Asianet News MalayalamAsianet News Malayalam

സഞ്ജുവിന് ഇത് എന്തു പറ്റി ?

What happens to Sanju Samson
Author
Thiruvananthapuram, First Published Nov 23, 2016, 2:42 PM IST

മൊഹാലി: മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ മനസില്‍ ഒരേയൊരു പേരെ ഉണ്ടായിരുന്നുള്ളു. വൃദ്ധിമാന്‍ സാഹയെന്ന ബംഗാളുകാരന്റെ. സാഹയാണ് ടെസ്റ്റില്‍ തന്റെ ആദ്യ ചോയ്സെന്ന് കൊഹ്‌ലി തന്നെ പലവട്ടം പരസ്യമാക്കിയിട്ടുണ്ട്. 32 കാരനായ സാഹ കരിയറിലെ ഭൂരിഭാഗം സമയവും ധോണിയുടെ നിഴലിലായിരുന്നു. ധോണി വിരമിച്ചശേഷം ലഭിച്ച അവസരത്തില്‍ സാഹ ധോണിയെ വെല്ലുന്ന അസാമാന്യ പ്രകടനമൊന്നും കാഴ്ചവെച്ചില്ലെങ്കിലും മോശമാക്കിയില്ല. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നില്‍ സാഹയുടെ സ്ഥാനം ഉറച്ചു.

What happens to Sanju Samsonകുറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷത്തേക്കെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സാഹയ്ക്ക് പകരം മറ്റൊരു പേര് കൊഹ്‌ലിയുടെ മനസിലും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ സാഹയ്ക്ക് പരിക്കേല്‍ക്കുന്നത്. സ്വാഭാവികമായും ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന യുവാതാരങ്ങള്‍ക്കു നേരെയാണ് സെലക്ടര്‍മാര്‍ കണ്ണയക്കേണ്ടത്. ഒരു ടെസ്റ്റിലായാലും ലഭിക്കുന്ന അവസരം മുതലാക്കാനായാല്‍ സാഹയ്ക്ക് ശേഷം ആരെന്നതിനുകൂടിയുള്ള ഉത്തരം കൂടിയാകുമായിരുന്നു അത്. മലയാളി താരം സഞ്ജു സാംസണും കൗമാര വിസ്മയം റിഷബ് പന്തും നിതിന്‍ സെയ്നിയും അടക്കം ഒരുപിടി യുവതാരങ്ങള്‍ ഇന്ത്യയുടെ വിക്കറ്റിന് പിന്നിലെ കാവല്‍ക്കാരാവനുള്ള മത്സരത്തില്‍ ഒപ്പമുണ്ടായിരുന്നു.

What happens to Sanju Samsonഎന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത് പഴയമുഖമായ പാര്‍ഥിവ് പട്ടേലിനെയാണ്. പതിനേഴാം വയസില്‍ അരങ്ങേറ്റം കുറിച്ച പാര്‍ഥിവ് എട്ടുവര്‍ഷത്തിനു ശേഷമാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ തന്നെയാണ് പാര്‍ഥിവ് ടീമിലെത്തിയത്. എങ്കിലും 31 പിന്നിട്ട് പാര്‍ഥിവിന് പകരം പരിഗണിക്കപ്പെടേണ്ടവരില്‍ മുന്‍പന്തിയില്‍ തന്നെ ആയിരുന്നു 'ഇതുവരെ' 22കാരനാ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനം. ഇതുവരെ എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. കാരണം ഈ രഞ്ജി സീസണിലെ പ്രകടത്തിനുശേഷം ഇന്ത്യന്‍ ടിമിലിടം നേടാനുള്ള യുവതാരങ്ങളുടെ ഓട്ടപ്പന്തയില്‍ സഞ്ജു ഒരുപാട് പിന്നിലായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. രഞ്ജിയില്‍ ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവരും വിക്കറ്റ് കീപ്പര്‍മാരണ്. ഡല്‍ഹിയുടെ റിഷബ് പന്തും  ഹരിയാനയുടെ നിതിന്‍ സെയ്നിയുമാണ് ആ രണ്ടുപേര്‍. റണ്‍വേട്ടക്കാരുടെ ആദ്യ 20 പേരില്‍ പോലും സഞ്ജുവിന്റെ പേരില്ല.

സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടാന്‍ത്തക്ക പ്രകടനമൊന്നും ഇത്തവണത്തെ രഞ്ജി സീസണില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നുണ്ടായില്ല. സെഞ്ചുറിയോടെ തുടങ്ങിയ രഞ്ജി സീസണില്‍ പിന്നീട് സഞ്ജുവിന് പിഴയ്ക്കുന്നതാണ് കേരളം കണ്ടത്. 154, 1, 47, 15, 27, 41, 7, 35, 0, 0, 07 എന്നിങ്ങനെയായിരുന്നു ഇത്തവണത്തെ രഞ്ജി സീസണില്‍ സഞ്ജുവിന്റെ പ്രകടനം. ഡല്‍ഹിയുടെ വെടിക്കെട്ട് വീരനും വിക്കറ്റ് കീപ്പറുമായ റിഷബ് പന്തിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇരുവരും തമ്മിലുള്ള അന്തരം വ്യക്തമാവുക.146, 308, 9, 24, 60, 135, 117, 75 എന്നിങ്ങനെയാണ് 19കാരനായ റിഷബ് ഈ രഞ്ജി സീസണില്‍ ഡല്‍ഹിക്കായി അടിച്ചുകൂട്ടിയത്.രഞ്ജിയില്‍ ഈ സീസണിലെ ഏറ്റവും മുന്നിലുളള റണ്‍സ് സ്‌കോറര്‍ കൂടിയാണ് റിഷബ്.ഇതില്‍ 48 പന്തില്‍ സെഞ്ചുറി നേടി രഞ്ജിയിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു.

സ്വാഭാവികമായും സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പേടേണ്ട പ്രകടനം. എന്നാല്‍ 19കാരനായ റിഷബിന് ടെസ്റ്റ് അരങ്ങേറ്റത്തിന് ഇനിയും സമയമുണ്ടെന്ന കാര്യം പരിഗണിച്ചാല്‍പോലും സാഹയുടെ പരിക്ക് ശരിക്കും സഞ്ജുവിന് അനുഗ്രഹമാവേണ്ടതായിരുന്നു, ഇത്തവണത്തെ ആഭ്യന്തര സീസണില്‍ തിളങ്ങിയിരുന്നെങ്കില്‍. ആഭ്യന്തര ക്രിക്കറ്റിലെ മികവിനുള്ള പ്രതിഫലമെന്നോണം റിഷബിനെ സെലക്ടര്‍മാര്‍ ടെസ്റ്റ് ടീമിലെ സ്റ്റാന്‍ഡ് ബൈ ആയി തെരഞ്ഞടുത്തത് സഞ്ജുവിനെപ്പോലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം മോഹിക്കുന്ന മറ്റ് യുവതാരങ്ങള്‍ക്ക് കൂടിയുള്ള സൂചനയാണ്.

What happens to Sanju Samsonസഞ്ജുവിന്റെ മോശം ഫോം രഞ്ജിയിലെ കേരളത്തിന്റെ പ്രതീക്ഷകളെയും തകിടം മറിച്ചു. പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച കേരളം ഇത്തവണ ഒറ്റ വിജയം പോലും നേടാനാവാതെ സീ ഗ്രൂപ്പില്‍ തപ്പിത്തടയുകയാണ്. ഇതുവരെയുള്ള മത്സരങ്ങളില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ മികവുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ആന്ധ്രയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് പോലും നേടാനായില്ല. ആന്ധ്രയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതിരുന്നിട്ടും സഞ്ജുവിന് ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഐപിഎല്ലിലെ മികവുകൊണ്ടുമാത്രം സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കാനിടിയില്ല. പ്രത്യേകിച്ചും ടെസ്റ്റ് ടീമിലേക്ക്. ഒരുപക്ഷെ സിംബാ‌ബ്‌വെ പോലുളള രാജ്യങ്ങളിലേക്കുള്ള അപ്രധാന പര്യടനങ്ങളില്‍ ആളെ തികയ്ക്കാന്‍ ട്വന്റി-20 ടീമില്‍ സെലക്ടര്‍മാര്‍ ഇടം നല്‍കിയേക്കാമെന്നു മാത്രം.ആഭ്യന്തര ക്രിക്കറ്റിലെ മികവുകൊണ്ടുമാത്രമെ സഞ്ജുവിന് ടെസ്റ്റ് ടീമില്‍ ഇടം നേടാനാവൂ. പ്രത്യേകിച്ചും ഗോഡ് ഫാദര്‍മാരില്ലാത്ത സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ക്ക്. 32കാരനായ സാഹയും 31 കാരനായ ദിനേശ് കാര്‍ത്തിക്കുമെല്ലാം അധികം വൈകാതെ കരിയറിലെ നല്ലകാലം പിന്നിടും. പിന്നീട് സഞ്ജുവിനെയും റിഷബിനെയും പോലുള്ള യുവതാരങ്ങളുടെ അവസരമാണ്.

What happens to Sanju Samsonപ്രതിഭകളുടെ തള്ളിക്കയറ്റമുള്ള ഇന്ത്യന്‍ ടീമില്‍ ലഭിച്ച ചെറിയ അവസരത്തില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഗൗതം ഗംഭീറിനെപ്പോലും ഒഴിവാക്കുന്നുവെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനാവാതെകൂടി പോയാല്‍ പിന്നത്തെ കാര്യം പറയേണ്ടതില്ല. അതുകൊണ്ടുതന്നെ മികവിലേക്കുള്ള മടങ്ങിവരവ് ഇനിയും വൈകിയാല്‍ റിഷബ് പന്തിനെപ്പോലുള്ള യുവതാരങ്ങള്‍ സഞ്ജുവിനെയും മറികടന്നുപോകും. ഐപിഎല്ലില്‍ ഉദിച്ചുയര്‍ന്ന് ക്ഷണനേരത്തില്‍ പൊലിഞ്ഞ ഒരുപാട് താരങ്ങളുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍. ആ ടീമിലാണോ തന്റെ സ്ഥാനമെന്ന് ഇനി തീരുമാനിക്കേണ്ടതും സഞ്ജു തന്നെയാണ്.

Follow Us:
Download App:
  • android
  • ios