Asianet News MalayalamAsianet News Malayalam

കോമണ്‍വെല്‍ത്ത് ഗെയിംസ്; മെഡല്‍ ഉറപ്പിച്ച് മേരികോം

  • മെഡല്‍ ഉറപ്പിച്ച് മേരികോം
  • ബോക്സിംഗില്‍ മേരികോം സെമിഫൈനലില്‍ 
     
Mary Kom enters Commonwealth Games semi finals

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇത് സന്തോഷ ഞായർ. ബോക്സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ബോക്സിങ് ഇതിഹാസ താരം മേരി കോം സെമിഫൈനലിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്കോട്‍‍ലന്‍ഡിന്‍റെ മേഗന്‍ ഗോര്‍ഡനെ തോൽപ്പിച്ചാണ് മേരിയുടെ നേട്ടം.  

48 കിലോ വിഭാഗത്തിൽ ആണ് മേരി കോം മത്സരിക്കുന്നത്. ഒളിംപിക്സിലും ഏഷ്യന്‍ ഗെയിംസിലും ലോക ചാംപ്യന്‍ഷിപ്പിലും മെഡൽ നേടിയിട്ടുള്ള മേരി കോം, കോമൺവെല്‍ത്ത് ഗെയിംസില്‍ മെഡൽ നേടുന്നത് ആദ്യമായാണ്. വനിതാ ബോക്സിംഗ് ആദ്യമായി ഉള്‍പ്പെടുത്തിയ കഴിഞ്ഞ കോമൺവെല്‍ത്ത് ഗെയിംസില്‍ മേരി കോം മത്സരിച്ചിരുന്നില്ല. 

ഷൂട്ടിങ് മത്സരത്തിൽ സ്വർണ്ണവും വെള്ളിയും വെടിവെച്ചിട്ട് ഇന്ത്യൻ വനിതകൾ ചരിത്രമെഴുതി. 10 മീറ്റർ എയർപിസ്റ്റൾ മത്സരത്തിൽ ഇന്ത്യൻ താരങ്ങളായ മനു ഭേകർ സ്വർണ്ണവും ഹീന സിന്ധു വെളളിയും നേടി. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ചരിത്ര നേട്ടം. ഇതോടെ ഗെയിംസില്‍ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം ഒമ്പതായി. ഭാരോദ്വഹനത്തില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ പൂനം യാദവ് ഇന്ത്യക്ക് വേണ്ടി അഞ്ചാം സ്വര്‍ണം നേടി.  ഭാരോദ്വഹനത്തില്‍ നിന്നായിരുന്നു ഇന്ത്യയുടെ അഞ്ചാം സ്വര്‍ണ നേട്ടം .

ഗ്ലാസ്ഗോ ഗെയിംസിലെ വെങ്കലമെഡല്‍ നേട്ടം ഗോള്‍ഡ് കോസ്റ്റില്‍ മെച്ചപ്പെടുത്തുകയായിരുന്നു പൂനം.  സ്നാച്ചില്‍ 100 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 122 കിലോയും ഉയര്‍ത്തിയാണ് പൂനം യാദവിന്‍റെ വിജയം. ടേബിള്‍ ടെന്നിസിൽ ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തി. എന്നാല്‍ നടത്തത്തിൽ മലയാളി താരങ്ങളായി കെ ടി ഇര്‍ഫാനും, സൗമ്യ ബേബിയും നിരാശപ്പെടുത്തി. 

നിലവില്‍ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 22 സ്വര്‍ണവും 17 വെള്ളിയും 20 വെങ്കലവുമടക്കം 59 മെഡലുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 14 സ്വര്‍ണവും 14 വെള്ളിയും 6 വെങ്കലവും നേടിയ ഇംഗ്ലഡ് രണ്ടാം സ്ഥനത്തും 5 സ്വര്‍ണവും 17 വെള്ളിയും 6 വെങ്കലവും നേടിയ കാനഡ നാലാം സ്ഥാനത്തുമാണ്.

 

Follow Us:
Download App:
  • android
  • ios