പരമ്പര നേടി; റാങ്കിംഗ് കൈവിട്ട് ഇന്ത്യന്‍ താരങ്ങള്‍
ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. ബാറ്റ്സ്മാന്‍മാരില്‍ വിരാട് കോലിയും ബൗളര്‍മാരില്‍ ജസ്‌പ്രീത് ബൂംറയും സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി. റാങ്കിംഗില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ താരങ്ങളായ കോലി ആറാമതും ബൂംറ അഞ്ചാമതുമാണ്. ബാറ്റ്സ്മാന്‍മാരില്‍ ന്യൂസീലാന്‍ഡ് താരം കോളിന്‍ മണ്‍റോയും ബൗളര്‍മാരില്‍ അഫ്ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനുമാണ് ഒന്നാം സ്ഥാനത്ത്.
ത്രിരാഷ്ട്ര പരമ്പരയില്‍ സെഞ്ചുറിയടക്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച മണ്‍റോ അഞ്ച് സ്ഥാനം ഉയര്‍ന്നാണ് മുന്നിലെത്തിയത്. ഓസീസിന്‍റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പാക്കിസാഥാന്‍റെ ബാബര്‍ അസമാണ് മൂന്നാമത്. ബൗളര്‍മാരില്‍ അപരാജിത ഫോം തുടരുന്ന റാഷിദ് ഖാന്‍ ഏകദിനത്തിന് പിന്നാലെ ടി20യിലും തലപ്പത്തെത്തുകയായിരുന്നു. രണ്ടാമത് വെസ്റ്റിന്‍ഡീസിന്‍റെ സാമുവല്‍ ബദ്രിയും മൂന്നാമത് പാക്കിസ്ഥാന്‍റെ ഇമ്രാന്‍ വസീമുമാണ്.
ലോകേഷ് രാഹുലാണ് ബാറ്റ്സ്മാന്‍മാരില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. അതേസമയം ബുംറയൊഴികെ മറ്റാരും ആദ്യ പത്തിലില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഭുവി 12-ാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരില്‍ ഷാക്കിബ് അല്‍ ഹസനെ മറികടന്ന് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്‍ ഒന്നാമതെത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും ആദ്യ പത്തിലിടം നേടാനായില്ല.