Asianet News MalayalamAsianet News Malayalam

പരീക്ഷണം പരാജയം; ആ ശ്രമം ഉപേക്ഷിച്ച് ഫേസ്ബു​ക്ക്

  • ആറ് രാജ്യങ്ങളില്‍ പരീക്ഷണം പരാജയം
  • ന്യൂസ് ഫീഡ് മാറ്റാനുള്ള ശ്രമം ഫേസ്ബു​ക്ക് ഉപേക്ഷിക്കുന്നു
Facebook ends six country test that split News Feed in two

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക് തങ്ങളുടെ ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ട്.  സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ചിത്രങ്ങളും മറ്റ് അപ്‌ഡേറ്റുകള്‍ മാത്രമായി ഒരു ന്യൂസ് ഫീഡും ഉപയോക്താക്കള്‍ ലൈക്ക് ചെയ്യുന്ന പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമുള്ള പോസ്റ്റുകള്‍ക്കുമായി എക്‌സ്‌പ്ലോര്‍ ഫീഡ് എന്ന മറ്റൊരു വിഭാഗവും അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നാണ് ഫേസ്ബുക്ക് പിന്‍വാങ്ങിയത്.

സാധാരണമായി ഫേസ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫേസ്ബുക്ക് ഇത് പരീക്ഷണം നടത്തുകയും ചെയ്തു. എന്നാല്‍, ഇങ്ങനെ ഒരു വിഭജനം ഫെയ്‌സ്ബുക്കിനെ വിപരീതമായി ബാധിക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് കമ്പനി ഇത് വേണ്ടെന്ന് വെക്കുക്കുകയായിരുന്നവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പ‍ോര്‍ട്ട്. ഇങ്ങനെ ഒരു വിഭജനത്തില്‍ തങ്ങള്‍ സംതൃപ്തരല്ലെന്നും യഥാര്‍ത്ഥത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ന്യൂസ് ഫീഡ് വിഭജനം സഹായിക്കുന്നില്ലെന്നുമാണ് ജനങ്ങളുടെ അഭിപ്രായമെന്ന് ഫേസ്ബുക്ക് ന്യൂസ് ഫീഡ് തലവന്‍ ആദം മൊസ്സേരി പറഞ്ഞു. പുതിയ പരീക്ഷണം ആരംഭിച്ചതിന് ശേഷം മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ട്രാഫിക്കില്‍ പെട്ടെന്നുള്ള ഇടിവുണ്ടായി. പ്രധാനപ്പെട്ട വിവരങ്ങള്‍ അറിയുന്നതില്‍ ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും മോസ്സേരി പറയുന്നു. 

ന്യൂസ്ഫീഡില്‍ ഉപയോക്താക്കളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കി അടിമുടി മാറ്റം ഉണ്ടാക്കുമെന്ന ഫേസ്ബുക്കിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. ആഗോളതലത്തില്‍ ഒട്ടുമിക്ക മാധ്യമ വെബ്‌സൈറ്റുകളിലേയ്ക്കും വായനക്കാരെ ഉണ്ടാക്കുന്നത് ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴിയാണ്. ഉപയോക്താക്കളുടെ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ തെളിയാറുള്ള മാധ്യമ വാര്‍ത്തകളുടെ പോസ്റ്റുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. പകരം അവയെ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലാത്ത മറ്റൊരു വിന്‍ഡോയിലേക്ക് മാറ്റുകയും ചെയ്തു. ഇതുവഴി മാധ്യമങ്ങള്‍ക്ക് വായനക്കാരുടെ എണ്ണത്തില്‍ 60 ശതമാനം മുതല്‍ 80 ശതമാനം ഇടിവാണ്  ഉണ്ടായത്. 


 
 

Follow Us:
Download App:
  • android
  • ios