Asianet News MalayalamAsianet News Malayalam

മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ പേടിക്കേണ്ട

Govt wont cut mobile connections if not linked to Aadhaar DoT secretary
Author
First Published Nov 10, 2017, 12:20 PM IST

ദില്ലി: സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷനുകൾ വിഛേദിക്കില്ലെന്ന് കേന്ദ്രസ‍ർക്കാർ. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള കേസുകളിൽ നവംബര്‍ അവസാനവാരം വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അടുത്ത ഫെബ്രുവരിക്ക് മുൻപ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ  മൊബൈൽ സേവനം റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

സുപ്രീം കോടതി വിധിക്ക് ശേഷമേ അധാറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദർ രാജൻ അറിയിച്ചു.വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സംവിധാനമൊരുക്കുമെന്നും ഇത് എങ്ങനെയെന്ന കാര്യത്തില്‍ ആലോചനകള്‍ നടക്കുകയാണെന്നും ടെലികോം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

വിരലടയാളമോ കണ്ണിന്റെ ചിത്രമോ പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കാതെ തന്നെ ഡിസംബര്‍ ഒന്നു മുതല്‍ മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനമുണ്ടാക്കും. വണ്‍ ടൈം പാസ്‍വേഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് എവിടെയിരുന്നും ആധാര്‍ ബന്ധിപ്പിക്കാനുള്ള സംവിധാനം യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി തയ്യാറാക്കും.

പുതിയ ടെലികോം നയം ഫെബ്രുവരിയില്‍ പുറത്തിറക്കാനും കേന്ദ്ര ടെലികോം മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കരട് നയം തയ്യാറാക്കും. തുടര്‍ന്ന് പൊതുജനാഭിപ്രായം സമാഹരിച്ച ശേഷമാവും അന്തിമനയം രൂപീകരിക്കുക.
 

Follow Us:
Download App:
  • android
  • ios