Asianet News MalayalamAsianet News Malayalam

നല്ല തുടക്കം കിട്ടിയിട്ടും ഓസീസ് തകര്‍ന്നു

Pune Test Starc fifty pushes Australia to 256 on Day 1
Author
Pune, First Published Feb 23, 2017, 11:51 AM IST

പൂനെ: ഇന്ത്യന്‍ പര്യടനത്തില്‍ ഇതിലും നല്ലതുടക്കം ഓസീസിന് ലഭിക്കാനില്ല. ടോസിലെ ഭാഗ്യത്തിന് പുറമെ ഓപ്പണര്‍മാര്‍ നല്ലതുടക്കമിട്ടിട്ടും ഒടുക്കം ഓസീസ് തകര്‍ന്നടിഞ്ഞു. ഉമേഷ് യാദവും സ്പിന്നര്‍മാരും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഓസീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. വാര്‍ണറെ വീഴ്‌ത്തി ഓസീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ട ഉമേഷ് യാദവ് നാലു വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

പന്ത് കുത്തിത്തിരിയുന്ന പൂനെയിലെ പിച്ചില്‍ തുടക്കം ഓസ്ട്രേലിയ ആശിച്ചപോലെയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ സ്മിത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സ്പിന്നര്‍മാര്‍ക്കുള്ള പിന്തുണ തിരിച്ചറിഞ്ഞ ക്യാപ്റ്റന്‍ കൊഹ്‌ലി ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഇഷാന്ത് ശര്‍മയ്ക്കൊപ്പം പന്ത് ഏല്‍പ്പിച്ചത് അശ്വിനെ. തുടക്കത്തിലെ നല്ല ടേണ്‍ കിട്ടിയെങ്കിലും വാര്‍ണറും റെന്‍ഷായും ചേര്‍ന്ന് ഓസീസിന് നല്ലതുടക്കമിട്ടു.

ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സെടുത്തു. 38 റണ്‍സെടുത്ത വാര്‍ണറെ വീഴ്‌ത്തിയ ഉമേഷ് യാദവാണ് ഇന്ത്യക്ക് ആദ്യത്തെ ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടുപിന്നാലെ റെന്‍ഷാ റിട്ടയേര്‍ഡ് ഹര്‍ട്ടായി ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ സ്മിത്തും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ഓസീസിനെ 100 കടത്തിയെങ്കിലും ജയന്ത് യാദവ് മാര്‍ഷിനെ കൊഹ്‌ലിയുടെ കൈകകളിലെത്തിച്ചതോടെ ഓസീസ് പ്രതിരോധത്തിലേക്ക് വീണു.

ഹാന്‍ഡ്സ്കോംബിനെ(22)ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ അമിതപ്രതിരോധത്തിലൂന്നിക്കളിച്ച സ്മിത്തിനെ(27)വീഴ്ത്തി അശ്വിന്‍ ആദ്യ വിക്കറ്റ് നേടി. തൊട്ടുപിന്നാലെ മിച്ചല്‍ മാര്‍ഷിനെ ജഡേജ വീഴ്‌‌ത്തിയതോടെ ഓസീസ് തകര്‍ച്ചയിലായി. മാത്യു വെയ്ഡിനും(8) കാര്യമായ ചെറുത്തുനില്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ വെയ്ഡിന് പിന്നാലെ ടോപ് സ്കോററായ റെന്‍ഷായെ അശ്വിനും ഒക്കഫീയെയും ലിയോണിനെയും തുടര്‍ച്ചയായ പന്തുതളില്‍ ഉമേഷ് യാദവും വീഴ്ത്തിയതോടെ ഓസീസ് 205/9 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.

എന്നാല്‍ അങ്ങനെയങ്ങ് കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് വാലറ്റക്കാരന്‍ ഹേസല്‍വുഡിനെ സാക്ഷി നിര്‍ത്തി അടിച്ചുതകര്‍ത്തതോടെ ഓസീസ് സ്കോറിന് അല്‍പം മാന്യതകൈവന്നു. പിരിയാത്ത അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും ചേര്‍ന്ന് ഇതുവരെ 51 റണ്‍സടിച്ചിട്ടുണ്ട്. ഇതില്‍ ഒരു റണ്ണാണ് ഹേസല്‍വുഡിന്റെ സംഭാവന. 58 പന്തില്‍ 57 റണ്‍സുമായി സ്റ്റാര്‍ക്ക് ഓസീസിന്റെ രണ്ടാമത്തെ ടോപ് സ്കോററായി.

Follow Us:
Download App:
  • android
  • ios