Asianet News MalayalamAsianet News Malayalam

കോലിയുടെ ഒറ്റയാള്‍ പോരാട്ടം; ലീഡിനായി ഇന്ത്യ പൊരുതുന്നു

kohli leads as india fight to take lead
Author
First Published Jan 14, 2018, 9:14 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ 335 റണ്‍സ് പിന്തുടരുന്ന ഇന്ത്യ അഞ്ചിന് 183 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ സ്കോറിനൊപ്പമെത്താന്‍ അഞ്ചു വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 152 റണ്‍സ് കൂടി വേണം. 130 പന്തിൽ 85 റണ്‍സെടുത്ത നായകൻ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍, ദക്ഷിണാഫ്രിക്കൻ ബൗളര്‍മാരെ നിര്‍ഭയമായി നേരിട്ട കോലിയാണ് ഇന്ത്യയെ വൻ തകര്‍ച്ചയിൽനിന്ന് രക്ഷിച്ചത്. 11 റണ്‍സോടെ ഹര്‍ദ്ദിക് പാണ്ഡ്യയാണ് കോലിയ്ക്കൊപ്പം ക്രീസിലുള്ളത്. 10 റണ്‍സെടുത്ത ലോകേഷ് രാഹുലിനെ മോര്‍ക്കലും അക്കൗണ്ട് തുറക്കും മുമ്പ് ചേതേശ്വര്‍ പൂജാരയെ ലുങ്കി എൻകിടിയും പുറത്താക്കി.

ലോകേഷ് രാഹുല്‍ 10-ാം ഓവറില്‍ മോണി മോര്‍ക്കലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ പൂജാരയെ അതേ ഓവറില്‍ ഗിറ്റി റണൗട്ടാക്കുകയായിരുന്നു. മുരളി വിജയ്‌‌യുമൊത്തുള്ള ആശയകുഴപ്പമാണ് പൂജാരയുടെ വിക്കറ്റ് നഷ്‌ടമാകാൻ കാരണം. അരങ്ങേറ്റ മൽസരം കളിച്ച എൻകിടിയുടെ ഒന്നാന്തരം ത്രോയാണ് പൂജാരയുടെ വിക്കറ്റ് തെറിപ്പിച്ചത്. രണ്ടിന് 28 എന്ന നിലയിൽ പതറിയ ഇന്ത്യയെ അവിടെമുതൽ കോലി തോളിലേറ്റുകയായിരുന്നു. 46 റണ്‍സെടുത്ത മുരളി വിജയ്‌യെ കേശവ് മഹാരാജ് പുറത്താക്കി. ടീമിലെടുത്തതിന് ഏറെ വിമര്‍ശനത്തിനിടയാക്കിയ രോഹിത് ശര്‍മ്മ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. 10 റണ്‍സെടുത്ത രോഹിതിനെ റബാഡ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നീടെത്തിയ പാര്‍ത്ഥിവ് പട്ടേലും അധികംപിടിച്ചുനിൽക്കാതെ പുറത്തായി. 19 റണ‍്സെടുത്ത പാര്‍ത്ഥിവിനെ എൻകിടിയാണ് പുറത്താക്കിയത്. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ദക്ഷിണാഫ്രിക്കൻ ബൗളര്‍മാര്‍ക്കെതിരെ ആധിപത്യത്തോടെയാണ് കോലി ബാറ്റുവീശിയത്. എട്ടു ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.  

നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 335ന് പുറത്തായിരുന്നു. രണ്ടാം ദിനം ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ദിനം  അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. നായകന്‍റെ ഇന്നിംഗ്സ് കളിച്ച ഫാഫ് ഡുപ്ലസിസ് 142 പന്തില്‍ 63 റണ്‍സ് കുറിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മര്‍ക്രാം(94), ഹാഷിം അംല(82) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. ഡീന്‍ എള്‍ഗര്‍ 31 റണ്‍സെടുത്തും എബി ഡിവില്ലേഴ്സ് 20 റണ്‍സെടുത്തും പുറത്തായി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാലും ഇശാന്ത് ശര്‍മ്മ മൂന്നും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. മികച്ച തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios