Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സൈബർ ആക്രമണം

Again Cyber Attack in India and Europe
Author
First Published Jun 28, 2017, 10:42 AM IST

മുംബൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സൈബർ ആക്രമണം. ഇന്ത്യയുടെ ഏറ്റവും വലിയ ചരക്കു തുറമുഖമായ മുംബൈ ജവഹർലാൽ നെഹ്​റു തുറമുഖ​ത്താണ്(ജെ.എൻ.പി.ടി) റാൻസംവെയർ ആക്രമണം. വാനാക്രൈയുടെ മാതൃകയിലുള്ള മറ്റൊരു റാൻസംവെയറായ പെട്യയാണ്​(Petya) കമ്പ്യൂട്ടറുകളെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പ്യൂട്ടർ സംവിധാനങ്ങൾ തകരാറിലായതോടെ മൂന്നു ടെർമിനലുകളിലൊന്നിൽ ചരക്കു ഗതാഗതം നിലച്ചു. പ്രശ്​നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു വരികയാണ്​​. ചരക്കു നീക്കം നിലച്ചതോടെ തുറമുഖത്ത്​ കൂടുതൽ കപ്പലുകൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കുന്നുണ്ട്​ എന്ന്​ അധികൃതർ അറിയിച്ചു.  

ജെ.എൻ.പി.ടിയിലെ ഗേറ്റ്‌വേ ടെര്‍മിനല്‍സ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന എ.പി മൊള്ളര്‍-മീര്‍സ്‌ക് എന്ന ആഗോള കമ്പനിക്കു നേരെ കഴിഞ്ഞ ദിവസം റാന്‍സംവേര്‍ ആക്രമണം നടന്നിരുന്നു. കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ജി.ടി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. എ.പി മൊള്ളര്‍-മീര്‍സ്‌കി​​െൻറ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിലുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളെ വൈറസ് ബാധ തകരാറിലാക്കിയിരിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

യൂറോപ്പിനെയും സൈബർ ആക്രമണം വീണ്ടും ഞെട്ടിച്ചു. റഷ്യ, ബ്രിട്ടൻ, യുക്രൈൻ എന്നീ രാജ്യങ്ങളെയാണ് റാൻസംവെയർ ആക്രമണം ബാധിച്ചത്. റഷ്യയിലെ എണ്ണ കമ്പനികളുടെ സെർവറുകളെ റാൻസംവെയർ ബാധിച്ചു. സൈബർ ആക്രമണം യുക്രൈയിന്റെ സർക്കാർ ഇന്റർനെറ്റ് ശൃംഖലയെ താറുമാറാക്കി. വിവിധ അന്താരാഷ്ട്ര പരസ്യ കമ്പനികളേയും റാൻസംവെയർ ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെയുണ്ടായ വാണാക്രൈ വൈറസിന്റെ പരിഷ്‍കൃത രൂപമാണ് പുതിയ ആക്രമണത്തിന് പിന്നിലെന്നാണ് സൈബർ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios