Asianet News MalayalamAsianet News Malayalam

വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില: മെസഞ്ചര്‍ കിഡ്സ് മുന്നോട്ട്

Facebook isnt backing off Messenger for kids despite critics
Author
First Published Feb 19, 2018, 6:22 PM IST

സിലിക്കണ്‍വാലി:  കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മെസഞ്ചര്‍ കിഡ്സ് ആപ്ലിക്കേഷനുമായി ഫേസ്ബുക്ക് മുന്നോട്ട് തന്നെ. ഡിസംബറിലാണ് ഫെയ്സ്ബുക്ക് മെസഞ്ചര്‍ കിഡ്സ് ആപ്ലിക്കേഷന്‍റെ ഐഓഎസ് പതിപ്പ് അവതരിപ്പിച്ചത്. ജനുവരിയില്‍ ആമസോണ്‍ ഉപകരണങ്ങളിലും ആപ്ലിക്കേഷനെത്തി. ബുധനാഴ്ചയാണ് ആന്‍ഡ്രോയിഡില്‍ ആപ്പ് എത്തിയത്.

പുറത്തിറക്കുന്നതിന് മുമ്പ് മെസഞ്ചര്‍ കിഡ്സ് ആപ്പ് രൂപകല്‍പനയ്ക്ക് വേണ്ടി നിര്‍ദേശകര്‍, വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, കുടുംബങ്ങള്‍ എന്നിവരടങ്ങുന്ന ഒരു സംഘത്തിന്റെ സഹായം ഫെയ്സ്ബുക്ക് തേടിയിരുന്നു. എന്നാല്‍ കമ്പനിയുമായി സാമ്പത്തിക ഇടപാടുകളുള്ളവരും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഇക്കാര്യം സ്ഥിരീകരിച്ച കമ്പനി തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള രഹസ്യ ഇടപാടുകളും ഈ ആളുകളുമായും സംഘങ്ങളുമായും ഇല്ലെന്നും വ്യക്തമാക്കി. പരിപാടികള്‍ നടപ്പിലാക്കുന്നതിനും ഗതാഗത ആവശ്യങ്ങള്‍ക്കുമായാണ് ഈ സംഘടനകള്‍ക്ക് തങ്ങള്‍ സംഭാവനയായി പണം നല്‍കുന്നതെന്ന് കമ്പനി പറയുന്നു. എങ്കിലും അവര്‍ ആരെല്ലാമാണെന്ന് കമ്പനി വ്യക്തമാക്കിയില്ല.

ആപ്ലിക്കേഷന്റെ നിയന്ത്രണം മാതാപിതാക്കളുടെ പക്കലായിരിക്കുമെന്ന് ഫെയ്സ്ബുക്ക് വാദിക്കുന്നുണ്ടെങ്കിലും ഈ ആപ്ലിക്കേഷന്‍ കുട്ടികളെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന്റെ അപകടങ്ങളിലേക്ക് വഴിനടത്തുമെന്നും ഫെയ്സ്ബുക്കിന് അടിമപ്പെടുമെന്നുമാണ് വിമര്‍ശകരുടെ പക്ഷം. ഇത്തരം ആപ്ലിക്കേഷനുകളില്‍ കുട്ടികള്‍ക്ക് ഇടം നല്‍കരുതെന്നും അവര്‍ വാദിക്കുന്നു.

നേരത്തെ ഒരുകൂട്ടം ആരോഗ്യ വിദഗ്ദര്‍ ചേര്‍ന്ന് മെസഞ്ചര്‍ കിഡ്സ് പദ്ധതിയില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യ കമ്പനി പരിഗണിച്ചില്ല. 

Follow Us:
Download App:
  • android
  • ios