Asianet News MalayalamAsianet News Malayalam

കൊച്ചി സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ഫുട്ബോളിന് തടസമാകില്ലെന്ന് കെഎഫ്എ

രണ്ട് മത്സരങ്ങളും ഒരുമിച്ച് വരാത്ത രീതീയില്‍ ഫിക്‌സ്ചറില്‍ മാറ്റം വരുത്തിയാല്‍ രണ്ടു മത്സരങ്ങളും നടത്തികൊണ്ട് പോകാനാകും-കെഎഫ്എ സെക്രട്ടറി പി.അനില്‍കുമാര്‍

KFA response over Kochi ODI match issue

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ പ്രതിഷേധം പുകയുന്നു. ക്രിക്കറ്റിനായി ഗ്രൗണ്ടില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഐഎസ്എല്‍  മത്സരങ്ങള്‍ ഇവിടെ നടത്തുന്നതിന് തടസമാകും എന്നതാണ് പ്രധാന പരാതി. എന്നാല്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ തടയാന്‍ ആവില്ല എന്നതാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെ നിലപാട്.

ഫുട്ബോളിന് മാത്രമല്ല ക്രിക്കറ്റിനും ഇവിടെ ആരാധകരുണ്ടല്ലോ. പോരാത്തതിന് ഇതൊരു അന്താരാഷ്ട്ര മത്സരവുമാണ്. കളിക്കാർ പറയുന്നത് അവരുടെ പേടികളാണ്. എന്ത് കാര്യത്തിനും ഒരു പരിഹാരമുണ്ട്. ടെക്‌നിഷ്യൻസും ഫുട്ബോൾ അസ്സോസിയേഷനും ക്രിക്കറ്റ് അസ്സോസിയേഷനുമായി കൂടി ആലോചിച്ചു ഇതിനൊരു പരിഹാരം കണ്ടുപിടിക്കാൻ നോക്കുമെന്ന് കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തർ പ്രതികരിച്ചു.

നിലവില്‍ സ്റ്റേഡിയം പരിപാലിക്കുന്നത് കെസിഎ ആണ്. സ്റ്റേഡിയത്തിന്റെ ദീര്‍ഘകാല പരിപാലനത്തിന് പറ്റുന്ന രീതിയിലാണ് ജിസിഡിഎ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതു പ്രകാരം അവിടെ ഫുട്ബോളും ക്രിക്കറ്റും നടത്താന്‍ പറ്റുന്ന രീതിയില്‍ ഫിക്‌സ്ചറില്‍ മാറ്റം വരുത്തണം. രണ്ട് മത്സരങ്ങളും ഒരുമിച്ച് വരാത്ത രീതീയില്‍ ഫിക്‌സ്ചറില്‍ മാറ്റം വരുത്തിയാല്‍ രണ്ടു മത്സരങ്ങളും നടത്തികൊണ്ട് പോകാനാകും-കെഎഫ്എ സെക്രട്ടറി പി.അനില്‍കുമാര്‍ പറഞ്ഞു.

ക്രിക്കറ്റിന് പിച്ച് ഒരുക്കുന്നതിനായി കിളച്ചു മറിക്കുന്നതോടെ സ്റ്റേഡിയം ഫുട്ബോളിന് പറ്റാതാകും എന്നതാണ് കളിക്കാരുടെ പരാതി. ഫൂട്ബോളിനുള്ള ഏക അന്താരാഷ്‌ട്ര സ്റ്റേഡിയം ആണ് കൊച്ചിയിലേതെന്നതു കൊണ്ടും  ഇത് സംരക്ഷിക്കണം എന്നതാണ് കളിക്കാരുടെയും ഫുട്ബോള്‍ പ്രേമികളുടെയും ആവശ്യം. ഫിഫ അംഗീകരിച്ച ഇന്ത്യയിലെ ആറു വേദികളില്‍ ഒന്നാണ് കൊച്ചി. ഇനി എന്നാണ് ഒരു ക്രിക്കറ്റ് മത്സരം വരിക എന്ന് പോലും അറിയില്ല.  ക്രിക്കറ്റിനു തിരുവനന്തപുരത്തു അന്താരാഷ്‌ട്ര സ്റ്റേഡിയം ഉണ്ടെന്നിരിക്കെ ഒരു കളിക്ക് മാത്രമായി എന്തിനാണ് കൊച്ചിയിലെ ഗ്രൗണ്ട് കുത്തിപൊളിക്കുന്നത് എന്നാണ് ഫുട്ബോള്‍ തരാം സി കെ വിനീതിന്റെ ചോദ്യം.

എന്നാല്‍ സ്റ്റേഡിയം നല്ലരീതിയില്‍ സംരക്ഷിച്ചാല്‍ മാത്രമേ ഏതു കളി ആണെങ്കിലും നടത്താനാകൂ എന്നാണ് കെഎഫ്എ പറയുന്നത്. നിലവില്‍ ഫുട്ബോള്‍ അസോസിയേഷന്റെ കൈയില്‍ ഇതിനുള്ള പണമില്ല. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടത്തിയ ശേഷം കെസിഎയ്‌ക്ക് ഒറ്റ ദിവസം പോലും സ്റ്റേഡിയം കിട്ടിയിട്ടില്ല. വര്‍ഷത്തില്‍ ഒരു ദിവസം കളി നടത്താനാണ് കെസിഎ സ്റ്റേഡിയം ചോദിക്കുന്നത്. ഇത് തടയാനാവില്ല, കെഎഫ്എ സെക്രട്ടറി പറഞ്ഞു.

ക്രിക്കറ്റിനായി വരുത്തുന്ന മാറ്റങ്ങള്‍ ഐഎസ്എല്‍ മത്സരങ്ങളെ ബാധിക്കില്ലെന്നും ഫുട്ബോളിനായി ഗ്രൗണ്ട് ഒരുക്കാന്‍ ഏറിയാല്‍ 30 ദിവസം മതി എന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ബെര്‍മുഡ ഗ്രാസ് ആണ്. ഇപ്പോള്‍ അതിന്റെ റെഡിമേഡ് ഷീറ്റ് കിട്ടും. അതുപയോഗിച്ചു ഒരു മാസത്തിനകം ഗ്രൗണ്ട് ശരിയാക്കാനാകുമെന്നാണ് കെഎഫ്എ പറയുന്നത്.

Follow Us:
Download App:
  • android
  • ios