Asianet News MalayalamAsianet News Malayalam

'ശരിയായി കളിക്കാനും ജീവിക്കാനും പഠിപ്പിച്ച മനുഷ്യന്‍'; പ്രിയ ഗുരുവിനെ ഓര്‍മ്മിച്ച് സച്ചിന്‍

അന്തരിച്ച പ്രമുഖ ക്രിക്കറ്റ് പരിശീലകന്‍ രമാകാന്ത് അച്‌രേക്കറിന് ആദരമര്‍പ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അച്‌രേക്കര്‍ സര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുമെന്ന് സച്ചിന്‍റെ വാക്കുകള്‍.

sachin tendulkar pays emotional tribute to ramakant achrekar
Author
Mumbai, First Published Jan 3, 2019, 7:00 AM IST

മുംബൈ: അന്തരിച്ച പ്രമുഖ ക്രിക്കറ്റ് പരിശീലകന്‍ രമാകാന്ത് അച്‌രേക്കറിന് ആദരമര്‍പ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സ്‌കൂള്‍ പഠനകാലയളവില്‍ സച്ചിനിലെ പ്രതിഭയെ കണ്ടെത്തി രൂപപ്പെടുത്തിയ പരിശീലകനാണ് അച്‌രേക്കര്‍. ക്രിക്കറ്റ് ലോകത്തിന് എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാനെ സമ്മാനിച്ച മാന്ത്രികന്‍. അച്‌രേക്കര്‍ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുമെന്ന് പ്രിയ ശിഷ്യനായ സച്ചിന്‍ കുറിച്ചു. 

സ്വര്‍ഗത്തിലെ ക്രിക്കറ്റ് അച്‌രേക്കര്‍ സറിന്‍റെ സാന്നിധ്യത്താല്‍ സമ്പന്നമായിരിക്കും. മറ്റനേകം വിദ്യാര്‍ത്ഥികളെ പോലെ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത് അച്‌രേക്കറില്‍ നിന്നാണ്. തന്‍റെ ജീവിതത്തിലെ അദേഹത്തിന്‍റെ സംഭാവനകള്‍ പറഞ്ഞറിയിക്കാനാകില്ല. താനിപ്പോള്‍ നില്‍ക്കുന്ന ഉയരങ്ങള്‍ക്ക് അടിത്തറയിട്ടത് അദേഹമാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം മറ്റ് ചില ശിഷ്യന്‍മാര്‍ക്കൊപ്പം രമാകാന്ത് അച്‌രേക്കറിനെ കണ്ടതും സച്ചിന്‍ ഓര്‍മ്മിക്കുന്നു.

ശരിയായി കളിക്കാനും ജീവിക്കാനും പഠിപ്പിച്ച ഗുരുവാണ് അച്‌രേക്കറെന്നും സച്ചിന്‍ കുറിച്ചു. വിവിഎസ് ലക്ഷ്‌മണനും മുഹമ്മദ് കൈഫും അടക്കമുള്ള മുന്‍ താരങ്ങളും അനുസ്‌മരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു മരതകം സമ്മാനിച്ച രമാകാന്ത് എന്നായിരുന്നു വിവിഎസിന്‍റെ ട്വീറ്റ്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്ന വലിയ സമ്മാനം ഞങ്ങള്‍ക്ക് സമ്മാനിച്ചയാളാണ് അച്‌രേക്കര്‍ എന്നാണ് കൈഫിന്‍റെ വാക്കുകള്‍. 

മുംബൈയില്‍ ഇന്നലെയായിരുന്നു 86കാരനായ അച്‌രേക്കറിന്‍റെ അന്ത്യം.  അച്‌രേക്കറിന് കായികരംഗത്തെ പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചര്യ പുരസ്‌കാരം 1990ല്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം രമാകാന്ത് അച്‌രേക്കറിനെ ആദരിച്ചു. എല്ലാ അധ്യാപകദിനത്തിലും രമാകാന്ത് അച്‌രേക്കറിനെ കാണാന്‍ സച്ചിന്‍ എത്തുമായിരുന്നു. അജിത് അഗാക്കര്‍, സഞ്ജയ് ബംഗാര്‍, വിനോദ് കാബ്ലി, രമേശ് പവാര്‍ തുടങ്ങി ക്രിക്കറ്റില്‍ വലിയ ശിഷ്യ സമ്പാദ്യമുണ്ട് രമാകാന്ത് അച്‌രേക്കറിന്.

Follow Us:
Download App:
  • android
  • ios