Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഗെയ്ല്‍ കൊടുങ്കാറ്റില്‍ പഞ്ചാബിന് 15 റണ്‍സ് ജയം

  • മോഹിത് ശര്‍മ, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 
kings eleven punjab won by 15 runs

മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 15 റണ്‍സ് ജയം. മൊഹാലി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍ മാത്രമാണ് എടുക്കാന്‍ സാധിച്ചത്. 57 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 54 റണ്‍സെടുത്തു. പഞ്ചാബിന് വേണ്ടി മോഹിത് ശര്‍മ, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍ത്താടിയ ക്രിസ് ഗെയ്ല്‍(63 പന്തില്‍ 104) ആണ് കിംഗ്‌സ് ഇലവനെ മുന്നോട്ട് നയിച്ചത്. ഓപ്പണര്‍മാരായ ക്രിസ് ഗെയ്‌ലും ലോകേഷ് രാഹുലും ചേര്‍ന്ന് കിംഗ്‌സ് ഇലവന് നല്‍കിയത് മികച്ച തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 53 റണ്‍സ് നില്‍ക്കേ 18 റണ്‍സെടുത്ത രാഹുല്‍ പുറത്തായി. 10.2 ഓവറില്‍ മൂന്നാമന്‍ മായങ്ക് അഗര്‍വാള്‍(18) കൂടി പവലിയനിലേക്ക് മടങ്ങിയെങ്കിലും ഗെയ്ല്‍ തളര്‍ന്നില്ല. കരുണ്‍ നായര്‍ ഗെയ്‌ലിന് മികച്ച പിന്തുണ നല്‍കിയതോടെ കിങ്സ് ഇലവന്‍ റണ്‍ ദാഹം തീര്‍ക്കുകയായിരുന്നു.  

സണ്‍റൈസേഴ്‌സ് നിരയില്‍ അഫ്ഗാന്റെ വിസ്മയ സ്പിന്നര്‍ റാഷിദ് ഖാനാണ് ഗെയ്‌ലിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത്. റാഷിദിന്റെ 14ാം ഓവറില്‍ ഗെയ്‌ലിന്റെ തുടര്‍ച്ചയായ നാല് സിക്‌സുകളടക്കം സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത് 27 റണ്‍സ്. പതിനെട്ടാം ഓവറിലെ നാലാം പന്തില്‍ 31 റണ്‍സെടുത്ത കരുണ്‍ നായരെ ഭുവി മടക്കിയതാണ് പിന്നീട് സണ്‍റൈസേഴ്‌സിന് ലഭിച്ച ബ്രേക്ക് ത്രൂ.

പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ 11ാം സീസണിലെ കന്നി സെഞ്ചുറി തികച്ച് ഗെയ്ല്‍ ആരാധകരെ ത്രസിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കത്തിക്കയറുകയായിരുന്നു കിങ്സ് ഇലവന്റെ വെസ്റ്റിന്ത്യന്‍ താരം. അവസാന ഓവര്‍ എറിയാന്‍ സണ്‍റൈസേഴ്‌സ് നായകന്‍ വില്യംസണ്‍ പന്തേല്‍പിച്ചത് റാഷിദ് ഖാനെ. ഫിഞ്ച് മികവ് കാട്ടിയപ്പോള്‍ അവസാന ഓവറില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പഞ്ചാബ് 193ലെത്തി. പഞ്ചാബിന്റെ മൂന്നാം ജയമാണിത്. ഹൈദരാബാദിന്റെ ആദ്യ തോല്‍വിയും.
 

Follow Us:
Download App:
  • android
  • ios