 16 കളിയിൽ 34 പോയിന്റുള്ള ബംഗലൂരു മാത്രമാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം. 29 പോയന്റുള്ള പൂനെയും 28 പോയന്റുള്ള ചെന്നൈയും പ്ലേ ഓഫിന് തൊട്ടടുത്താണ്. 26 പോയന്റുള്ള ജംഷഡ്പൂരും 24 പോയന്റുള്ള ബ്ലാസ്റ്റേഴ്സും 20 പോയന്റുള്ള ഗോവയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്.

ഇതില്‍ ഗോവയ്ക്ക് ബ്ലാസ്റ്റേഴ്സിനെയും ജംഷഡ്പൂരിനെയും അപേക്ഷിച്ച് അധിക മുന്‍തൂക്കം നല്‍കുന്ന ഘടകം അവര്‍ ഈ രണ്ടു ടീമിനെയും അപേക്ഷിച്ച് രണ്ട് മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂ എന്നതാണ്.അതുകൊണ്ടുതന്നെ, മാർച്ച് നാലിനു നടക്കുന്ന ജംഷഡ്പുർ– ഗോവ മൽസരമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഭാവി തീരുമാനിക്കുക.

ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ ബ്ലാസ്‌റ്റേഴ്‌സിനു പരമാവധി 30 പോയിന്റേ ലഭിക്കൂ. അതേസമയം, ജംഷഡ്പുരിനാകട്ടെ രണ്ടു കളിയും ജയിച്ചാൽ 32 പോയിന്റാകും. അതിനാൽ, ഇനിയുള്ള ഒരു കളിയെങ്കിലും ജംഷഡ്പുർ തോൽക്കുകയോ രണ്ടു മൽസരങ്ങളും സമനിലയിൽ അവസാനിക്കുകയോ വേണം. എങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ വയ്ക്കാം. 25ന് ബെംഗളൂരു എഫ്സിക്കെതിരെയും മാർച്ച് നാലിന് എഫ്സി ഗോവയ്ക്കെതിരെയുമാണു ജംഷഡ്പുരിന്റെ കളികൾ.

25ന് എഫ്‌സി ഗോവ-പുനെ പോരാട്ടത്തില്‍ പൂനെയുടെ ജയത്തിനായാവും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പ്രാര്‍ഥിക്കുക. നാലു കളി ശേഷിക്കുന്ന ഗോവയ്ക്ക് ബ്ലാസ്റ്റേഴ്സിനെയും ജംഷഡ്പൂരിനെയും അപേക്ഷിച്ച് മുന്‍തൂക്കമുണ്ടെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ ഡല്‍ഹിക്കും കൊല്‍ക്കത്തയ്ക്കും എതിരായ മത്സരമൊഴികെയുള്ളത് പോയന്റ് പട്ടികയില്‍ മുന്‍നിരയിലുള്ള ടീമുകളുമായാണെന്നത് മഞ്ഞപ്പടയ്ക്ക് നേരിയ ആശ്വാസമാണ്. 21നു ഡൽഹി, 25ന് പുണെ, 28ന് കൊൽക്കത്ത, നാലിന് ജംഷഡ്പുർ എന്നീ ടീമുകൾക്കെതിരെയാണു ഗോവയുടെ കളി.

Follow Us:
Download App:
  • android
  • ios