Asianet News MalayalamAsianet News Malayalam

ആപ്പ് ലോകത്തെ സൂപ്പര്‍ ഗേളായി അര്‍ഷിദാ ആറോറ

Saharanpur girl paid crypto app is one of Apple most popular
Author
First Published Feb 24, 2018, 2:27 PM IST

ദില്ലി:  ഒന്‍പതാം ക്ലാസില്‍ പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് സ്കൂള്‍ ഉപേക്ഷിച്ച പെണ്‍കുട്ടി ഇന്ന് ആപ്പുകളുടെ ലോകത്തെ ഏറ്റവും വിലയേറിയ ആപ്പ് ക്രിപ്റ്റോ കറന്‍സി ട്രാക്കര്‍ നിര്‍മ്മിച്ച് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഉത്തര്‍പ്രദേശിലെ സഹറാന്‍പൂറാണ് ഹര്‍ഷിദാ അറോറയുടെ നാട്. ഇന്ന് ആപ്പിള്‍ പേയ്ഡ് ആപ്പ് സ്റ്റോറിലെ ഏറ്റവും ശ്രദ്ധേയമായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പ് നിര്‍മ്മിച്ചത് ഈ പതിനാറുകാരിയാണ്. 32 രാജ്യങ്ങളിലെ ബിറ്റ്കോയിന്‍ പോലുള്ള 1,000 ത്തോളം ക്രിപ്റ്റോ കറന്‍സികളുടെ വിവരങ്ങളാണ് ഈ ആപ്പിന്‍റെ ഉള്ളടക്കം.

കഴിഞ്ഞ ജനുവരി 28നാണ് ഈ ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ എത്തിയത്. സഹറാന്‍പൂറിലെ പ്രദേശിക പണമിടപാടുകാരന്‍ രവീന്ദ്ര അറോറയുടെ മകളാണ് ഈ പെണ്‍കുട്ടി. പരമ്പരാഗതമായ വിദ്യാഭ്യാസ രീതികളോട് താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് പതിനാലാമത്തെ വയസില്‍ സ്കൂളില്‍ നിന്ന് പിന്‍വാങ്ങിയത്. എന്‍റെ അടിസ്ഥാന വിവരങ്ങള്‍ എല്ലാം കൃത്യമാണ്. എനിക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയോട് ബഹുമാനകുറവ് ഒന്നും ഇല്ല, പക്ഷെ അത് എനിക്ക് ശരിക്കും ഒരു സാധാരണ കോഴ്സ് പോലെയാണ്. അതാണ് അത് നിര്‍ത്താന്‍ കാരണം. 

എന്‍റെ കമ്പ്യൂട്ടര്‍ ടീച്ചറാണ് ടെക്നോളജിയുടെ ലോകം തുറന്നിട്ടത്. എന്‍റെ ലക്ഷ്യങ്ങള്‍ വേറെയാണ് അതിനാല്‍ തന്നെ ഈ രീതിയിലുള്ള വിദ്യാഭ്യാസം ഞാന്‍ ആഗ്രഹിച്ചില്ലെന്നും ഹര്‍ഷിത ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഹര്‍ഷിദാ വീട്ടില്‍ സ്വന്തം കരിക്കുലം ഉണ്ടാക്കി പഠനം തുടങ്ങി. ടെക്നോളജിക്കും, കമ്പ്യൂട്ടര്‍ സയന്‍സിനും പ്രാമുഖ്യം നല്‍കിയാണ് കരിക്കുലം.

2016 ലാണ് ക്രിപ്റ്റോ കറന്‍സിയെക്കുറിച്ച് ഹര്‍ഷിദ കേള്‍ക്കുന്നത്. തുടര്‍ന്ന് അത് സംബന്ധിച്ച് വിശദമായി പഠിച്ചു. ബിറ്റ്കോയിന്‍ മൈനിംഗിന്‍റെ അന്തര്‍ധാരകള്‍ പഠിച്ച ഹര്‍ഷിദ ഇപ്പോള്‍ വന്ന താരപരിവേഷത്തില്‍ സന്തോഷവതിയാണ്. 13മത്തെ വയസില്‍ തന്നെ ആപ്പിന്‍റെ ഡിസൈനിംഗ് സംബന്ധിച്ച് ഹര്‍ഷിദ പഠിക്കാന്‍ ആരംഭിച്ചിരുന്നു. അതിനായി താന്‍ ഐടി മാഗസിനുകള്‍ സ്ഥിരമായി വായിക്കുമായിരുന്നെന്ന് ഈ പെണ്‍കുട്ടി പറയുന്നു. ഇതിന് പുറമേ മസച്യൂസാറ്റ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എംഐടി ലോഞ്ച് പ്രോഗ്രാമില്‍ ഈ പതിനാറുകാരി മുന്‍പ് പങ്കെടുത്തിരുന്നു.

സ്കൂള്‍ തലത്തിലുള്ള സംരംഭകര്‍ക്കുള്ള ഈ പരിപാടി തനിക്ക് വലിയ മാറ്റം ഉണ്ടാക്കിയെന്ന് ഹര്‍ഷിദാ പറയുന്നു. ഈ പരിപാടിയിലാണ് തന്‍റെ ആപ്പ് നിര്‍മ്മാണത്തിന് സഹായിക്കാന്‍ കഴിയുന്ന വ്യക്തികളെ കണ്ടെത്തിയത്. ആര്‍ട്ടിഫിക്സ് നോളജ് എന്ന സ്ഥാപനമാണ് ഹര്‍ഷിദയ്ക്ക് ആപ്പ് നിര്‍മ്മിക്കാനുള്ള സാങ്കേതിക സഹായം നല്‍കിയത്. അടുത്ത ജൂണോടെ അമേരിക്കയിലേക്ക് പറക്കാന്‍ ഇരിക്കുകയാണ് ഹര്‍ഷിദ, ഇപ്പോള്‍ സ്നാപ് ഫുഡ് എന്ന ആപ്പിന്‍റെ നിര്‍മ്മാണത്തിലാണ് ഹര്‍ഷിദ. 

Follow Us:
Download App:
  • android
  • ios