Asianet News MalayalamAsianet News Malayalam

നിലനില്‍പ്പിന് ഓസീസ്; പരമ്പര നേടാനുറച്ച് ദക്ഷിണാഫ്രിക്ക

  • ഓസീസിനെതിരെ 1970ന് ശേഷം സ്വന്തം നാട്ടിൽ ആദ്യപരമ്പര വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.
south africa will take aussies in fourth test

ജൊഹാനസ്ബര്‍ഗ്: പന്ത് ചുരണ്ടൽ വിവാദത്തോടെ പാതാളത്തോളം തലകുനിച്ച ഓസ്ട്രേലിയ ഇന്ന് നാലാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഓസീസിനെതിരെ 1970ന് ശേഷം സ്വന്തം നാട്ടിൽ ആദ്യപരമ്പര വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ജൊഹാനസ്ബർഗിൽ ജയം മാത്രമേ, ഓസീസിനെ രക്ഷിക്കൂ, പരമ്പരയിലും നാണക്കേടിലും.

പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ ടീമിനെ നയിക്കാനുള്ള നിയോഗം, ആഭ്യന്തര ടീമിൽ പോലും സ്ഥിരാംഗമല്ലാത്ത ടിം പെയ്ൻ. ഓസ്ട്രേലിയയെ നയിക്കുന്ന അഞ്ചാമത്തെ വിക്കറ്റ് കീപ്പർ. നാൽപ്പത്തിയാറാമത്തെ ക്യാപ്റ്റൻ. വിലക്കുമായി നാട്ടിലേക്ക് മടങ്ങിയ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് പകരമെത്തിയത് ജോ ബേൺസ്, മാറ്റ് റെൻഷോ, ഗ്ലെൻ മാക്സ്‍വെൽ എന്നിവർ.

ടീമിൽ കാതലായ മാറ്റം ഉറപ്പ്. പേസും ബൗൺസും പ്രവചിക്കാനാവാത്ത ജൊഹാനസ്ബർഗ് വിക്കറ്റിൽ ആദ്യ ഇന്നിംഗ്സ് നിർണായകമാവും. പരമ്പരയിൽ 2-1ന് മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് സമനില പോലും സന്തോഷം നൽകും. ഡുപ്ലെസി നയിക്കുന്ന ടീമിൽ മാറ്റമുണ്ടാവില്ല. ഓസ്ട്രേലിയൻ കോച്ച് ഡാരൻ ലീമാന്‍റെയും ദക്ഷിണാഫ്രിക്കൻ പേസർ മോർണേ മാർകലിന്‍റെയും വിടവാങ്ങൽ ടെസ്റ്റ് കൂടിയാണിത്. ഇതുകൊണ്ടുതന്നെ ഇരുടീമിനും വീറും വാശിയുമേറും.

Follow Us:
Download App:
  • android
  • ios