Asianet News MalayalamAsianet News Malayalam

അശ്വിന്റെ റെക്കോര്‍ഡും തകര്‍ത്ത് പാക്കിസ്ഥാന്റെ യാസിര്‍ ഷാ

Yasir Shah becomes joint second fastest to 100 Test wickets
Author
Dubai, First Published Oct 17, 2016, 4:33 AM IST

ദുബായ്: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ 100 വിക്കറ്റ് തികയ്ക്കുന്ന പാകിസ്ഥാൻ താരമെന്ന നേട്ടം ലെഗ് സ്‌പിന്നർ യാസിർ ഷായ്ക്ക്. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് യാസിർ ഷായുടെ നേട്ടം. 19 ടെസ്റ്റിൽ 100 വിക്കറ്റെടുത്ത സയീദ് അജ്മലിന്റെ റെക്കോർഡാണ് യാസിർ മറികടന്നത്.

പതിനേഴാം ടെസ്റ്റിലാണ് യാസിർ 100 വിക്കറ്റ് തികച്ചത്. 16 ടെസ്റ്റുകളിൽ 100 വിക്കറ്റ് തികച്ച ഇംഗ്ലണ്ടിന്റെ ജോർജ് ലോമാൻ മാത്രമേ യാസിർ ഷായ്ക്ക് മുന്നിലുള്ളൂ. 140 വർഷം മുൻപായിരുന്നു ലോമാൻ 100 വിക്കറ്റ് തികച്ചത്. യാസിർ ഷായ്ക്കൊപ്പം ഓസ്ട്രേലിയയുടെ ചാർളി ടേർണറും ക്ലാരി ഗിമ്മർട്ടും ഇംഗ്ലണ്ടിന്റെ സിഡ്നി ബാൺസും 17 ടെസ്റ്റുകളിൽ 100 വിക്കറ്റ് നേടിയിട്ടുണ്ട്.  

ഏഷ്യയില്‍ നിന്ന് ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ബൗളര്‍ കൂടിയാണ് യാസിര്‍ ഷാ. 18 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ചിട്ടുള്ള ഇന്ത്യയുടെ ആര്‍ അശ്വിന്റെ റെക്കോര്‍ഡാണ് യാസിര്‍ ഷാ മറികടന്നത്. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 121 റണ്‍സ് വഴങ്ങി യാസിര്‍ ഷാ അഞ്ചു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മത്സരത്തിന് മുമ്പ് തന്റെ റെക്കോര്‍ഡ് യാസിര്‍ ഷാ തകര്‍ക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് അശ്വിന്‍ ട്വീറ്റ് ചെയ്തിരുന്നു. 2014ലായിരുന്ന 30 കാരനായ യാസിർ ഷായുടെ ടെസ്റ്റ് അരങ്ങേറ്റം.

Follow Us:
Download App:
  • android
  • ios