Asianet News MalayalamAsianet News Malayalam

റൊണാള്‍ഡീഞ്ഞ്യോ ബൂട്ടഴിച്ചു; നഷ്ടമാകുന്നത് കാല്‍പ്പന്തുകളിയുടെ മാസ്മരിക സൗന്ദര്യം

ronaldinho retires from football
Author
First Published Jan 17, 2018, 12:46 PM IST

റിയോ ഡി ജനീറോ: ലോകകപ്പ് നേടിയ ബ്രസീല്‍ ടീം അംഗമായിരുന്ന റൊണാള്‍ഡീഞ്ഞ്യോ കളി ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. രണ്ടു വര്‍ഷത്തോളമായി കളിക്കളത്തില്‍നിന്ന് വിട്ടുനിന്നശേഷമാണ് റൊണാള്‍ഡീഞ്ഞ്യോ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ബാഴ്സലോണ, പാരിസ് സെന്റ് ജെര്‍മെയ്ന്‍ എന്നീ ടീമുകളില്‍ വര്‍ഷങ്ങളോളം നിറഞ്ഞുനിന്ന റൊണാള്‍ഡീഞ്ഞ്യോ 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. 2015ല്‍ ഫ്‌ലമിനന്‍സെയ്ക്കുവേണ്ടിയാണ് റൊണാള്‍ഡീഞ്ഞ്യോ ഒടുവില്‍ ബൂട്ടണിഞ്ഞത്. റൊണാള്‍ഡീഞ്ഞ്യോയുടെ സഹോദരനും ഏജന്റുമായ റോബെര്‍ട്ടോ അസിസ് ആണ് 37കാരനായ റൊണാള്‍ഡീഞ്ഞ്യോയുടെ വിരമിക്കല്‍ തീരുമാനം പുറത്തുവിട്ടത്. ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് റൊണാള്‍ഡീഞ്ഞ്യോയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബ്രസീല്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും ലഭ്യമിടുന്നുണ്ട്.

പോര്‍ട്ടോ അലെഗ്രേയില്‍ ഗ്രേമിയോയ്ക്കുവേണ്ടി കളിച്ചുകൊണ്ടാണ് റൊണാള്‍ഡീഞ്ഞ്യോയുടെ കരിയര്‍ തുടങ്ങുന്നത്. അതിനുശേഷം പാരിസ് സെന്റ് ജെര്‍മെയ്നുവേണ്ടി കളിച്ചതോടെയാണ് റൊണാള്‍ഡീഞ്ഞ്യോ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. 2003ല്‍ റെക്കോര്‍ഡ് പ്രതിഫലം വാങ്ങി ബാഴ്‌സലോണയിലെത്തിയ റൊണാള്‍ഡീഞ്ഞ്യോ 2008 വരെ അവിടെ തുടര്‍ന്നു. 2005ല്‍ ബാലണ്‍ ഡീ ഓര്‍ പുരസ്‌ക്കാരം നേടിയ റൊണാള്‍ഡീഞ്ഞ്യോ, 2006ല്‍ കറ്റാലന്‍ ക്ലബിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2008 മുതല്‍ 2011 വരെ എ സി മിലാനുവേണ്ടി കളിച്ച റൊണാള്‍ഡീഞ്ഞ്യോ പിന്നീട് ബ്രസീലിലേക്ക് തിരിച്ചെത്തുകയും ഫ്‌ലമെന്‍ഗോ, അത്ലറ്റിക്കോ മിനേറോ എന്നീ ടീമുകള്‍ക്കുവേണ്ടിയും ബൂട്ടണിഞ്ഞു. അതിനുശേഷം ഒരു സീസണ്‍ മെക്സിക്കോയില്‍ ക്വാരറ്റാരോയ്ക്കുവേണ്ടിയും ഒടുവില്‍ ബ്രസീലില്‍ ഫ്‌ലമിനെന്‍സിനുവേണ്ടി കളിച്ച് കളി മതിയാക്കുകയും ചെയ്തു.

ബ്രസീലിനുവേണ്ടി 97 മല്‍സരങ്ങളില്‍ കളിച്ച റൊണാള്‍ഡീഞ്ഞ്യോ 33 ഗോളുകള്‍ നേടി. 2002ല്‍ ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പില്‍ രണ്ടു ഗോളുകള്‍ നേടുകയും, കാനറികളെ വിശ്വവിജയികളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. മഴവില്ല് പോലെയുള്ള ഫ്രീകിക്കുകളും തകര്‍പ്പന്‍ ക്രോസുകളുമാണ് റൊണാള്‍ഡീഞ്ഞ്യോയെ ശ്രദ്ധേയനാക്കിയത്. പന്തുമായി വേഗത്തില്‍ കുതിച്ചെത്തുന്ന റൊണാള്‍ഡീഞ്ഞ്യോയെ തടുക്കാന്‍ പലപ്പോഴും പ്രതിരോധനിരക്കാര്‍ക്ക് സാധിച്ചിരുന്നില്ല. മധ്യനിരയില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായി നിറഞ്ഞുനിന്ന റൊണാള്‍ഡീഞ്ഞ്യോ ശരിക്കും കാല്‍പ്പന്തുകളിയുടെ മാസ്മരിക സൗന്ദര്യം തന്നെയായിരുന്നു.

Follow Us:
Download App:
  • android
  • ios