Asianet News MalayalamAsianet News Malayalam

ഡ്രോണ്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം: കരട് ചട്ടങ്ങള്‍ പുറത്തിറക്കി

Govt issues draft rules for using drones in India
Author
First Published Nov 2, 2017, 10:54 AM IST

ദില്ലി: ഡ്രോണ്‍ വിമാനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കരട് ചട്ടങ്ങള്‍ രൂപീകരിച്ചു. രാജ്യത്ത് ഡ്രോണിന്‍റെ വ്യാവസായിക ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്‍റ്സ് എന്ന പേരിലാണ് ഡ്രോണ്‍ വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് വ്യോമയാന മന്ത്രാലയം കരട് ചട്ടം രൂപപ്പെടുത്തിയത്. വഹിക്കാവുന്ന ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ നാനോ, മൈക്രോ, മിനി, സ്മോള്‍, ലാര്‍ജ് എന്നിങ്ങനെ ഡ്രോണുകളെ തരംതിരിച്ചിട്ടുണ്ട്. 250 ഗ്രാം മുതല്‍ 150 കിലോ വരെ ഭാരമുള്ളവയെയാണ് ചട്ടത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. നാനോ കാറ്റഗറിയിലുള്‍പ്പെട്ടതും സുരക്ഷാ ഏജന്‍സികള്‍ ഉപയോഗിക്കുന്നതും ഒഴിച്ചുള്ള ഡ്രോണുകളെല്ലാം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രോണുകളുടെ വര്‍ധിച്ച വ്യാവസായിക ഉപയോഗം കണക്കിലെടുത്താണ് കരട് ചട്ടം തയ്യാറാക്കിയിരിക്കുന്നത്.

എല്ലാ ഡ്രോണുകളും 200 അടിക്ക് താഴെ ഉയരത്തില്‍ പകല്‍ സമയത്ത് മാത്രമേ പറക്കാനനുവദിക്കൂ. വിമാനത്താവളം, ജനസാന്ദ്രത കൂടിയതും അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നതുമായ പ്രദേശങ്ങള്‍, കപ്പല്‍, വിമാനം, എന്നിവിടങ്ങളില്‍ ഡ്രോണ്‍ അനുവദിക്കില്ല. രാഷ്ട്രപതി ഭവന് 5 കിലോ മീറ്റര്‍ ചുറ്റളവിലും നിയന്ത്രണരേഖ ഉള്‍പ്പെടെയുള്ള രാജ്യാന്തര അതിര്‍ത്തികള്‍ക്ക് 50 കിലോമീറ്റര്‍ ചുറ്റളവിലും തീരദേശത്ത് നിന്ന് 500 മീറ്റര്‍ അകലെയും ഡ്രോണുകള്‍ക്ക് പറക്കാനാവില്ല. വ്യോമയാനമന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് ചട്ടങ്ങളില്‍ ഈ മാസം 30 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.  

Follow Us:
Download App:
  • android
  • ios