Asianet News MalayalamAsianet News Malayalam

ലോകത്തിന് മുഴുവന്‍ ആശങ്കയായി ചൈനീസ് ബഹിരാകാശ നിലയം

Chinese space station will crash to Earth within months
Author
First Published Oct 15, 2017, 12:40 PM IST

ബിയജിംഗ്: ചൈന ആറുവര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച ടിയാൻഗോങ്  സ്പൈസ് സ്റ്റേഷന്‍ തകര്‍ച്ചയുടെ വക്കില്‍. പ്രവർത്തനം നിലച്ചതിനെത്തുടർന്ന് ടിയാൻ ഗോങ് ബഹിരാകാശ നിലയമാണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. എന്നാൽ ഇതിന്‍റെ പതനം എവിടെയായിരിക്കും എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എത്ര കിലോ അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് വീഴുമെന്നതിലും ചൈനീസ് വിദഗ്ധര്‍ ഉറപ്പൊന്നും നല്‍രുന്നില്ല. 

ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകൾ മുൻപു മാത്രമായിരിക്കും വിവരം ലഭിക്കുക എന്നാണ് സൂചന. ഒക്ടോബർ മുതൽ അടുത്ത വർഷം ഏപ്രിൽ വരെ ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാൻഗോങ് നിലയത്തിന്‍റെ ഭ്രമണമെന്നും, വിവിധ രാജ്യങ്ങളിലെ ജനങ്ങൾ കരുതലോടെയിരിക്കണമെന്നും ചൈന മുന്നറിയിപ്പു നൽകി. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചൈന നിര്‍മ്മിച്ച സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 

ഇതിന്‍റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി. പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 

2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്‍റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിർ സ്റ്റേഷൻ പോലൊന്നു ചൈന യാഥാർഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ‌ ഏക പരീക്ഷണ കേന്ദ്രം ടിയാൻഗോങ് ആയിമാറുമെന്നും കരുതിയിരുന്നു. 
അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി. പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. 

നിലയത്തിന്‍റെ ഭൂഭ്രമണപഥത്തിൽ നിന്ന് ഭൂമിയില്‍നിന്നുള്ള അകലം കുറഞ്ഞു വരികയാണ്. നിലവിൽ അത് 300 കി.മീ താഴെയാണെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിൽ 2017 ഒക്ടോബറിനും 2018 ഏപ്രിലിനും ഇടയിൽ എപ്പോൾ വേണമെങ്കിലും ഭൂമിയിലേക്ക് ഈ കൂറ്റന്‍ ബഹിരാകാശ നിലയം പതിച്ചേക്കാം.  2016 സെപ്റ്റംബറിൽത്തന്നെ ഈ വാർത്ത വന്നിരുന്നെങ്കിലും ബഹിരാകാശ നിലയത്തിന്‍ഖെ യാത്ര എങ്ങോട്ടേക്കാണെന്നും എവിടെയാണു വീഴുന്നതെന്ന് മനസിലാകില്ലെന്നുമുള്ള ചൈനയുടെ ഏറ്റുപറച്ചിലാണ് ആശങ്ക കൂട്ടിയിരിക്കുന്നത്. 

വരും ആഴ്ചകളിൽ ഭൂമിയിലേക്കുള്ള വരവിന്‍റെ വേഗം കൂടുമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു. വർഷങ്ങൾക്കു മുൻപ് 1979ൽ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം ‘സ്കൈലാബ്’ വീഴാനൊരുങ്ങിയപ്പോഴുണ്ടായ അതേ ആശങ്കയാണ് ഇനി വരാനിരിക്കുന്നത്. 77,111 കിലോഗ്രാം ഭാരമുള്ള സ്കൈലാബ് എവിടെ വീഴുമെന്ന് അവസാന നിമിഷം വരെ ആർക്കും അറിയില്ലായിരുന്നു. ഭൂമിയിലേക്ക് സ്കൈലാബ് പതിക്കാനൊരുങ്ങിയ 1979 ജൂലൈ 11ന് കേരളത്തില്‍ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും അവധി നൽകി. അടിയന്തര നടപടികളെടുക്കാൻ പൊലീസും അഗ്നിമശമനസേനയും ആശുപത്രികളും ഒരുങ്ങി നിന്നിരുന്നു.

Follow Us:
Download App:
  • android
  • ios