Asianet News MalayalamAsianet News Malayalam

ഓസീസ്- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; വിക്കറ്റ് മഴയില്‍ കുതിര്‍ന്ന് ആദ്യ ദിനം

  • ആദ്യ ദിനം വീണത് 11 വിക്കറ്റുകള്‍
  • ഒരവസരത്തില്‍ 161-4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഓസീസ് 243ന് പുറത്തായി
sa vs aus 2nd test

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം ബൗളര്‍മാരുടെ തേര്‍വാഴ്ച്ച. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 243 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 39 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 

ഡീന്‍ എല്‍ഗര്‍ 11 റണ്‍സെടുത്തും നൈറ്റ് വാച്ച്മാന്‍ കഗിസോ റബാഡ 17 റണ്‍സുമായും ക്രീസിലുണ്ട്‍. 11 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമിനെ പാറ്റ് കമ്മിണ്‍സ് എല്‍ബിഡബ്ലൂവില്‍ പുറത്താക്കി. നേരത്തെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കഗിസോ റബാഡയാണ് ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടത്. ഒരവസരത്തില്‍ 161-4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഓസീസ് 243ന് പുറത്താവുകയായിരുന്നു.

സെയ്ന്‍റ് ജോര്‍ജ് പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് കാമറോണ്‍ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ രണ്ടാം സെഷനില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ ഓസീസ് തകരുകയായിരുന്നു. ഓസീസിനായി വാര്‍ണര്‍(63) അര്‍ദ്ധ സെഞ്ചുറി നേടി. ബാന്‍ക്രോഫ്റ്റ് 38 റണ്‍സെടുത്തും നായകന്‍ സ്റ്റീവ് സ്മിത്ത് 25 റണ്‍സുമായും പുറത്തായി. 

മധ്യനിരയില്‍ ഷോണ്‍ മാര്‍ഷ്(24), ടീം പെയ്‌ന്‍(36) എന്നിങ്ങനെയായിരുന്നു മറ്റ് ഓസീസ് താരങ്ങളുടെ ഉയര്‍ന്ന സ്കോര്‍. ഉസ്‌മാന്‍ ഖവാജ(4), മിച്ചല്‍ മാര്‍ഷ്(4), പാറ്റ് കമ്മിണ്‍സ്(0) മിച്ചല്‍ സ്റ്റാര്‍ക്(8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. റബാഡ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എന്‍ഗിഡി മൂന്നും ഫിലാന്‍ഡര്‍ രണ്ടും വിക്കറ്റ് പിഴുതു. 


 

Follow Us:
Download App:
  • android
  • ios