Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ 15 ലക്ഷം പേര്‍ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്ന് ഗൂഗിള്‍

15 lakhs indians using high-speed wi-fi at railways stations says google
Author
First Published Jun 21, 2016, 7:00 AM IST

ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്ന അതിവേഗ വൈ-ഫൈ കണക്ഷന് വലിയ സ്വീകാര്യതയാണുള്ളതെന്ന് ഗൂഗിള്‍. ഇന്ത്യയില്‍ പതിനഞ്ച് ലക്ഷത്തോളം പേര്‍ റെയില്‍വേസ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായാണ് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ പറയുന്നത്. ലോക വൈ-ഫൈ ദിനത്തിലാണ് ഇന്ത്യയില്‍ റെയില്‍ടെലുമായി ചേര്‍ന്ന് വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്‌ച ഉത്തര്‍പ്രദേശിലെ നാലു പ്രധാന സ്റ്റേഷനുകളിലും ഗൂഗിള്‍ വൈ-ഫൈ ലഭ്യമായി തുടങ്ങി. ലക്‌നൗ ജംഗ്ഷന്‍, ലക്‌നൗ സിറ്റി, ഗോരഖ്പുര്‍, സീല്‍ഡാ എന്നിവടങ്ങളിലാണ് വൈ-ഫൈ സേവനം ലഭ്യമാക്കിയത്. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ഈ പദ്ധതി തുടങ്ങിയത്. മുംബൈയില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഒരുലക്ഷത്തിലധികം പേര്‍ വൈ-ഫൈ സംവിധാനം ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ ഏറ്റവുമധികം ഡേറ്റ ഉപഭോഗം നടക്കുന്നതിന്റെ റെക്കോര്‍ഡ് മുംബൈയെ മറികടന്ന് ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനാണ് സ്വന്തമാക്കിയത്. പാട്‌ന, ജയ്‌പുര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലും വലിയ സ്വീകാര്യതയാണ് ഗൂഗിളിന്റെ വൈ-ഫൈ സേവനത്തിന് ലഭ്യമാകുന്നത്. കൂടുതല്‍ പേരും ഓണ്‍ലൈനായി ജോലിക്ക് അപേക്ഷിക്കാനും വാര്‍ത്തകള്‍ അറിയുന്നതിനുമാണ് വൈ-ഫൈ സേവനം ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ വക്താവ് പറയുന്നു. പരീക്ഷാ ഫലം, വിദ്യാഭ്യാസം എന്നിവ നോക്കുന്നതിനും, സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും മൊബൈല്‍ ആപ്പുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും ഗൂഗിളിന്റെ വൈ-ഫൈ സേവനം ഉപയോഗിക്കുന്നവരും കുറവല്ല.