Asianet News MalayalamAsianet News Malayalam

മൊബൈല്‍ ഫോണിന് 44 വയസ്സ്

Mobile phone history
Author
First Published Apr 3, 2017, 6:52 AM IST

Mobile phone history

മൊബൈല്‍ ഫോണ്‍ പിറന്നു വീഴുമ്പോള്‍ അതിന്‍റെ പിതാവ് ഡോ മാര്‍ട്ടിന്‍ കൂപ്പറിന് നാല്‍പ്പത്തിനാല് വയസ്സാണ് പ്രായം. 1973 ഏപ്രില്‍ മൂന്നിനായിരുന്നു ആ ചരിത്രസംഭവം. അതായത്, വിയറ്റ്‌നാമില്‍ നിന്ന് അമേരിക്ക പിന്‍മാറിയ അതേവര്‍ഷം.  അക്കഥ ഇങ്ങനെ. അമേരിക്കയില്‍ മോട്ടോറോള കമ്പനിയുടെ സിസ്റ്റം ഡിവിഷന്റെ ജനറൽ മാനേജറായിരുന്നു മാര്‍ട്ടിന്‍ കൂപ്പര്‍.
ഏപ്രില്‍ 3ന് കൂപ്പര്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ നടക്കുന്നു. അദ്ദേഹത്തിന്റെ പക്കല്‍ ഒരു കൊച്ചുയന്ത്രമുണ്ട്. ഇന്നത്തെ മൊബൈലിന്റെ മൂലരൂപമായിരുന്നു അത്. പലരും അയാളെ അമ്പരപ്പോടെ നോക്കിക്കൊണ്ടിരുന്നു. ക്ഷണിച്ചു വരുത്തിയ മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ നോക്കിനില്‍ക്കെ അദ്ദേഹം ആ യന്ത്രത്തില്‍ ഡയല്‍ ചെയ്ത് ഒരു സുഹൃത്തിനെ വിളിച്ചു. മോട്ടോറോളയുടെ ബദ്ധശത്രു, ബിസിനസ് എതിരാളി ബെല്‍ ലാബ്‌സ് ഫോണ്‍ കമ്പനി തലവന്‍ ഡോ ജോയേല്‍ എസ് ഇന്‍ജെലിന്‍റെ ലാന്‍ഡ് ഫോണിലേക്കായിരുന്നു ആ വിളി.

"യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു വിജയശ്രീലാളിതനായ കൂപ്പറിന്‍റെ വാക്കുകള്‍. അതായിരുന്നു ലോകത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ സംഭാഷണം

മാധ്യമപ്രവര്‍ത്തകരെ ആ ഫോണില്‍ നിന്ന് വിളിക്കാനനുവദിച്ച കൂപ്പര്‍ താന്‍ നുണ പറയുന്നതല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. അന്നത്തെ ആദ്യ ഫോണ്‍വിളിയെപ്പറ്റി ഇന്ന് 88 വയസ്സുള്ള മാര്‍ട്ടിന്‍ കൂപ്പര്‍ ഓര്‍ക്കുന്നതിങ്ങനെ- "അന്ന് ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ പരിഷ്‌കാരികളായ ന്യൂയോര്‍ക്കു നിവാസികള്‍ പോലും എന്നില്‍ നിന്നും അകലം പാലിച്ച് കൗതുകത്തോടെ നോക്കുമായിരുന്നു. ഓരോ ഫോണ്‍വിളിയിലും എന്നെചുറ്റിപ്പറ്റി ആരെങ്കിലുമുണ്ടാകുമായിരുന്നു. കോഡ്‌ലെസ് ടെലിഫോണുകള്‍ പോലുമില്ലാതിരുന്ന അന്ന് എന്റെ കൈയിലെ ഫോണ്‍ ഒരു അത്ഭുത വസ്തു തന്നെയായിരുന്നു.. റോഡുകള്‍ മുറിച്ചു കടക്കുമ്പോള്‍ പോലും എന്റെ ചെവിയില്‍ ഫോണുണ്ടായിരുന്നു..."

Mobile phone history മാര്‍ട്ടിന്‍ കൂപ്പര്‍

മൊബൈല്‍ ഫോണ്‍ എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയിൽ ഒതുങ്ങിനിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാല്‍ ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (FCC )അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ ഐ ടി ആൻഡ്‌ ടി എന്ന കമ്പനി ഇക്കാലത്ത് പുതിയൊരു നിർദ്ദേശവുമായി എഫ്‍സിസിയെ സമീപിച്ചു. റേഡിയോ സ്പെക്ട്രം ആവൃത്തി കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ മൊബൈൽ ഫോൺ സംവിധാനം വിപുലപ്പെടുത്താമെന്നതായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ എഫ്‍സിസിയിലെ ഉദ്യോഗസ്ഥർക്ക് ഈ നൂതന സംവിധാനത്തെകുറിച്ച് പിടികിട്ടിയില്ല. അതിനാല്‍ ഐ ടി ആൻഡ്‌ ടി യുടെ ആവശ്യത്തിനു എഫ്‍സിസിയിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. 21 വർഷങ്ങൾക്ക് ശേഷം 1968- ൽ ഐ ടി ആൻഡ്‌ ടിയുടെ നിർദ്ദേശം എഫ്‍സിസി അംഗീകരിച്ചു. തുടർന്ന് ഐ ടി ആൻഡ്‌ ടിയും ബെൽ ലാബ്‌സും ചേർന്ന് ഒരു സെല്ലുലാർ സംവിധാനം നിർമ്മിച്ച് എഫ്‍സിസിക്ക് നൽകി.

Mobile phone history Mobile Evolution

ഇതോടെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതൽ പരീക്ഷണം നടത്താൻ തുടങ്ങി. ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമ്മിക്കാൻ ബെൽ ലാബ്‌സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരം തുടങ്ങുന്നത് ഇക്കാലത്താണ്. 1973 ൽ ഒരു കൈക്കുള്ളില്‍ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച ഉടന്‍ ബെല്‍ ലാബ്‍സ് മേധാവിയെ വിളിച്ച് മാര്‍ട്ടിന്‍ കൂപ്പര്‍ വിജയശ്രീലാളിതനായി സംസാരിച്ചത് വെറുതെയല്ല.  

ജെയിംസ് ബോണ്ട് തന്റെ വാഹനത്തിന് വെളിയില്‍ വെച്ച് ഫോണ്‍വിളിനടത്താമെന്ന് സ്വപ്‌നം പോലും കാണാത്ത കാലത്ത് സഞ്ചരിക്കുമ്പോള്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ കൂപ്പര്‍ പിന്നീട് മോട്ടോറോള മൊബൈല്‍ കമ്പനിയുടെ ജനറല്‍ മാനേജറായി ചുമതലയേറ്റു. എന്നാല്‍ പിന്നെയും പത്ത് വര്‍ഷം വേണ്ടി വന്നു മൊബൈല്‍ ഫോണിന്‍റെ വാണിജ്യരൂപം പുറത്തിറങ്ങാന്‍. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചതും മോട്ടറോള തന്നെയായിരുന്നു.  1983 ലാണ് ഈ ഫോണ്‍ വിപണിയിലിറങ്ങുന്നത്. ഡൈനാടാക് 8000എക്സ്(DynaTAC 8000x) എന്നായിരുന്നു ഈ ഫോണിന്‍റെ പേര്.

Mobile phone history Motorola Dyna TAC 8000X

2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു.  1990കളിലാണ് മൊബൈല്‍ തരംഗമായി തുടങ്ങുന്നത്. 1990ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ടായിരുന്നു. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം.

ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാമുമാണ്. 1995 ജൂലൈ 31നായിരുന്നു അത്.

ടെല്‍സ്ട്രയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ കമ്പനി. ഇപ്പോള്‍ സ്‌പൈസ് മൊബൈല്‍ എന്നാണ് ഈ കമ്പനിയുടെ പേര്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള കമ്പനിയായിരുന്നു ടെല്‍സ്ട്രയുടെ സാങ്കേതിക പാട്‍ണര്‍. കൊല്‍ക്കത്തയിലെ സെക്രട്ടറിയേറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ നിന്നാണ് ആദ്യ കോള്‍ ഡല്‍ഹിയിലേക്ക് പോയത്. അങ്ങനെ മൊബൈല്‍ നെറ്റ്വര്‍ക്ക് ആരംഭിച്ച ഇന്ത്യയിലെ ആദ്യ നഗരം കൊല്‍ക്കത്തയായി.

1996 സെപ്റ്റംബർ 17 നാണ് കേരളത്തിലേക്ക് ആദ്യ മൊബൈൽ കോൾ എത്തുന്നത്. ആദ്യമായി മൊബൈലില്‍ സംസാരിച്ച മലയാളി സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയാണ്.

കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്കോടെൽ. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ ആർ ടാൻഡനുമായി സംസാരിച്ചു കൊണ്ടായിരുന്നു  തകഴി എസ്കോടെലിന്റെ മൊബൈൽ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അതായിരുന്നു തുടക്കം. തുടർന്ന്, കഥാകാരി മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലിൽ സംസാരിച്ചു. ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായിരുന്നു എസ്കോടെൽ. അന്ന് ആദ്യ മൂന്നാഴ്ചയിൽ ആയിരത്തോളം മൊബൈൽ ഫോണുകളാണു ബുക്ക് ചെയ്യപ്പെട്ടത്.

Mobile phone history

ഈ നാല്‍പ്പത്തിനാലാം വയസിലും മൊബൈല്‍ ഫോണ്‍ വളരുകയാണ്. നാല് പതിറ്റാണ്ട് മുമ്പ് മാര്‍ട്ടിന്‍ കൂപ്പര്‍ നടന്നതുപോലെ എണ്ണിയാലൊടുങ്ങാത്ത സ്മാര്‍ട് ഫോണ്‍ വകഭേദങ്ങളും കൈയ്യിലൊതുക്കി ഇന്ന് കോടിക്കണക്കിനാളുകള്‍ ലോകത്തെ വിവിധ തെരുവുകളിലൂടെ തലങ്ങുംവിലങ്ങും നടക്കുന്നു. ഇപ്പോള്‍, ലോകത്തിലേറ്റവും ആളുകള്‍ നേരിട്ടു പ്രവര്‍ത്തിക്കുന്ന യന്ത്രസംവിധാനമാണ് മൊബൈല്‍ ഫോണ്‍. ലോകജനസംഖ്യയുടെ പകുതിയിലധികമായിരിക്കുന്നു മൊബൈല്‍ഫോണുകളുടെ എണ്ണം.

Mobile phone history

ടുജിയും ത്രീജിയും കടന്ന് ഫോര്‍ജിയില്‍ എത്തിയിരിക്കുന്നു. ഫൈവ് ജിക്ക് കാതോര്‍ത്തിരിക്കുന്നു. ആദ്യകാലത്ത് മോട്ടറോളയായിരുന്നു മൊബൈല്‍ വിപണിയിലെ രാജാക്കന്മാര്‍. പിന്നീട് നോക്കിയ അവതരിച്ചതോടെ മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവം തന്നെ നടന്നു. തുടര്‍ന്ന് സാംസങ്ങ് വിപണി കീഴടക്കി. പിന്നീട് സാംസങ്ങ് തകരുന്ന കാഴ്ചയും കണ്ടു. ഇപ്പോള്‍ സാംസങ്ങിനൊപ്പം ആപ്പിളും ഹുവായിയും ഓപ്പോയും ഷവോമിയുമൊക്കെ വിപണി പങ്കിട്ടെടുത്തിരിക്കുന്നു. അങ്ങനെ നാല്‍പ്പത്തിനാലാമത്തെ വയസിലും മൊബൈല്‍ ഫോണ്‍ വളരുകയാണ്.

Mobile phone history

 

Follow Us:
Download App:
  • android
  • ios