Asianet News MalayalamAsianet News Malayalam

പ്രതിഭാസമായില്ല; പ്രതിഭ മാത്രമായി റൂണി മടങ്ങി

Wayne Rooney career statistics
Author
First Published Aug 24, 2017, 3:57 PM IST

ഫുട്ബോള്‍ ചരിത്രത്തിനും റെക്കാര്‍ഡുകള്‍ക്കുമിടയില്‍ എന്താണ് വെയ്ന്‍ റൂണിയുടെ സ്ഥാനം. ഇതിഹാസ വായ്പുകള്‍ക്കപ്പുറം പ്രതിഭയോട് കൂറു കാണിക്കാന്‍ റൂണിക്കായോ. ലാറ്റിനമേരിക്കയ്ക്കു പുറത്തെ ആദ്യ പെലെയായിരുന്നു വെയ്ന്‍ റൂണി. അല്ലെങ്കില്‍ ബ്രസീലിയന്‍ ഇതിഹാസം സീക്കോയ്ക്ക് ശേഷം പെലെ എന്ന വിശേഷണം ആഘോഷിക്കപ്പെട്ട ആദ്യ താരം. എന്നാല്‍ കരിയറിന്‍റെ തുടക്കത്തില്‍ പ്രകടിപ്പിച്ച മിന്നലാട്ടം തുടരാന്‍ റൂണിക്കായില്ല എന്നതാണ് വസ്തുത. എങ്കിലും യൂറോപ്പിന്‍റെ വെളുത്ത പെലെ ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ജേതാവാണ്. ജോമിറ്റ് ജോസ് എഴുതുന്നു.
 
റൂണിയെ വെളുത്ത പെലെയെന്ന് വിശേഷിപ്പിച്ചവരില്‍ ഒരാള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായിരുന്ന സര്‍ അലക്സ് ഫെര്‍ഗൂസനാണ്. പെലെയുടെ മികവുള്ള ഇംഗ്ലീഷ് താരമെന്നാണ് ഫെര്‍ഗൂസന്‍ റൂണിയെ വിലയിരുത്തിയത്‍. മുന്നേറ്റതാരത്തിനു വേണ്ട വേഗതയും സ്കില്ലും, കരുത്തും ഇഴചേര്‍ന്ന ടോട്ടല്‍ പാക്കേജായിരുന്നു വെയ്ന്‍ റൂണി. അതിനാല്‍ കരുത്തായിരുന്നു പെലെയില്‍ നിന്ന് റൂണിക്ക് അധികയുണ്ടായിരുന്ന ഘടകം. എന്നിട്ടും പെലെയ്ക്കൊപ്പമെത്താന്‍ റൂണിക്ക് കഴിഞ്ഞില്ലെന്നതാണ് ചരിത്രം.പരിക്കായിരുന്നു മൈതാനത്ത് റൂണിയെ നേരിട്ട പ്രധാന വില്ലന്‍. എന്നിട്ടും റൂണി അജയ്യനായി ഗോള്‍വേട്ട തുടര്‍ന്നുകൊണ്ടിരുന്നു.

ഇംഗ്ലണ്ട് മുന്‍ താരം പോള്‍ ഗാസ്കോയ്നുമായുള്ള സമാനതയാണ് റൂണിക്ക് വാസ എന്ന പേരു നല്‍കിയത്. ഇംഗ്ലണ്ടിനായും മാഞ്ചസ്റ്ററിനായും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് റൂണി. ലോകകപ്പൊഴികെയുള്ള പ്രധാന കിരീടങ്ങളെല്ലാം നേടിയ ഇതിഹാസം. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, യൂവേഫ ചാമ്പ്യന്‍സ് ലീഗ്, ലീഗ് കപ്പ്, യൂവേഫ യൂറോപ്പ ലീഗ്, ഫിഫ ക്ലബ് ലോക കിരീടങ്ങള്‍ നേടിയ ഏക ഇംഗ്ലീഷ് താരമെന്നത് വാസയ്ക്ക് മാത്രം സ്വന്തമായ നേട്ടം. യുണൈറ്റഡിലും എവര്‍ട്ടണിലുമായി 272 ഗോളുകളാണ് വെയ്ന്‍ റൂണി അടിച്ചുകൂട്ടിയത്. അതായത് ഇംഗ്ലണ്ടിനൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പേരും ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.

എവര്‍ട്ടണിന്‍റെ യൂത്ത് ടീമിലൂടെ ഒമ്പതാം വയസിലായിരുന്നു പ്രഫഷണല്‍ ഫുട്ബോളില്‍ റൂണിയുടെ അരങ്ങേറ്റം. അലന്‍ ഷിയററിനു ശേഷം പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമായി വെയ്ന്‍ റൂണി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മാത്രം വലകുലുക്കിയത് 183 തവണ‍. പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനായി കൂടുതല്‍ ഗോളെന്ന നേട്ടം ഇതോടെ റൂണി നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി വിവിധ ലീഗുകളില്‍ വാസ അടിച്ചു കൂട്ടിയത് 250 ഗോളുകളാണ്. ഇംഗ്ലീഷ് ഫുട്ബോളില്‍ പ്രതിഭാ ധാരാളിത്തമുള്ള യുണൈറ്റഡിലെ ഗോളടിയന്ത്രമായത് റൂണിയെ വ്യത്യസ്തനാക്കുന്നു . 

Wayne Rooney career statisticsപ്രായം കുറഞ്ഞ താരമെന്ന നേട്ടത്തോടെ 17-ാം വയസിലായിരുന്നു വെള്ളക്കുപ്പായത്തില്‍ റൂണിയുടെ അരങ്ങേറ്റം. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇംഗ്ലണ്ട് ടീമിനായും സ്കോര്‍ ചെയ്ത പ്രായം കുറഞ്ഞ താരമാണ് റൂണി. 19 മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് കുപ്പായമണിഞ്ഞ വാസ 53 ഗോളുകള്‍ നേടി. അതായത് ഇംഗ്ലണ്ട് കുപ്പായത്തില്‍ കൂടുതല്‍ ഗോളെന്ന നേട്ടം റൂണിക്കൊപ്പമാണ്. ഇതിഹാസ ഗോളി പീറ്റര്‍ ഷില്‍ട്ടണിനു പിന്നില്‍ ഇംഗ്ലണ്ടിനായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരവും വെയ്ന്‍ റൂണിയാണ്. എവര്‍ട്ടണില്‍ ആരംഭിച്ച കരിയര്‍ അവിടെ തന്നെ അവസാനിച്ചു.

തന്റെ പ്രതാപകാലത്തിന്റെ നിഴലുമാത്രമായി ഒതുങ്ങിയ വാസ അടുത്തകാലത്ത് വിമര്‍ശകരുടെ സ്ഥിരം ഇരയായി. തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ 200 ഗോളുകള്‍ തികച്ചതിനു പിന്നാലെ വെയ്ന്‍ റൂണി ആ തീരുമാനമെടുത്തു. കഴിഞ്ഞ നവംബറില്‍ സ്‌കോട്‌ലാന്‍ഡിനെതിരെയാണ് അവസാനമായി റൂണി ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞത്. 'ഇംഗ്ലണ്ട് ടീമില്‍ കളിക്കുകയെന്നത് എക്കാലവും എനിക്കൊരു അംഗീകാരമായിരുന്നു. എന്നാല്‍ എനിക്ക് ഇപ്പോള്‍ തോന്നുന്നു പിന്‍വാങ്ങാനുള്ള സമയമായെന്ന്''... റൂണി ബൂട്ടഴിച്ചു.

Follow Us:
Download App:
  • android
  • ios