Asianet News MalayalamAsianet News Malayalam

റിഷഭ് പന്തിനും സഞ്ജുവിനും ഇനി കാത്തിരിപ്പ്; ധോണിക്ക് മുന്നറിയിപ്പ്

മൂന്നുപതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിനെ വേട്ടയാടിയ ജാവേദ് മിയാന്‍ദാദിന്റെ സിക്സറുണ്ടാക്കിയ നാണക്കേട് മായ്ച്ചുകളഞ്ഞതിനൊപ്പം, ആ ഒരൊറ്റ സിക്സര്‍ കൊണ്ട് കാര്‍ത്തിക്ക് മാറ്റിവരച്ചത്, സ്വന്തം കരിയര്‍ഗ്രാഫ് കൂടിയാണ്

Will Dinesh Karthik replace Dhoni  behind wicket

ജനീകാന്ത് സിനിമയിലെ നായകന്റെ മാസ് എന്‍ട്രി പോലെയായിരുന്നു ബംഗ്ലാദേശിനെതിരായ നിദാഹാസ് ട്രോഫി ഫൈനലില്‍ ക്രീസിലേക്കുള്ള ദിനേശ് കാര്‍ത്തിക്കിന്റെ വരവ്. ജയത്തിലേക്ക്  അപ്പോള്‍ ഇന്ത്യക്ക് വേണ്ടത് രണ്ടോവറില്‍ 34 റണ്‍സ്. ലോക ക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷറായ സാക്ഷാല്‍ എം എസ് ധോണി ക്രീസിലുണ്ടെങ്കില്‍പ്പോലും അസാധ്യമെന്ന് ആരാധകര്‍ കരുതുമായിരുന്ന സാഹചര്യം. എന്നാല്‍ ആ രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ കണ്ടതോ, ഒരടിപോലും തിരിച്ചുവാങ്ങാതെ വില്ലന്‍മാരെ മുഴുവന്‍ ഇടിച്ചുനിരപ്പാക്കി സ്ലോ മോഷനില്‍ നടന്നു നീങ്ങുന്ന  രജനിയുടെ അവിശ്വസനീയ പ്രകടനംപോലെ ആകാശത്തേക്ക് ബാറ്റുയര്‍ത്തി വിജയം ആഘോഷിക്കുന്ന ദിനേശ് കാര്‍ത്തിക്കിനെ.

Will Dinesh Karthik replace Dhoni  behind wicketമൂന്നുപതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിനെ വേട്ടയാടിയ ജാവേദ് മിയാന്‍ദാദിന്റെ സിക്സറുണ്ടാക്കിയ നാണക്കേട് മായ്ച്ചുകളഞ്ഞതിനൊപ്പം, ആ ഒരൊറ്റ സിക്സര്‍ കൊണ്ട് കാര്‍ത്തിക്ക് മാറ്റിവരച്ചത്, സ്വന്തം കരിയര്‍ഗ്രാഫ് കൂടിയാണ്. ധോണിയുടെ മുന്‍ഗാമി, ചാപ്പലിന്റെ അരുമശിഷ്യന്‍

Will Dinesh Karthik replace Dhoni  behind wicketഎം എസ് ധോണിക്ക് മുമ്പെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ദിനേശ് കാര്‍ത്തിക്ക്. എന്നാല്‍ നയന്‍ മോംഗിയയെയും സാബാ കരിമിനെയും അജയ് രത്രെയെയുമെല്ലാം കണ്ട് പരിചയമുള്ള, ആദം ഗില്‍ക്രിസ്റ്റിനെപ്പോലൊരു വിക്കറ്റ് കീപ്പറെ കണ്ട് നെടുവീര്‍പ്പിടാറുള്ള ഇന്ത്യന്‍ ആരാധകര്‍ക്ക് വിക്കറ്റ് കീപ്പറെന്നാല്‍ അത്യാവശ്യം ബാറ്റ് പിടിക്കാനറിയാവുന്ന ബാറ്റ്സ്മാന്‍ മാത്രമായിരുന്നു അതുവരെ. ദ്രാവിഡിനെപ്പോലെ തികവുറ്റ ബാറ്റ്സ്മാനെ അത്യാവശ്യം പന്ത് പിടിക്കാനറിയാവുന്ന കീപ്പറാക്കി ഇന്ത്യ ലോകകപ്പ് ഫൈനല്‍വരെ കളിക്കുകയും ചെയ്തു.

എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരെക്കുറിച്ചുള്ള ഇന്ത്യന്‍ ധാരണ ധോണിയെന്ന നീളന്‍മുടിക്കാരന്‍ പൊളിച്ചെഴുതിയപ്പോള്‍ പിന്നിലായിപ്പോയവരായിരുന്നു കാര്‍ത്തിക്കും പാര്‍ഥിവ് പട്ടേലുമെല്ലാം. 2007ലെ ലോക ട്വന്റി-20യിൽ കാര്‍ത്തിക്ക് അടങ്ങിയ ടീമിനെ ധോണി ചാംപ്യന്മാരാക്കുക കൂടി ചെയ്തതോടെ ഡികെ രണ്ടാം നിരയിലേക്ക് വീണു. ഇതിനിടെ കരിയറില്‍ പലപ്പോഴും ധോണിയുടെ പകരക്കരാനായും സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായുമെല്ലാം കാര്‍ത്തിക്ക് ടീമില്‍ വന്നും പോയുമിരുന്നു. ഐപിഎല്ലില്‍ പലപ്പോഴും കോടികളുടെ കിലുക്കമുണ്ടാക്കിയ കളിക്കാരനായി. എന്നിട്ടും ധോണി, കോലി യുഗങ്ങള്‍ക്കെല്ലാം മുമ്പ് ഇന്ത്യയുടെ ഭാവി നായകനെന്ന് സാക്ഷാല്‍ ഗ്രെഗ് ചാപ്പല്‍ വിശേഷിപ്പിച്ച കാര്‍ത്തിക്കിന് ടീമില്‍ സ്ഥിരമായൊരു സ്ഥാനം പലപ്പോഴും അന്യമായി. ലഭിച്ച അവസരങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടും വിക്കറ്റിന് പിന്നില്‍ ധോണിയെപ്പോലെ ചിന്തിക്കുന്ന കീപ്പറും ക്യാപ്റ്റനുള്ളപ്പോള്‍ വിക്കറ്റ് കീപ്പറായി മാത്രം കാര്‍ത്തിക്കിന് ടീമിലിടം ലഭിച്ചില്ല.

ബാറ്റിംഗ് പ്രതിഭകളുടെ കുത്തൊഴുക്കുള്ള രാജ്യത്ത് ബാറ്റ്സ്മാനായി മാത്രം കാര്‍ത്തിക്ക് പലപ്പോഴും ടീമിലെത്തിയെന്നതുതന്നെ പ്രതിഭയുടെ അടയാളമായിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയെക്കാള്‍ അക്രോബാറ്റിക് ആണ് കാര്‍ത്തിക്. എന്നാല്‍ ധോണിയോളം പിഴവുറ്റ വിക്കറ്റ് കീപ്പറല്ല. പലപ്പോഴും അസാധ്യ ക്യാച്ചുകള്‍ കൈയിലൊതുക്കി ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള കാര്‍ത്തിക്ക് അനായാസ സ്റ്റംപിംഗ് അവസരങ്ങള്‍പോലും നഷ്ടമാക്കി ആശ്ചര്യപ്പെടുത്തിയിട്ടുമുണ്ട്. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും പ്രതിഭാസമായി മാറിയ ധോണിയുടെ സാന്നിധ്യം തന്നെയാണ് ടീമിലെ സ്ഥിരം സാന്നിധ്യമാവാനുള്ള പോരാട്ടത്തില്‍ കാര്‍ത്തിക്കിന് തിരിച്ചടിയായത്.

കാത്തിരിക്കണം, റിഷഭ് പന്തും സഞ്ജുവും

Will Dinesh Karthik replace Dhoni  behind wicketനിദാഹാസ് ട്രോഫി ടൂര്‍ണമെന്റില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ അയക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചപ്പോള്‍ കാര്‍ത്തിക്കിനൊപ്പം നറുക്കുവീണത് റിഷഭ് പന്തിനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ടുക്കാരനായ പന്ത് തന്നെ വിക്കറ്റിന് പിന്നില്‍ ധോണിയുടെ പിന്‍ഗാമിയാകുമെന്ന് ആരാധകരും ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും പന്ത് നിരാശപ്പെടുത്തിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള ഒരുപിടി താരങ്ങള്‍ക്കുള്ള സാധ്യതകളും തുറന്നിരുന്നു.

ബംഗ്ലാദേശിനെതിരെ കാര്‍ത്തിക്ക് പുറത്തെടുത്ത കട്ട ഹീറോയിസത്തോടെ ഒരുകാര്യം ഉറപ്പായി. അടുത്ത ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് കരുതുന്ന ധോണിക്ക് പിന്‍ഗാമിയായി സെലക്ടര്‍മാര്‍ തല്‍ക്കാലത്തേക്കെങ്കിലും ഇനി കാര്‍ത്തിക്കിനെ പരിഗണിക്കും. കുറഞ്ഞത് മൂന്ന് വര്‍ഷം കൂടി കാര്‍ത്തിക്ക് സെലക്ടര്‍മാരുടെ വിളിപ്പുറത്തുണ്ടാവും. സഞ്ജുവും പന്തും അടക്കമുള്ള യുവതാരങ്ങള്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം.

ലോകകപ്പ് ടീമില്‍ ധോണിയോ കാര്‍ത്തിക്കോ

Will Dinesh Karthik replace Dhoni  behind wicket2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ഇനി ഒരുവര്‍ഷം കൂടിയേ ബാക്കിയുള്ളു. ബാറ്റ്സ്മാനെന്ന നിലയില്‍ ധോണി പ്രതാപകാലത്തിന് അടുത്തൊന്നുമല്ലെങ്കിലും അദ്ദേഹം ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഏതാണ്ടുറപ്പാണ്. അതിനുള്ള പ്രധാന കാരണം വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയുടെ മികവിനെ വെല്ലാനൊരു താരം ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലില്ല എന്നതുതന്നെയാണ്. ധോണിയുടെ പരിചയസമ്പത്തും വിക്കറ്റിന് പിന്നില്‍ നിന്ന് അദ്ദേഹം മെനയുന്ന തന്ത്രങ്ങളും ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.അല്ലെങ്കില്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതുപോലെ ധോണി അപ്രതീക്ഷിതമായൊരു തീരുമാനമെടുക്കണം. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിരളമാണ്.

അതുകൊണ്ടുതന്നെ ധോണിയുടെ പകരക്കാരനായി കാര്‍ത്തിക്കിനെ ലോകകപ്പ് ടീമിലെടുക്കുക എന്ന സാഹസത്തിന് സെലക്ടര്‍മാരോ ക്യാപ്റ്റന്‍ വിരാട് കോലിയോ മുതിരില്ലെന്നും ഉറപ്പാണ്.

ഒഴിഞ്ഞു കിടക്കുന്ന നാലാം നമ്പര്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കസേരകളി നടക്കുന്നത് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനിലേക്കാണ്. രഹാനെ, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ഹര്‍ദ്ദീക് പാണ്ഡ്യ തുടങ്ങിയവരെയെല്ലാം പരീക്ഷിച്ചെങ്കിലും ആരും അവിടെ ഇരിപ്പുറപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നാലാം നമ്പറിലേക്ക് ഇനി കാര്‍ത്തിക്കിന്റെ പേരും കോലിക്ക് ധൈര്യമായി പരിഗണിക്കാം.ഒപ്പം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റ നായകനെന്ന നിലയില്‍ കാര്‍ത്തിക്ക് പുറത്തെടുക്കുന്ന മികവും ഇനിയുള്ള കരിയറില്‍ നിര്‍ണായാകമാകും. നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഐപിഎല്ലിലും തിളങ്ങാനായാല്‍ കാര്‍ത്തിക്കിന്റെ കരിയര്‍ അവസാന പന്തിലെ സിക്സര്‍ പോലെ വീണ്ടും ഉയര്‍ന്നു പൊങ്ങും.

Follow Us:
Download App:
  • android
  • ios