Asianet News MalayalamAsianet News Malayalam

രോഹിതിന് മൂന്നാം ഡബിള്‍; ഇന്ത്യ നാലിന് 392

rohit double ton drives india to 392
Author
First Published Dec 13, 2017, 3:13 PM IST

മൊഹാലി: ഡബിള്‍ സെ‍ഞ്ച്വറി ശീലമാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മയുടെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നാലിന് 392 റണ്‍സ് അടിച്ചുകൂട്ടി. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ(പുറത്താകാതെ) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ വമ്പൻ സ്‌കോറിലെത്തിച്ചത്. രോഹിതിന് പുറമെ ഓപ്പണര്‍ ശിഖര്‍ ധവാൻ(68), യുവതാരം ശ്രേയസ് അയ്യര്‍(88) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജ്ജമായത്.

ആദ്യ മൽസരത്തിൽ തകര്‍ന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര വേഗത്തിൽ താളം കണ്ടെത്തുന്നതാണ് മൊഹാലിയിൽ കാണാനായത്. ഒന്നാം വിക്കറ്റിൽ രോഹിതും ധവാനും ചേര്‍ന്നെടുത്ത 115 റണ്‍സാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് അടിത്തറ പാകിയത്. ധവാന് പകരമെത്തിയ പുതുമുഖതാരം ശ്രേയസ് അയ്യര്‍, രോഹിതിനൊപ്പം ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയതോടെ ഇന്ത്യ സുരക്ഷിതമായ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിലെ പതിനാറാം സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ 115 പന്തിൽനിന്നാണ് സെഞ്ച്വറി തികച്ചത്. സെഞ്ച്വറി തികച്ചശേഷം വെടിക്കെട്ടിന് തിരികൊളുത്തിയ രോഹിത് അടുത്ത 100 റണ്‍സ് അടിക്കാൻ എടുത്തത് വെറും 36 പന്ത് മാത്രമാണ്. 12 സിക്‌സറുകളും 13 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ തകര്‍പ്പൻ ഇന്നിംഗ്സ്. ഒന്നാം വിക്കറ്റിൽ ധവാനൊപ്പം 115 റണ്‍സെടുത്ത രോഹിത്, രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യര്‍ക്കൊപ്പം 213 റണ്‍സും കൂട്ടിച്ചേര്‍ത്തിരുന്നു.

ഏകദിനത്തിലെ 23-ാം അര്‍ദ്ധശതകം തികച്ച ധവാൻ 67 പന്തിൽനിന്ന് ഒമ്പത് ബൗണ്ടറി ഉള്‍പ്പടെയാണ് 68 റണ്‍സെടുത്തത്. 70 പന്ത് നേരിട്ടാണ് ശ്രേയസ് അയ്യര്‍ 88 റണ്‍സെടുത്തത്. ഇതിൽ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഉള്‍പ്പെടുന്നു.

ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചെത്താന്‍ വിജയം അനിവാര്യമാണ്. പുതുമുഖതാരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ അജിങ്ക്യ രഹാനയെ ഇക്കുറിയും ടീം മാനേജ്മെന്‍റ് തഴഞ്ഞു.

Follow Us:
Download App:
  • android
  • ios